ഒരാളുടെ പ്രവർത്തിക്ക് കുടുംബം മുഴുവൻ ഉത്തരവാദിയാകുന്നതെങ്ങനെ; വിവാദങ്ങളിൽ പ്രതികരിച്ച് അഹാന കൃഷ്ണ

','

' ); } ?>

സഹോദരി ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കുടുംബത്തെ മുഴുവൻ വലിച്ചിഴയ്ക്കുന്നതിനെതിരെ നടി അഹാന കൃഷ്ണ. ഒരു കുടുംബമായതുകൊണ്ട് എല്ലാവർക്കും ഒരൊറ്റ അഭിപ്രായമേ ഉണ്ടാകൂ എന്നോ ഒരാളുടെ പ്രവൃത്തിക്ക് കുടുംബത്തിലുള്ളവരെല്ലാം ഉത്തരവാദികളാകണമെന്നോ അർത്ഥമില്ലെന്ന് അഹാന വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

സ്നേഹത്തോടെ ഒത്തൊരുമിച്ചു കഴിയുന്ന ആറംഗ കുടുംബമാണ് തങ്ങളുടേതെങ്കിലും, സ്വന്തമായ ചിന്തകളും നിലപാടുകളും അഭിപ്രായങ്ങളുമുള്ള ആറ് സ്വതന്ത്ര വ്യക്തികളാണ് എല്ലാവരുമെന്ന് അഹാന ചൂണ്ടിക്കാണിച്ചു. ഈ വ്യക്തിസ്വാതന്ത്ര്യം കുടുംബബന്ധത്തെയോ ഐക്യത്തെയോ ബാധിക്കുന്നില്ലെന്നും എന്തുസാഹചര്യമുണ്ടായാലും പരസ്പരം താങ്ങായി കൂടെയുണ്ടാകുമെന്നും അവർ പറഞ്ഞു.

പൊതുരംഗത്ത് നിൽക്കുന്നവരായതുകൊണ്ട് എല്ലാവരുടെയും അഭിപ്രായങ്ങൾ എല്ലാവർക്കും ഒരുപോലെ സ്വീകാര്യമാകണമെന്നില്ല. വിമർശനങ്ങളും അഭിപ്രായവ്യത്യാസങ്ങളും സ്വാഭാവികമാണെങ്കിലും, ഒരാളോടുള്ള പ്രശ്നത്തിന്റെ പേരിൽ കുടുംബത്തെ മുഴുവൻ ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണെന്ന് അഹാന ചോദിച്ചു. യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങളിലേക്ക് തന്റെ വിവാഹജീവിതം വലിച്ചിഴയ്ക്കപ്പെടുന്നത് വിചിത്രമാണെന്നും പുരോഗമനത്തെക്കുറിച്ച് സംസാരിക്കുന്നവർ പോലും ഇത്രമേൽ സ്വകാര്യമായ കാര്യങ്ങൾ ചർച്ചകളിലേക്ക് കൊണ്ടുവരുന്നത് അവരുടെ യഥാർഥ മനോഭാവമാണ് തുറന്നുകാട്ടുന്നതെന്നും അവർ വിമർശിച്ചു.

ആർക്കെങ്കിലും വിയോജിപ്പുണ്ടെങ്കിൽ അത് ആ വ്യക്തിയോട് നേരിട്ട് ചോദിക്കാമെന്നും, എന്നാൽ ഒരു കുടുംബപ്പേര് പങ്കിടുന്നു എന്നതുകൊണ്ടുമാത്രം മറ്റുള്ളവരെക്കൂടി അതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അഹാന കൂട്ടിച്ചേർത്തു.

അഹാനയുടെ വാക്കുകൾ;

“കുറേക്കാലമായി മനസ്സിൽ പറയണമെന്ന് കരുതിവെച്ച ഒരു കാര്യമാണിത്. ഞാൻ പറഞ്ഞതിലോ ചെയ്തതിലോ നിങ്ങൾക്ക് എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ, അത് എന്നോട് ചോദിക്കുക. എന്റെ അച്ഛൻ പറഞ്ഞ കാര്യമാണെങ്കിൽ, അച്ഛനോടാണ് ചോദിക്കേണ്ടത്. ഇനി അമ്മയോ സഹോദരിമാരോ പറഞ്ഞ കാര്യമാണെങ്കിൽ, അവരോടാണ് ചോദിക്കേണ്ടത്.

സ്നേഹത്തോടെ ഒത്തൊരുമിച്ചു കഴിയുന്ന ആറംഗ കുടുംബമാണ് ഞങ്ങളുടേത്. എന്നാൽ സ്വന്തമായ ചിന്തകളും നിലപാടുകളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമുള്ള ആറ് സ്വതന്ത്ര വ്യക്തികളാണ് ഞങ്ങൾ. ഒരു കുടുംബമായതുകൊണ്ട് ഞങ്ങൾക്കെല്ലാവർക്കും ഒരൊറ്റ അഭിപ്രായമേ ഉണ്ടാകൂ എന്നോ, ഒരാളുടെ വാക്കിനും പ്രവൃത്തിക്കും കുടുംബത്തിലുള്ളവരെല്ലാം ഒന്നാകെ ഉത്തരവാദികളാകണമെന്നോ അർഥമില്ല.

ഈ വ്യക്തിസ്വാതന്ത്ര്യം ഞങ്ങളുടെ കുടുംബബന്ധത്തെയോ ഐക്യത്തെയോ ഒട്ടും ബാധിക്കുന്നില്ല. എന്തുസാഹചര്യമുണ്ടായാലും, ഞങ്ങൾ എപ്പോഴും പരസ്പരം താങ്ങായും തണലായും ഒരുമിച്ചുണ്ടാകും. ഞങ്ങളെല്ലാവരും പൊതുരംഗത്ത് നിൽക്കുന്നവരാണ്. അതുകൊണ്ടുതന്നെ, ഞങ്ങളിലൊരാൾ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങൾ എല്ലാവരെയും ഒരുപോലെ ബോധിക്കണമെന്നില്ല. അത് തികച്ചും സ്വാഭാവികമാണ്.

വിമർശനങ്ങളും അഭിപ്രായവ്യത്യാസങ്ങളും പൊതുജീവിതത്തിന്റെ ഭാഗവുമാണ്. എന്നാൽ, ഒരാളോടുള്ള പ്രശ്നത്തിന്റെ പേരിൽ കുടുംബത്തെ മുഴുവൻ ഇതിലേക്ക് വലിച്ചിഴയ്ക്കാനുള്ള അവസരമാക്കി മാറ്റുന്നത് എന്തിനാണ്? ഒരാളുടെ വ്യക്തിപരമായ അഭിപ്രായം പെട്ടെന്ന് ഒരു കുടുംബത്തിന്റെ ആകെ നിലപാടായി മാറുന്നത് എങ്ങനെയാണ്?

ചർച്ചകളിലേക്ക് കൂടുതൽ പരിചിതമായ പേരുകൾ വലിച്ചിഴയ്ക്കുന്നത് കാര്യം വ്യക്തമാക്കാനാണോ, അതോ വെറുതെ ശ്രദ്ധ പിടിച്ചുപറ്റാനാണോ എന്ന് പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്. പ്രത്യേകിച്ചും, യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങളിലേക്ക് എന്റെ വിവാഹജീവിതം വലിച്ചിഴയ്ക്കപ്പെടുന്നത് കാണുമ്പോൾ വല്ലാതെ വിചിത്രമായാണ് തോന്നുന്നത്. പുരോഗമനത്തെക്കുറിച്ചും യുക്തിചിന്തയെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കുന്നവർ പോലും, ഇത്രമേൽ സ്വകാര്യമായ ഒരു കാര്യം ഇത്തരം സംഭാഷണങ്ങളിലേക്ക് കൊണ്ടുവരുന്നത് അവരുടെ യഥാർഥ മനോഭാവത്തെയാണ് തുറന്നുകാട്ടുന്നത്. ആരോഗ്യപരമായ വിമർശനം വേറെയാണ്. എന്നാൽ ഒരാളുടെ ജീവിതത്തിലെ ബന്ധമില്ലാത്ത കാര്യങ്ങൾ കുത്തിപ്പൊക്കി കൊണ്ടുവരുന്നത് തികച്ചും മറ്റൊന്നാണ്.

ഈയൊരു രീതി ഒറ്റരാത്രികൊണ്ട് മാറില്ലെന്ന് എനിക്കറിയാം, എങ്കിലും ഇത് ഒരിക്കലെങ്കിലും തുറന്നുപറയണമെന്ന് തോന്നി. ഒരാളെ അയാളുടെ വാക്കിനും പ്രവൃത്തിക്കും ഉത്തരവാദിയാക്കുന്നതും, അയാളുമായി ബന്ധമുള്ളവരെയെല്ലാം അതിലേക്ക് നിർബന്ധിച്ച് മറുപടി പറയിക്കാൻ നോക്കുന്നതും രണ്ടും രണ്ടാണ്. ഞങ്ങൾ കുടുംബമെന്ന നിലയിൽ എപ്പോഴും ഒന്നാണ്; എന്നാൽ സ്വന്തമായി ചിന്തിക്കുകയും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികളാണ്.

ഞങ്ങളിൽ ആരോടെങ്കിലും വിയോജിപ്പുണ്ടെങ്കിൽ തീർച്ചയായും പ്രകടിപ്പിക്കാം. പക്ഷേ, ആ ചർച്ച ആ വ്യക്തിയിലേക്കും പ്രസ്തുത വിഷയത്തിലേക്കും മാത്രമായി ഒതുങ്ങട്ടെ. ഒരു കുടുംബപ്പേര് പങ്കിടുന്നു എന്നതുകൊണ്ടുമാത്രം മറ്റുള്ളവരെയെല്ലാം അതിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ല. എന്നെ സംബന്ധിച്ച്, ഇത് സാമാന്യനീതിയുടെ മാത്രം കാര്യമാണ്”.