“ജീവൻ നിലനിർത്താൻ വേണ്ടി എങ്ങനെയൊക്കെയോ പഠിച്ചു”; ജയിലർ 2 ലെ അവിസ്മരണീയ അനുഭവം പങ്കുവെച്ച് സുരാജ് വെഞ്ഞാറമൂട്

','

' ); } ?>

ജയിലർ 2 ചിത്രത്തിൽ അഭിനയിച്ച അനുഭവം പങ്കുവെച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. സൂപ്പർ ഹിറ്റായ ആദ്യ ഭാഗം പോലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഈ ചിത്രത്തിലേക്ക് തനിക്ക് അവസരം ലഭിച്ചതും ഷൂട്ടിങ് സെറ്റിൽ രജനീകാന്തിനെ കണ്ടപ്പോഴുള്ള അനുഭവവുമാണ് സുരാജ് വെളിപ്പെടുത്തിയത്.

ചിത്രത്തിന്റെ സംവിധായകൻ നെൽസന്റെ സംവിധാന ശൈലിയെ സുരാജ് വാനോളം പുകഴ്ത്തി. ടെൻഷനടിക്കുന്ന മുഹൂർത്തങ്ങളിൽ പോലും കോമഡി കൊണ്ടുവരാൻ അദ്ദേഹത്തിനുള്ള പ്രത്യേക കഴിവ് ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവ്വമാണെന്നും താരം പറഞ്ഞു. ‘വീര ധീര സൂരൻ’ സംവിധായകൻ അരുൺ കുമാർ വഴിയാണ് തനിക്ക് നെൽസണിൽ നിന്നും ചിത്രത്തിലേക്ക് കോൾ വരുന്നതെന്ന് സുരാജ് വ്യക്തമാക്കി. ജയിലർ ആദ്യ ഭാഗം തിയേറ്ററുകളിൽ കണ്ടപ്പോൾ തന്നെ ഇതിലെ താരങ്ങൾക്കൊപ്പമെങ്കിലും ഒരിക്കൽ വർക്ക് ചെയ്യണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷൂട്ടിംഗ് സെറ്റിൽ വച്ച് തനിക്കുണ്ടായ രസകരമായ ഒരു അനുഭവവും സുരാജ് പങ്കുവെച്ചു. ഡയലോഗുകൾ മുൻകൂട്ടി വാങ്ങി പഠിച്ച് ഫുൾ കോൺഫിഡൻസോടെയാണ് താൻ ലൊക്കേഷനിലെത്തിയത്. എന്നാൽ സെറ്റിൽ എത്തിയപ്പോൾ സംവിധായകൻ നെൽസൺ ഡയലോഗുകൾ മുഴുവൻ മാറ്റിയെന്ന് പറയുകയും, അസോസിയേറ്റ് പുതിയ ഡയലോഗുകൾ തനിക്ക് എഴുതിത്തരികയും ചെയ്തു. പെട്ടെന്നുള്ള ഈ മാറ്റം തനിക്ക് വലിയ ടെൻഷനുണ്ടാക്കിയെന്നും, ആ ടെൻഷനിൽ നിൽക്കുമ്പോഴാണ് രജനീകാന്ത് അവിടേക്ക് കടന്നുവന്നതെന്നും സുരാജ് ഓർമിച്ചു. നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണ അവസ്ഥയായിരുന്നു അന്നത്തെ ഷൂട്ടിങ് സമയത്ത് തനിക്ക് അനുഭവപ്പെട്ടതെന്നും, ജീവൻ നിലനിർത്താൻ വേണ്ടി മാത്രം എങ്ങനെയൊക്കെയോ താൻ ആ ഡയലോഗുകൾ പഠിച്ച് ആ രംഗം പൂർത്തിയാക്കുകയായിരുന്നു എന്നും അദ്ദേഹം ചിരിയോടെ പറഞ്ഞു.

സുരാജിന്റെ വാക്കുകൾ;

“വീര ധീര സൂര’ന്റെ സംവിധായകൻ അരുൺ കുമാർ സാർ എന്നെ വിളിച്ചിട്ട് പറഞ്ഞു, സൺ പിക്ചേഴ്സിൽ നിന്ന് നിങ്ങൾക്കൊരു കോൾ വരും. ഞാൻ നെൽസൺ സാറിനെ കണ്ടിരുന്നു. നിങ്ങൾക്ക് ‘ജയിലർ 2’ വിൽ ഒരു കാരക്ടർ ഉണ്ടെന്ന് എന്നോട് പറഞ്ഞു എന്ന്. അത് കേട്ടപ്പോൾ ഞാൻ ഭയങ്കര ആവേശത്തിലായി.

കാരണം എനിക്ക് നെൽസണെ ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ആദ്യ സിനിമ കോലൈമാവ് കോകില കണ്ടപ്പോഴെ എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. ഒരു യുണീക്ക് ആയിട്ടുള്ള സംവിധാനമാണ് അദ്ദേഹത്തിന്റേത്. ഇന്ത്യയിൽ ഞാൻ വേറൊരു സംവിധായകനിലും അങ്ങനെ കണ്ടിട്ടില്ല. ടെൻഷനടിക്കുമ്പോൾ കോമഡി ഉണ്ടാക്കുക എന്ന് പറയുന്നത് അത്ര ചെറിയ കാര്യമല്ല. എനിക്ക് കോമഡി ഭയങ്കര ഇഷ്ടമാണ്.

പിന്നെ സാറിന്റെ എല്ലാ സിനിമയും ഞാൻ കണ്ടിട്ടുണ്ട്. ജയിലർ 1 തിയറ്ററിൽ കണ്ടപ്പോൾ, രജനി സാറിനെ വേറെ ലെവലിൽ ആണ് കാണാനായത്. അനിരുദ്ധ് സാർ വേറെ ലെവൽ. ലാൽ സാർ, ജാക്കി ഷെറോഫ് സാർ അങ്ങനെ എല്ലാവരും നന്നായി ചെയ്തു. പ്രത്യേകിച്ച് എന്റെ സുഹൃത്ത് വർമൻ (വിനായകൻ). അദ്ദേഹവും സൂപ്പറായി ചെയ്തിട്ടുണ്ട്. ഒരു പ്രാവശ്യമെങ്കിലും ഇവരുടെ കൂടെ വർക്ക് ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു.

അങ്ങനെ ഞാൻ നെൽസൺ സാറിനെ കണ്ടു. എന്റെ കാരക്ടർ എങ്ങനെയാണെന്നൊക്കെ അദ്ദേഹം എനിക്ക് പറഞ്ഞു തന്നു. എനിക്കത് ഒരുപാട് ഇഷ്ടപ്പെട്ടു. അതിന് മുൻപ് തന്നെ ഈ സിനിമ ചെയ്യണമെന്ന് ‍ഞാൻ തീരുമാനിച്ചിരുന്നു. ഡയലോ​ഗ് ഒക്കെ എനിക്ക് നേരത്തെ തരണം, എനിക്കത് പഠിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

അങ്ങനെ അദ്ദേഹം എനിക്കതൊക്കെ തന്നു. ഞാൻ ഷൂട്ടിനായി റെഡിയായി. ഫുൾ കോൺഫിഡന്റായി ലൊക്കേഷനിൽ എത്തി. അപ്പോൾ നെൽസൺ സാർ എന്നെ കൂളായി നിന്നു നോക്കി. ‘സാർ ഡയലോ​ഗ് എല്ലാം ഓക്കെ ആണോ സാർ ?’ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു എല്ലാം ഓക്കെ എന്ന്. അപ്പോൾ, നെൽസൺ സാർ, ‘ആ ഡയലോ​ഗ് ഒന്നും ഇല്ല, എല്ലാം മാറ്റി’ എന്ന് പറഞ്ഞു.

ഞാൻ ചോദിച്ചു, ‘എന്താ ?’ എന്ന്. ‘എല്ലാം മാറ്റി സാർ, പുതിയ ഡയലോ​ഗ് വച്ചു’ എന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് അദ്ദേഹത്തിന്റെ അസോസിയേറ്റ് ഭാർ​ഗവിയെ വിളിച്ചു പറഞ്ഞു, ‘ഭാർ​ഗവി ഇവിടെ വരൂ, എഴുതിക്കോ’ എന്ന്. ഞാൻ ഭയങ്കര ടെൻഷനായി പോയി. ടെൻഷനടിച്ച് നിന്നപ്പോൾ ദേ രജനി സാർ വരുന്നു. കംപ്ലീറ്റ് ബ്ലാക്കൗട്ട്.

അങ്ങനെ നിൽക്കുമ്പോൾ ഭാർ​ഗവി മാഡം, റെഡി സാർ എന്ന് പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു, ‘എന്ത് റെഡി. ഇപ്പോൾ അല്ലേ ഡയലോ​ഗ് തന്നതെന്ന്’. എന്നിട്ട് അവർ പറഞ്ഞു ‘എല്ലാവരും റെഡി ആണ് സാർ’ എന്ന്. അന്നത്തെ ദിവസം ഷോട്ടിനായി ഞാൻ രണ്ട് മണിക്കൂർ മുൻപേ റെഡിയായിരുന്നു.

പിന്നെ ഞാൻ എങ്ങനെയൊക്കെയോ ഡയലോ​ഗ് പഠിച്ച് ചെയ്തു. നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥയിലായിരുന്നു ഞാൻ. എങ്ങനെയെങ്കിലും നീന്തി കരയ്ക്ക് കയറണമെന്നല്ലേ നമ്മൾ വിചാരിക്കൂ. ജീവൻ വേണമല്ലോ… ഇവിടെ നിൽക്കണമല്ലോ.