
സോഷ്യൽ മീഡിയയിൽ തരംഗമായ സ്വന്തം പ്രതികരണങ്ങളിലൂടെയും മാപ്പുപറച്ചിലുകളിലൂടെയും വീണ്ടും വാർത്തകളിൽ നിറയുകയാണ് ഇൻഫ്ലുവൻസറായ ദിയ കൃഷ്ണ. കേരളത്തെ അധിക്ഷേപിക്കുന്ന രീതിയിൽ ഉത്തരേന്ത്യൻ വ്ലോഗർ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ‘സാഡ് റിയാലിറ്റി’ എന്ന് കമന്റ് ചെയ്തതോടെയാണ് വിവാദങ്ങളുടെ തുടക്കം. വീഡിയോ പൂർണ്ണമായി കാണാതെ പറ്റിയ അബദ്ധമാണെന്ന് വ്യക്തമാക്കി ദിയ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, മാപ്പുപറച്ചിലിന് പിന്നാലെ നൽകിയ വിശദീകരണ വീഡിയോയും വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. കേരളത്തിലെ ഒരു കഫേയിൽ മുഹമ്മദലി ജിന്നയുടെ ചിത്രം കണ്ടതിനെക്കുറിച്ചാണ് താൻ പരാമർശിച്ചതെന്നും, തനിക്ക് എല്ലാ വിഭാഗങ്ങളിലുംപെട്ട സുഹൃത്തുക്കളും ആരാധകരുമുണ്ടെന്നുമുള്ള വാദങ്ങൾ സോഷ്യൽ മീഡിയയിൽ തിരിച്ചടിയായി. വിമർശനം ശക്തമായതോടെ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുന്നു എന്ന് പ്രഖ്യാപിച്ചെങ്കിലും മണിക്കൂറുകൾക്കകം ദിയ തിരിച്ചെത്തി വീണ്ടും മാപ്പപേക്ഷിച്ചു.
തുടർന്ന്, തന്റെ മാപ്പ് പോസ്റ്റിന് താഴെ വന്ന പ്രതികരണങ്ങൾക്ക് ദിയ നൽകിയ മറുപടികളാണ് പുതിയ തർക്കങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ബീഫ് കഴിക്കുമോ എന്നും പൊറോട്ടയും ബീഫും എന്നുമുള്ള കമന്റുകൾക്ക് ‘ഇല്ല, എനിക്ക് പോർക്കാണ് ഇഷ്ടം’, ‘ദോശയും പോർക്ക് ഫ്രൈയും’ എന്നിങ്ങനെ നൽകിയ മറുപടികളുടെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയാണ്. ദിയയുടെ ഇത്തരം പ്രതികരണങ്ങൾക്ക് പിന്നിൽ പ്രത്യേക രാഷ്ടീയ ചിന്താഗതിയാണെന്ന് ചൂണ്ടിക്കാട്ടി കടുത്ത വിമർശനമാണ് സൈബറിടങ്ങളിൽ ഉയരുന്നത്.
ഇതിനിടെ, വിവാദ വീഡിയോ നിർമ്മിച്ച വ്ലോഗറുടെ മുൻകാല പോസ്റ്റുകളിൽ ദിയ നൽകിയ ലൈക്കുകളും സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിട്ടുണ്ട്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കും, മതേതരത്വം ഭരണഘടനയിൽ നിന്ന് ഒഴിവാക്കും തുടങ്ങിയ തീവ്ര രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുന്ന പോസ്റ്റുകളിലെ ദിയയുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടി, മുൻപ് പറഞ്ഞ ‘അബദ്ധം പറ്റിയതാണ്’ എന്ന ന്യായീകരണം വെറും കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന് സോഷ്യൽ മീഡിയ നിരീക്ഷകർ വിമർശിക്കുന്നു.