
നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ പുതിയ ഫിറ്റ്നസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കഠിനമായ വ്യായാമമുറകളിൽ ഏർപ്പെടുന്നതിന്റെ വീഡിയോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
‘ലോകം ഉണരുന്നതിന് മുൻപേ’ എന്ന അടിക്കുറിപ്പോടെയാണ് ബേസിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്രെയ്നറുടെ പാഡിലേക്ക് വേഗത്തിലും ശക്തമായും നിർത്താതെ കിക്ക് ചെയ്യുന്ന താരത്തിന്റെ മാസ് പ്രകടനം ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.
വീഡിയോ നിമിഷങ്ങൾക്കകം വൈറലായതോടെ രസകരമായ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ‘എന്റമ്മോ ഇത് എഐ ആണ് ഗൈസ്, എന്നെ വിശ്വസിക്കൂ’ എന്ന തരത്തിലുള്ള തമാശ കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. ബേസിലിന്റെ പുതിയ ലുക്ക് ഏതെങ്കിലും പുതിയ സിനിമയ്ക്കായുള്ള തയ്യാറെടുപ്പാണോ എന്ന ചർച്ചയിലാണ് ഇപ്പോൾ ആരാധകർ.