4K ഡോൾബി അറ്റ്‌മോസിൽ വീണ്ടും ചിരിപ്പിക്കാൻ ‘കല്യാണരാമൻ’; റീ-റിലീസ് പോസ്റ്റർ പുറത്തുവിട്ടു

','

' ); } ?>

ജനപ്രിയ ചിത്രങ്ങൾ നൂതന സാങ്കേതിക മികവോടെ തിയേറ്ററുകളിലെത്തിക്കുന്ന പുതിയ തരംഗത്തിന് പിന്നാലെ, ദിലീപ് നായകനായ എക്കാലത്തെയും ഹിറ്റ് കോമഡി ചിത്രം ‘കല്യാണരാമൻ’ 4K അറ്റ്‌മോസിൽ വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രം റീ-റിലീസിന് ഒരുങ്ങുന്നുവെന്ന വിവരവും ഇതിന്റെ പോസ്റ്ററും ദിലീപിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടത്.

റീമാസ്റ്ററിംഗിലൂടെ അടുത്തിടെ വൻ വിജയം നേടിയ ‘ദേവദൂതൻ’, ‘ചോട്ടാ മുംബൈ’, ‘കിരീടം’ എന്നീ സിനിമകൾക്ക് ശേഷം ഹൈ സ്റ്റുഡിയോസാണ് ഈ ചിത്രത്തിന്റെയും അത്യാധുനിക ദൃശ്യ-ശബ്ദ മികവോടെയുള്ള 4K ഡോൾബി അറ്റ്‌മോസ് പതിപ്പ് തയ്യാറാക്കുന്നത്. 2002-ൽ ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമിച്ച് ഷാഫി സംവിധാനം ചെയ്ത ചിത്രം, 24 വർഷങ്ങൾക്ക് ശേഷമാണ് പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത് വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. ബെന്നി പി. നായരമ്പലത്തിന്റേതായിരുന്നു തിരക്കഥ.

ദിലീപിനൊപ്പം ഇന്നസെന്റും സലിം കുമാറും തകർത്തഭിനയിച്ച രാമൻകുട്ടി, പോഞ്ഞിക്കര, പ്യാരി എന്നീ കഥാപാത്രങ്ങളുടെ കൂട്ടുകെട്ട് തന്നെയാണ് റീ-റിലീസിലും പ്രധാന ആകർഷണം. കുഞ്ചാക്കോ ബോബൻ, നവ്യ നായർ, ജ്യോതിർമയി, ലാലു അലക്‌സ്, കൊച്ചുപ്രേമൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി തുടങ്ങി വലിയൊരു താരനിര അണിനിരന്ന ചിത്രത്തിന്റെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ബേണി- ഇഗ്‌നേഷ്യസ് ആണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതാണ് വരികൾ. പി. സുകുമാർ ഛായാഗ്രഹണവും ഹരിഹരപുത്രൻ എഡിറ്റിംഗും നിർവഹിച്ച ചിത്രത്തിന്റെ പി.ആർ.ഓ പി. ശിവപ്രസാദാണ്.