“മുസ്ലിങ്ങളില്ലാത്ത പ്ലസ് ടുവും ഹൈദരാബാദും”; ഗിരീഷ് എ.ഡി. ചിത്രങ്ങൾക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ കുറിപ്പ്

','

' ); } ?>

ഗിരീഷ് എ.ഡി. ചിത്രങ്ങളിൽ മുസ്ലിം കഥാപാത്രങ്ങളുടെ അഭാവമുണ്ടെന്ന സോഷ്യൽ മീഡിയ കുറിപ്പ് വിവാദത്തിൽ. ‘തണ്ണീർമത്തൻ ദിനങ്ങൾ’ മുതൽ ഒടുവിലിറങ്ങി തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ വരെയുള്ള ചിത്രങ്ങളെ മുൻനിർത്തി പികെ നൗഫൽ പങ്കുവെച്ച കുറിപ്പാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്.

ഗിരീഷ് എ.ഡി.യുടെ ഹിറ്റ് സിനിമകളിൽ പ്രധാന കഥാപാത്രമായോ ഉപകഥാപാത്രമായോ വഴിപോക്കരായി പോലും മുസ്ലിം നാമധാരികൾ കടന്നുവരുന്നില്ലെന്നാണ് കുറിപ്പിലെ പ്രധാന വിമർശനം. പ്ലസ് ടു സ്കൂൾ പശ്ചാത്തലത്തിലും ഹൈദരാബാദ് നഗരത്തിലുമൊക്കെ കഥ പറയുമ്പോഴും 35 ശതമാനത്തോളം വരുന്ന ഒരു സമൂഹത്തെ പൂർണ്ണമായും ഒഴിവാക്കുന്നത് യാദൃശ്ചികമല്ലെന്നും, കഥാപാത്രങ്ങൾ കടന്നുവരാതിരിക്കാൻ അണിയറപ്രവർത്തകർ സൂക്ഷ്മത പുലർത്തുന്നുണ്ടെന്നും പോസ്റ്റിൽ ആരോപിക്കുന്നു. സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന്റെ സിനിമകൾക്കെതിരെ ഉയർന്ന പണ്ടത്തെ വിമർശനങ്ങളെയും ഐ.വി. ശശി, ജോഷി, പ്രിയദർശൻ എന്നിവരുടെ സിനിമകളിലെ മുസ്ലിം പ്രാതിനിധ്യത്തെയും ഉദാഹരിച്ചാണ് കുറിപ്പ് തയാറാക്കിയിരിക്കുന്നത്.

എന്നാൽ, കുറിപ്പിനെതിരെ ശക്തമായ പ്രതികരണങ്ങളുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സംവിധായകൻ തനിക്ക് പരിചയമുള്ളതും ജീവിച്ചു വളർന്നതുമായ അന്തരീക്ഷവും പരിസരവും കേന്ദ്രീകരിച്ചാണ് സിനിമകൾ നിർമ്മിക്കുന്നതെന്നും, അതിൽ തെറ്റുപറയാൻ കഴിയില്ലെന്നും സിനിമയെ ഇത്തരം ഇടുങ്ങിയ കാഴ്ചപ്പാടോടെ സമീപിക്കരുതെന്നും വിമർശകരെ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ മറുപടികൾ ഉയരുന്നുണ്ട്.

വിവാദമായി മാറിയ കുറിപ്പിന്റെ പൂർണരൂപം;

”മുസ്ലിം കഥാപാത്രങ്ങള്‍ എത്തി നോക്കാത്ത ഗിരീഷ് സിനിമകള്‍. പ്രമുഖ സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് വളരെ ചുരുക്കം സിനിമകള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ. അതില്‍ പലതും സാമൂഹിക-കലാപരമായ അംഗീകാരങ്ങള്‍ നേടിയവയുമാണ്.

ചാവക്കാട്ടുകാരനും പ്രവാസിയുമായ അദ്ദേഹം ജീവിച്ച പരിസരത്തില്‍ നിന്ന് സ്വാഭാവികമായി ഉരുത്തിരിഞ്ഞ കഥാപാത്രങ്ങളും ജീവിതാന്തരീക്ഷവുമായിരുന്നു അദ്ദേഹത്തിന്റെ സിനിമകളില്‍ മുസ്ലിം കേന്ദ്രീകൃത പശ്ചാത്തലമുള്ളവ.

പക്ഷേ രണ്ട് സിനിമകള്‍ കഴിയുമ്പോഴേക്കും കേരളത്തിലെ ‘മതേതര’ പത്രക്കാര്‍ അദ്ദേഹത്തോട് ചോദിച്ചത് ഇതായിരുന്നു:

”എന്തുകൊണ്ട് നിങ്ങള്‍ മുസ്ലിംകളെ മാത്രം ചിത്രീകരിക്കുന്നു?”

അതിന് അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു:

”നായര്‍ പശ്ചാത്തലത്തില്‍ സിനിമ നിര്‍മ്മിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണനോട് നിങ്ങള്‍ എന്തുകൊണ്ട് ഇതേ ചോദ്യം ചോദിക്കുന്നില്ല?”

ഇത്രയും ഓര്‍ത്തുവെച്ചുകൊണ്ട് ഇപ്പോള്‍ ജനപ്രിയ സംവിധായകന്‍ ഗിരീഷ് എ.ഡി.യുടെ സിനിമകള്‍ നോക്കൂ. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബ യൂണിറ്റ് വരെയുള്ള അദ്ദേഹത്തിന്റെ ജനപ്രിയ സിനിമകള്‍. പ്രധാന കഥാപാത്രങ്ങളായിട്ടോ, ഉപകഥാപാത്രങ്ങളായിട്ടോ, വഴിയില്‍ യാദൃശ്ചികമായി കടന്നുപോകുന്നവരായിട്ടോ പോലും ഒരു മുസ്ലിം നാമധാരി കടന്നു വരുന്നില്ല

മുസ്ലിംകള്‍ പഠിക്കാത്ത പ്ലസ് ടു സ്‌കൂള്‍

മുസ്ലിംകളില്ലാത്ത ഹൈദരാബാദ് നഗരം

മുസ്ലിംകളില്ലാത്ത കേരള ഗ്രാമങ്ങളും തൊഴിലിടങ്ങളും

പക്ഷെ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സംവിധായകരായ ഐ.വി. ശശിയുടെയും ജോഷിയുടെയും സിനിമകളില്‍ അങ്ങനെയല്ല.

അവരുടെ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളായോ ഉപകഥാപാത്രങ്ങളായോ മുസ്ലിംകള്‍ കൃത്യമായി സന്നിവേശിപ്പിക്കപ്പെടാറുണ്ട്. അവര്‍ക്കും സ്വന്തമായ കഥകളുണ്ടാകും, കേരളത്തിലെ ഏറ്റവും പ്രശസ്തമായ പല ഗാനങ്ങളും അങ്ങനെ രൂപപ്പെട്ടതാണ്. സംഘപരിവാറുകാരനായ പ്രിയന്റെ സിനിമകളില്‍ പരിഹാസ കഥാപാത്രങ്ങളായിട്ടെങ്കിലും മുസ്ലീങ്ങള്‍ കടന്നു വരാറുണ്ട്. എന്നാല്‍ ഗിരീഷിന്റെ സിനിമകളില്‍ യാദൃശ്ചികമായി ഒരു സഹകഥാപാത്രമായിട്ട് പോലും മുസ്ലിം നാമധാരികള്‍ കടന്നുവരുന്നില്ല.

അങ്ങനെ ഒരു സമൂഹം തന്നെ കേരളത്തിലില്ല എന്ന നിലക്കാണ് കഥാപരിസരവും കഥാസൃഷ്ടികളും. ഒരുപക്ഷേ ഗിരീഷ് ജീവിക്കുന്ന കേരളത്തില്‍ 35% വരുന്ന മുസ്ലിം സമൂഹത്തിന്റെ ജീവിതം കാണാനോ കേള്‍ക്കാനോ അവസരമില്ലാത്ത പ്രശ്‌നം അദ്ദേഹത്തിനുണ്ടായിരിക്കാം. ഇതെല്ലാം യാദൃശ്ചികമായി സംഭവിച്ചതാണോ എന്നറിയില്ല. പക്ഷേ തുടര്‍ച്ചയായി നാലഞ്ച് സിനിമകളില്‍ ഇതേ അഭാവം ആവര്‍ത്തിക്കപ്പെടുന്നുവെങ്കില്‍, അത് വെറും വ്യക്തിപരമായ അനുഭവത്തിന്റെ പരിധിയില്‍ ഒതുങ്ങുന്നില്ല. മുസ്ലിം നാമധാരികള്‍ കടന്നുവരാതിരിക്കാന്‍ ഉള്ള കൃത്യമായ സൂക്ഷ്മത അദ്ദേഹത്തിന്റെ സിനിമയിലെ അണിയറ ശില്‍പികള്‍ക്ക് ഉണ്ടെന്ന് തോന്നുന്നു.”