“ഉള്ളിന്റെയുള്ളിൽ ഞാനിന്നുമാ പഴയ ബസ് കണ്ടക്ടറാണ്, കാക്കി യൂണിഫോമും പഴയ ഓർമ്മകളും മിസ് ചെയ്യുന്നുണ്ട്”; രജനികാന്ത്

','

' ); } ?>

ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറായി കോടികളുടെ ആരാധകവൃന്ദത്തെ സ്വന്തമാക്കിയെങ്കിലും തനിക്ക് ഇപ്പോഴും പ്രിയപ്പെട്ടത് പഴയ ബസ് കണ്ടക്ടർ കാലഘട്ടമാണെന്ന് വെളിപ്പെടുത്തി നടൻ രജനീകാന്ത്. ‘ജയിലർ 2 സൂപ്പർ ഷോ’യിൽ സംവിധായകൻ നെൽസൺ ദിലീപ്കുമാറുമായി നടത്തിയ പ്രത്യേക സംഭാഷണത്തിലാണ് അദ്ദേഹം തന്റെ സിനിമാജീവിതത്തെക്കുറിച്ചും പഴയകാല ഓർമ്മകളെക്കുറിച്ചും മനസ്സുതുറന്നത്.

തന്റെ സൂപ്പർസ്റ്റാർ പദവിയേക്കാൾ ഉള്ളിന്റെയുള്ളിൽ ഇപ്പോഴും താനൊരു ബസ് കണ്ടക്ടറാണെന്നാണ് രജനീകാന്ത് പറയുന്നത്. ബസ് കണ്ടക്ടറായി ജോലി ചെയ്ത ആ അഞ്ച് വർഷം താൻ ഇപ്പോഴും ഏറെ മിസ് ചെയ്യുന്നുണ്ടെന്നും, ഇന്നും കാക്കി യൂണിഫോം ധരിച്ച കണ്ടക്ടർമാരെയും ബസുകളെയും കാണുമ്പോൾ മനസ്സിൽ പഴയ ഓർമ്മകളും സന്തോഷവും നിറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെയാണ് ഇടയ്ക്കിടെ ബെംഗളൂരുവിലേക്ക് യാത്ര തിരിക്കുന്നതെന്നും, വലിയ തുക ശമ്പളം ലഭിക്കുന്ന സൂപ്പർസ്റ്റാർ പദവിയേക്കാൾ അന്നത്തെ ചെറിയ ശമ്പളത്തിൽ ജീവിച്ച കാലത്തോട് തനിക്ക് വലിയ ആത്മബന്ധമുണ്ടെന്നും താരം വ്യക്തമാക്കി.

“എന്റെ ഉള്ളിന്റെയുള്ളിൽ, ഞാൻ എന്നെത്തന്നെ ഒരു ബസ് കണ്ടക്ടറായിട്ടാണ് കാണുന്നത്. അന്ന്, ഒരു കണ്ടക്ടർ എന്ന നിലയിൽ എനിക്ക് ചെറിയൊരു ശമ്പളമായിരുന്നു ലഭിച്ചിരുന്നത്. പക്ഷേ ഈ രജനീകാന്ത്, സൂപ്പർസ്റ്റാർ പ്രതിച്ഛായയുമായി പൊരുത്തപ്പെടാൻ എനിക്ക് ഇപ്പോഴും ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും ബെംഗളൂരുവിലേക്ക് പോകുന്നത്. ബസുകൾ കാണുന്നത് മാത്രം എനിക്ക് സന്തോഷം തരുന്നു. ആ കാക്കി യൂണിഫോം കാണുമ്പോൾ ഇപ്പോഴും ആ പഴയ ആഗ്രഹം മനസ്സിലേക്ക് വരാറുണ്ട്. അതിനാൽ ഞാൻ എന്നെത്തന്നെ ഒരു ബസ് കണ്ടക്ടറായിട്ടാണ് കാണുന്നത്.” രജനീകാന്തിന്റെ വാക്കുകൾ.

75-ാം വയസ്സിലും നായകസ്ഥാനത്ത് തുടരാൻ സാധിക്കുന്നത് തമിഴ് പ്രേക്ഷകരുടെയും ആരാധകരുടെയും അറ്റമില്ലാത്ത പിന്തുണ ഒന്നുകൊണ്ടു മാത്രമാണ്. ഈ സ്നേഹമാണ് വലിയ നിർമ്മാതാക്കളെയും നെൽസണെപ്പോലുള്ള മികച്ച സംവിധായകരെയും തന്നോടൊപ്പം ചിത്രങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം നന്ദിയോടെ സ്മരിച്ചു.

അതിനിടെ, വൻ വിജയമായിരുന്ന ‘ജയിലറി’ന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനീകാന്ത് വീണ്ടും കളത്തിലിറങ്ങുന്ന ‘ജയിലർ 2’ കാണാനുള്ള ആവേശത്തിലാണ് ആരാധകർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച് ഒക്ടോബർ 15-ന് ലോകമെമ്പാടും തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ മോഹൻലാൽ, ശിവ രാജ്കുമാർ, സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.