
ഫോർട്ട് കൊച്ചിയെക്കുറിച്ചുള്ള വിദ്വേഷ പരാമർശത്തിൽ ഇൻഫ്ലുവൻസർ അമൃത് സിങ് ഡാരനെയും അദ്ദേഹത്തെ പിന്തുണച്ച ദിയ കൃഷ്ണയെയും രൂക്ഷമായി വിമർശിച്ച് ഹൈബി ഈഡൻ എം.പി. കേരളത്തിനും അതിന്റെ സാംസ്കാരിക കൂട്ടായ്മയ്ക്കും എതിരെ വടക്കേന്ത്യൻ ലോബികൾ നടത്തുന്ന ആസൂത്രിത പ്രചാരണങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം ആരോപിച്ചു.
വർഗീയ പരാമർശത്തെ ദിയ കൃഷ്ണ പിന്തുണച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അത് അവർ സ്വന്തം വീട്ടിൽ നിന്ന് കണ്ടുപഠിച്ച സംസ്കാരവും ബി.ജെ.പി കുടുംബപശ്ചാത്തലത്തിൽ നിന്നുള്ള ചിന്താഗതികളുമാണെന്ന് എം.പി പ്രതികരിച്ചു. ബി.ജെ.പി നേതാക്കൾ അടക്കമുള്ളവർ കഴിക്കുന്ന ബീഫിന്റെ പേരിലും, ഒരു ആർട്ട് കഫേയിലെ ചിത്രത്തിന്റെ പേരിലും സമൂഹത്തിൽ വിദ്വേഷം പടർത്താനാണ് ശ്രമിക്കുന്നത്. 2015-ൽ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബോംബെ ഹൈക്കോടതി മ്യൂസിയത്തിലും ജിന്നയുടെ വലിയ ചിത്രമുണ്ടെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കലാകാരന്റെ സൃഷ്ടിയെയോ ചരിത്രരേഖകളെയോ അടിസ്ഥാനമാക്കി ഇത്തരം രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നത് ബാലിശമാണ്.
മതസൗഹാർദത്തിന്റെ പ്രതീകങ്ങളായ ഫോർട്ട് കൊച്ചിയെയും മട്ടാഞ്ചേരിയെയും ഇழிவுപെടുത്താനുള്ള നീക്കങ്ങൾക്കെതിരെ മലയാളി സമൂഹം ഒന്നടങ്കം പ്രതിരോധം തീർക്കണമെന്നും ഹൈബി ഈഡൻ ആഹ്വാനം ചെയ്തു. വിഷയത്തിൽ വിദ്വേഷ പ്രചാരണം നടത്തിയ വ്യക്തിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈബി ഈഡന്റെ വാക്കുകൾ
‘‘എല്ലാം വീട്ടില്‍ നിന്നും ആരംഭിക്കുന്നു എന്നാണല്ലോ. വീട്ടിൽ നിന്ന് പഠിക്കുന്ന സംസ്കാരവും വീട്ടിൽ കേട്ട് വളരുന്ന ചിന്തകളും ചിന്താധാരകളും ആയിരിക്കും അവരെ സ്വാധീനിച്ചിട്ടുള്ളത്. അത് അവരുടെ ആശയം പ്രചരിപ്പിക്കാൻ വേണ്ടി, സ്വാഭാവികമായും അവരൊരു ബിജെപി കുടുംബത്തില്‍ നിന്ന് വരുകയാണ്. അവരുടെ ആശയം അവര്‍ സംരക്ഷിച്ചോട്ടെ, അത് പ്രചരിപ്പിച്ചോട്ടെ. പക്ഷേ ഇത് കേരളത്തിനെതിരെയുള്ള വടക്കേ ഇന്ത്യന്‍ ലോബിയുടെ വലിയ ആക്രമണമാണ്. അത് നമ്മൾ മലയാളികൾ എതിർക്കണം. അതിനെതിരെ ശക്തമായി പ്രതിരോധം സൃഷ്ടിക്കണം.
ഞാൻ ഏതോ അഭിമുഖത്തില്‍ കണ്ടിരുന്നു, ശരിയാണോ എന്നറിയില്ല. അവരുടെ അനിയത്തിക്ക് ബീഫ് ഭയങ്കര ഇഷ്ടമാണെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. പല ആളുകളും ബിജെപിയുടെ സമുന്നതരായ നേതാക്കന്മാര് പോലും ബീഫിന് വേണ്ടി മരിക്കുന്ന ആളുകളാണ്. കേരളത്തിന്റെ പ്രത്യേകതരം സ്റ്റൈലില്‍ പാചകം ചെയ്ത് ബീഫ് വിളമ്പിയാൽ അത് രുചിച്ചാൽ ഒരുപക്ഷേ ഈ പറയുന്ന ആശങ്കകളും ആശയങ്ങളും എല്ലാം മാറുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
അവർ പറയുന്ന ജിന്നയുടെ രൂപം വച്ച സ്ഥാപനം ഒരു ആർട് കഫേയാണ്. 2015ൽ നരേന്ദ്ര മോദി ബോംബെ ഹൈക്കോടതിയുടെ മ്യൂസിയം ഉദ്ഘാടനം ചെയ്തിരുന്നു. ആ മ്യൂസിയത്തിലുള്ള ഏറ്റവും വലിയ ചിത്രം ജിന്നയുടേതാണ്. അദ്ദേഹത്തിന് അത് ഒഴിവാക്കാമായിരുന്നല്ലോ. ഒരു ആർട്ടിസ്റ്റിന്റെ ആർട്ടിസ്റ്റിക് വാല്യു, അല്ലെങ്കിൽ ചരിത്രത്തിന്റെ ഭാഗമായ രേഖകൾ അടങ്ങിയ ചിത്രങ്ങൾ ഒരു എക്സിബിഷനിൽ പ്രദർശിപ്പിക്കുക എന്നതിനെയൊക്കെ വിമർശിക്കുന്നത് ബാലിഷമായ കാര്യങ്ങളാണ്.’’–ഹൈബി ഈഡന്റെ വാക്കുകൾ.
അതേസമയം, അമൃത് സിങ് ഡാരന്റെ പരാമർശം കേരളത്തിന് എതിരായ വടക്കേന്ത്യൻ ലോബിയുടെ പ്രചാരണത്തിന്റെ ഭാഗമാണെന്നും ഫോർട്ടുകൊച്ചി മതസൗഹാർദത്തിന്റെ ഇടമാണെന്നും ഹൈബി ഈഡൻ പറഞ്ഞു. ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും വിവിധ സമുദായങ്ങൾ ഒന്നിച്ചുജീവിക്കുന്ന സാംസ്കാരിക സൗഹാർദ കേന്ദ്രങ്ങളാണ്. ബീഫിന്റെയും ജിന്നയുടെ ചിത്രത്തിന്റെയും പേരിൽ വിദ്വേഷം പടർത്താനുള്ള നീക്കത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഹൈബി വ്യക്തമാക്കി.