
മഞ്ജു വാര്യർ നായികയായി 2018-ൽ പുറത്തിറങ്ങിയ കമൽ ചിത്രം ‘ആമി’യിൽ ആദ്യം നയൻതാരയെ പരിഗണിച്ചിരുന്നുവെന്ന് സംവിധായകൻ കമൽ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കമൽ ഇക്കാര്യം വെളിപ്പെടുത്തിയത്. വിദ്യാബാലൻ പിന്മാറിയതിനെത്തുടർന്നാണ് നയൻതാരയെ സമീപിച്ചതെന്നും, മേക്കപ് ടെസ്റ്റുകൾ ഉൾപ്പെടെ പൂർത്തിയായെങ്കിലും കഥാപാത്രത്തോടുള്ള ആത്മവിശ്വാസക്കുറവ് കാരണം താരം പിന്മാറുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമലാസുരയ്യയുടെ ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ വിദ്യാബാലൻ ആയിരുന്നു ആദ്യം നായികയായി നിശ്ചയിച്ചിരുന്നത്. എന്നാൽ താരം പിന്മാറിയത് ചിത്രത്തിന്റെ അണിയറപ്രവർത്തകരെ പ്രതിസന്ധിയിലാക്കി. നിർമാതാവ് വലിയൊരു തുക ഇതിനകം മുടക്കിയിരുന്നതിനാലും സാറ്റ്ലൈറ്റ് അടക്കമുള്ള ബിസിനസ് വിജയകരമാകാൻ അറിയപ്പെടുന്ന ഒരു താരം വേണമെന്നതിനാലും നയൻതാരയെ പരിഗണിക്കുകയായിരുന്നു. നയൻതാര പിന്മാറിയതിനെത്തുടർന്ന് ചിത്രീകരണം അനിശ്ചിതമായി നീളുന്ന സാഹചര്യമാണുണ്ടായത്. സംവിധായകന്റെ സിനിമാജീവിതത്തിൽത്തന്നെ ഇത്തരമൊരു അനുഭവം ആദ്യം100 ആയിരുന്നെന്ന് അദ്ദേഹം ഓർമിച്ചു. ഒടുവിൽ നിർമാതാവിന്റെ പിന്തുണയോടെയാണ് മഞ്ജു വാര്യരിലേക്ക് എത്തിയതും ചിത്രം യാഥാർത്ഥ്യമായതും.
കമലിന്റെ വാക്കുകൾ;
‘വിദ്യാ ബാലൻ പിന്മാറിയതോടെ ആമിയിലേക്ക് ആര് എന്ന ചോദ്യമായി. പല പേരുകളും പരിഗണനയിലുണ്ടായിരുന്നു. സിനിമയ്ക്കായി നിർമാതാവ് വലിയൊരു തുക ചെലവഴിച്ചു കഴിഞ്ഞിരുന്നു. സാറ്റ്ലൈറ്റ് വിൽപന ഉൾപ്പെടെയുള്ള ബിസിനസ് നടക്കണമെങ്കിൽ പേരുള്ള ഒരു താരം തന്നെ നായികയായി വരണമായിരുന്നു ചിത്രത്തിലേക്ക്. അങ്ങനെയാണ് നയൻതാരയിലേക്ക് എത്തുന്നത്. മേക്കപ് ടെസ്റ്റും കഴിഞ്ഞു. പക്ഷേ, ആ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ആത്മവിശ്വാസമില്ലെന്ന് നയൻതാര പറഞ്ഞു. എനിക്കും മാധവിക്കുട്ടിയായി നയൻതാരയെ സങ്കൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
അപ്പോഴും ആമിയുടെ നായിക ആരെന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല. നായികയെ തീരുമാനിക്കാൻ കഴിയാത്തതോടെ ചിത്രീകരണം അനിശ്ചിതമായി നീട്ടിവയ്ക്കേണ്ടിവന്നു. ഇതുപോലൊരു സാഹചര്യം തന്റെ സിനിമാജീവിതത്തിൽ ആദ്യമായിരുന്നു. അങ്ങനെ ചർച്ച ഒടുവിൽ മഞ്ജുവിലേക്ക് എത്തുകയായിരുന്നു. പ്രൊഡ്യൂസർ ആ പേരിൽ ഉറച്ചു. മഞ്ജുവിന് അത് എളുപ്പത്തിൽ അവതരിപ്പിക്കാൻ സാധിക്കുമെന്നുള്ള വിശ്വാസം തനിക്കുണ്ടായിരുന്നു. മഞ്ജുവിനെ വിളിച്ചപ്പോൾ ‘വിദ്യാബാലൻ പിന്മാറിയല്ലേ’ എന്നായിരുന്നു എന്നായിരുന്നു മഞ്ജുവിന്റെ ആദ്യത്തെ ചോദ്യം.’