“അഭിനയിക്കണമെങ്കിൽ കൂടെ കിടക്കേണ്ടി വരുമെന്ന് സംവിധായകൻ”; സിനിമ ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി നീതി ടെയ്‌ലർ

','

' ); } ?>

കരിയറിന്റെ തുടക്കത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവവും സിനിമാലോകം ഉപേക്ഷിക്കാനുള്ള യഥാർത്ഥ കാരണവും വെളിപ്പെടുത്തി പ്രമുഖ നടിയും ടെലിവിഷൻ താരവുമായ നീതി ടെയ്‌ലർ. തെലുങ്ക് സിനിമാമേഖലയിൽ നിന്ന് കടുത്ത കാസ്റ്റിങ് കൗച്ച് അനുഭവമാണ് നേരിടേണ്ടി വന്നതെന്നും, സംവിധായകന്റെ മോശം പെരുമാറ്റം കടുത്ത മാനസിക ആഘാതം സൃഷ്ടിച്ചതിനെത്തുടർന്നാണ് വലിയ സ്ക്രീനിൽ നിന്ന് പിന്മാറിയതെന്നും താരം വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നീതിയുടെ തുറന്നപറച്ചിൽ.

2012-ൽ പുറത്തിറങ്ങിയ ‘മെം വയസുക്കു വച്ചാം’ എന്ന ചിത്രത്തിലൂടെയാണ് നീതി സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. ഈ ചിത്രത്തിന്റെ സംവിധായകൻ മറ്റൊരു പ്രോജക്റ്റിൽ അവസരം വാഗ്ദാനം ചെയ്ത് ഫോണിൽ ബന്ധപ്പെടുകയും, എന്നാൽ ചിത്രത്തിൽ അഭിനയിക്കണമെങ്കിൽ തന്നോടൊപ്പം കിടക്കേണ്ടി വരുമെന്ന് തുറന്നുപറയുകയുമായിരുന്നു. പ്രൊഫഷണലായി തുടങ്ങിയ സംഭാഷണം പെട്ടെന്ന് ഇത്തരം ഒരു ആവശ്യത്തിലേക്ക് മാറിയത് തന്നെ വല്ലാതെ ഞെട്ടിച്ചെന്നും നടി വെളിപ്പെടുത്തി.

സംവിധായകന്റെ മോശം സമീപനം കേട്ട് ആകെ സ്തംഭിച്ചുപോയ താൻ ഉടൻതന്നെ കോൾ കട്ട് ചെയ്യുകയും അയാളുടെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടർന്ന് വീട്ടിലെത്തി അമ്മയോട് കാര്യങ്ങൾ തുറന്നുപറഞ്ഞു. അന്ന് മാനസികമായി ഉണ്ടായ ആഘാതം കാരണം ഇക്കാര്യം മറ്റാരോടും പറയാൻ കഴിഞ്ഞില്ലെന്നും സംവിധായകന്റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

ഈ സംഭവത്തിന് ശേഷം സിനിമാലോകത്ത് തുടരാൻ താൽപ്പര്യമില്ലെന്ന് തീരുമാടിക്കുകയായിരുന്നു. തുടർന്ന് ‘പെല്ലി പുസ്തകം’, ‘ലവ് ഡോട്ട് കോം’ എന്നീ ചിത്രങ്ങളിൽ കൂടി അഭിനയിച്ചെങ്കിലും പിന്നീട് തെലുങ്ക് സിനിമകളിൽ നിന്ന് നീതി പൂർണ്ണമായും വിട്ടുനിൽക്കുകയാണുണ്ടായത്. ബിഗ് സ്ക്രീനിൽ സജീവമല്ലെങ്കിലും നിലവിൽ ടെലിവിഷൻ രംഗത്ത് തിളങ്ങിനിൽക്കുകയാണ് നടി.

നീതിയുടെ വാക്കുകൾ;

“എന്റെ ആദ്യ സിനിമ സംവിധാനം ചെയ്ത ആൾ, ആ ചിത്രം പൂർത്തിയായതിന് ശേഷം മറ്റൊരു സിനിമയ്ക്കായി എന്നെ വിളിച്ചു. എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു, “പക്ഷേ, അതിനായി നീ എന്നോടൊപ്പം കിടക്കേണ്ടി വരും” എന്ന്. അപ്പോൾ എന്ത് ചെയ്യണമെന്നോ എങ്ങനെ പ്രതികരിക്കണമെന്നോ എനിക്ക് മനസിലായില്ല.

ഞാൻ ഉടൻ തന്നെ കോൾ കട്ട് ചെയ്ത് അയാളുടെ നമ്പർ ബ്ലോക്ക് ചെയ്തു. എന്നിട്ട് അമ്മയെ വിളിച്ച് ആ വൃദ്ധൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു. മറ്റ് പെൺകുട്ടികളുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ ഞാൻ കണ്ടിട്ടുണ്ട്. എന്നോട് എപ്പോഴാണ് അദ്ദേഹം അത്തരമൊരു നീക്കം നടത്തുകയെന്ന് എനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല.

അങ്ങനെയാണ് ഇനി ഒരിക്കലും സിനിമയിൽ അഭിനയിക്കില്ലെന്ന് ഞാൻ തീരുമാനിച്ചത്. ആ സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചുകളഞ്ഞു. ഞാൻ അദ്ദേഹത്തെ ബ്ലോക്ക് ചെയ്യുക മാത്രമാണ് ചെയ്തത്. ആകെ സ്തംഭിച്ചു പോയതുകൊണ്ട് ഞാൻ ഇക്കാര്യം ആരോടും പറഞ്ഞില്ല.”