“വൈകാരികമായി പ്രതികരിച്ചതാണ്, സർഗാത്മക സ്വാതന്ത്ര്യത്തെ മാനിക്കുന്നു”: മോഹൻലാലിന്റെ സീനുകൾ വെട്ടിയതിലെ അതൃപ്തിയിൽ ജിഷാദ്

','

' ); } ?>

രജനീകാന്ത് ചിത്രം ‘ജയിലർ 2’-വിൽ നടൻ മോഹൻലാൽ അഭിനയിച്ച ഭാഗങ്ങൾ വെട്ടിക്കുറച്ചതിൽ പരസ്യമായി അതൃപ്തി അറിയിച്ച സംഭവത്തിൽ വിശദീകരണവുമായി കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീൻ രംഗത്തെത്തി. ലാലേട്ടന്റെ ഒരു കടുത്ത ആരാധകനായതുകൊണ്ടാണ് താൻ അങ്ങനെ വൈകാരികമായി പ്രതികരിച്ചതെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. മോഹൻലാലിന്റെ സീനുകൾ ഒഴിവാക്കിയതിൽ വിഷമം തോന്നിയെങ്കിലും ചലച്ചിത്ര പ്രവർത്തകരുടെ സർഗാത്മക സ്വാതന്ത്ര്യത്തെയും സിനിമാ നിർമാണ പ്രക്രിയയെയും ഒരു സാങ്കേതിക പ്രവർത്തകൻ എന്ന നിലയിൽ പൂർണമായും മാനിക്കുന്നുവെന്നും ജിഷാദ് കൂട്ടിച്ചേർത്തു.

‘ഇന്നലെ ഞാൻ പങ്കുവെച്ച കാര്യങ്ങൾ, ലാലേട്ടന്റെ ഒരു കടുത്ത ആരാധകനെന്ന നിലയിൽ എന്റെ ഹൃദയത്തിൽ നിന്ന് വന്നതാണ്. അദ്ദേഹത്തെ വളരെയധികം ആരാധിക്കുന്ന ഒരാളെന്ന നിലയിൽ, സിനിമയിൽ അദ്ദേഹത്തിന്റെ ഭാഗങ്ങൾ വെട്ടിക്കുറച്ചത് കാണുമ്പോൾ സ്വാഭാവികമായും വിഷമം തോന്നി. അതേസമയം, ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സാങ്കേതിക പ്രവർത്തകൻ എന്ന നിലയിൽ, സിനിമയുടെ നിർമാണ പ്രക്രിയയെയും ചലച്ചിത്ര പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെയും ഞാൻ പൂർണമായും മാനിക്കുന്നു. നന്ദി, ഒപ്പം സ്നേഹവും അറിയിക്കുന്നു.’ ജിഷാദ് ഷംസുദ്ദീൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.

സിനിമയുടെ തിയേറ്റർ റിലീസിന് പിന്നാലെയായിരുന്നു ജിഷാദ് തന്റെ ശക്തമായ അമർഷം പങ്ക് വെച്ചിരുന്നത്. മോഹൻലാലിനായി ഒരുക്കിയ മൂന്ന് വ്യത്യസ്ത ലുക്കുകൾ ചിത്രത്തിൽ നിന്ന് പൂർണമായും എഡിറ്റ് ചെയ്ത് ഒഴിവാക്കിയെന്നും ട്രെയ്‌ലറിൽ കണ്ട രംഗം പോലും തിയേറ്ററിലെത്തിയപ്പോൾ വെട്ടിിച്ചുരുക്കിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇത്തരമൊരു സൂപ്പർസ്റ്റാറിന്റെ സീനുകൾ ഒഴിവാക്കിയത് അനാവശ്യമായിരുന്നുവെന്നും ജയിലറിന് ഇനി ഒരു തുടർച്ചയുണ്ടായാൽ അതിന്റെ ഭാഗമാകാൻ താത്പര്യമില്ലെന്നും അദ്ദേഹം നേരത്തെ കുറിച്ചിരുന്നു. ജിഷാദിന്റെ ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതുറന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ വിശദീകരണവുമായി അദ്ദേഹം എത്തിയിരിക്കുന്നത്.

നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ സൺ പിക്ചേഴ്സ് നിർമിച്ച ‘ജയിലർ 2’ കേരളത്തിൽ എണ്ണൂറോളം സ്ക്രീനുകളിലാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്. ഇതിന് മുൻപ് പുറത്തിറങ്ങി വൻ വിജയം നേടിയ ആദ്യ ഭാഗത്തിലെ ‘മുത്തുവേൽ പാണ്ഡ്യൻ’ എന്ന കഥാപാത്രമായിത്തന്നെയാണ് രണ്ടാം ഭാഗത്തിലും രജനീകാന്ത് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *