
ഫോർട്ട് കൊച്ചിയെക്കുറിച്ചുള്ള ഉത്തരേന്ത്യൻ വ്ളോഗറുടെ വിദ്വേഷ വീഡിയോയ്ക്ക് പിന്തുണ നൽകിയ സംഭവത്തിൽ നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരിയും പ്രഭാഷകയുമായ ലാലി പി.എം. രംഗത്ത്. കേരളത്തിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണെന്നും സംസ്ഥാനം അപകടത്തിലാണെന്നും കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് ‘ലിറ്റിച്ചോക്ക് അപ്പ്’ എന്ന വ്ളോഗർ പങ്കുവെച്ച വീഡിയോയ്ക്കടിയിൽ ‘സാഡ് റിയാലിറ്റി’ എന്ന് ദിയ കമന്റ് ചെയ്തിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
വിവാദമായതോടെ ദിയ തന്റെ കമന്റ് പിൻവലിച്ചെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദിയയുടെ നിലപാടിനെതിരെ ശക്തമായ ഭാഷയിലാണ് ലാലി പി.എം പ്രതികരിച്ചത്. “അതെന്താ ദിയേ അങ്ങനെയൊരു ടോക്ക്? കേരളത്തിൽ മുസ്ലീങ്ങളില്ലാത്ത എത്രയോ സ്ഥലങ്ങളുണ്ട്! അവരെ കണ്ടിട്ട് പോലുമില്ല എന്ന് പറഞ്ഞ ഒരു പെൺകുട്ടിയെ ഒരിക്കൽ ഞാൻ പരിചയപ്പെട്ടിരുന്നു. കോതമംഗലത്ത് മുസ്ലീങ്ങൾക്ക് സ്ഥലം കൊടുക്കാറില്ലെന്ന് എന്റെയൊരു ഫ്രണ്ട് ഒരിക്കൽ പറഞ്ഞ് കേട്ടിരുന്നു. ഇതൊക്കെയാണ് സാഡ് റിയാലിറ്റി ദിയാ” എന്ന് ലാലി ഫേസ്ബുക്കിൽ കുറിച്ചു.
കൂടാതെ, മുസ്ലീം സമൂഹത്തോടുള്ള ഇത്തരത്തിലുള്ള വിവേചനപരമായ മനോഭാവത്തെ ചോദ്യം ചെയ്തുകൊണ്ട്, “നിങ്ങൾക്ക് എന്റർടൈൻമെന്റിന് മാത്രം മതിയോ മുസ്ലീങ്ങൾ? ഈയിടെ അഹാനയുടെ കല്യാണത്തിന്റെ അവതാരകനായത് ദുൽഖർ ആണെന്ന് വാർത്ത കണ്ടിരുന്നു. ദുൽഖർ മുസ്ലീമാണെന്നറിയാതായിരുന്നോ അത്?” എന്നും ലാലി പി.എം ചോദിക്കുന്നുണ്ട്. കേരളത്തിന്റെ സാമൂഹിക സൗഹാർദ്ദത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വ്ളോഗറുടെ വീഡിയോയും അതിന് പിന്തുണയുമായി എത്തിയ പ്രമുഖ വ്യക്തികളുടെ നിലപാടുകളും നിലവിൽ സൈബർ ഇടങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ലാലിയുടെ വാക്കുകൾ;
”അതെന്താ ദിയേ അങ്ങനെയൊരു ടോക്ക്. കേരളത്തില്‍ മുസ്ലീങ്ങളില്ലാത്ത എത്രയോ സ്ഥലങ്ങളുണ്ട്! അവരെ കണ്ടിട്ട് പോലുമില്ല എന്ന് പറഞ്ഞ ഒരു പെണ്‍കുട്ടിയെ ഒരിക്കല്‍ ഞാന്‍ പരിചയപ്പെട്ടിരുന്നു. കോതമംഗലത്ത് മുസ്ലീങ്ങള്‍ക്ക് സ്ഥലം കൊടുക്കാറില്ലെന്ന് എന്റെയൊരു ഫ്രണ്ട് ഒരിക്കല്‍ പറഞ്ഞ് കേട്ടിരുന്നു. മുസ്ലിങ്ങളല്ലാത്ത ആരെ വേണമെങ്കിലും പ്രണയിച്ചോ എന്ന് പറയുന്ന അമ്മമാരുണ്ടെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. ഇതൊക്കെയാണ് സാഡ് റിയാലിറ്റി ദിയാ.
നിങ്ങള്‍ക്ക് എന്റര്‍ടൈന്‍മെന്റിന് മാത്രം മതിയോ മുസ്ലിങ്ങള്‍ ? ഈയിടെ അഹാനായുടെ കല്യാണത്തിന്റെ അവതാരകനായത് ദുല്‍ഖര്‍ ആണെന്ന് വാര്‍ത്ത കണ്ടിരുന്നു. ദുല്‍ഖര്‍ മുസ്ലീമാണെന്നറിയാതായിരുന്നോ അത്.?’