‘രണബാലി’ക്ക് പകരം ‘ജയിലർ 2’ ആണ് കാണേണ്ടത്, അത് സ്വാഭാവികമല്ല മനഃപൂർവം ചെയ്യുന്നതാണ്; വിജയ് ദേവരകൊണ്ട

','

' ); } ?>

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും വ്യാജ പ്രചാരണങ്ങൾക്കുമെതിരെ രൂക്ഷമായ പ്രതികരണവുമായി തെലുങ്ക് താരം വിജയ് ദേവരകൊണ്ട രംഗത്ത്. പുതിയ ചിത്രമായ ‘രണബാലി’യുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കവെയാണ് തനിക്കെതിരെ പണം നൽകി ചെയ്യിക്കുന്ന ‘പെയ്ഡ് വെറുപ്പാണ്’ നടക്കുന്നതെന്ന് താരം തുറന്നടിച്ചു. വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ താൻ നേടിയെടുത്ത നേട്ടങ്ങൾ വെറുതെയാണെന്ന് വരുത്തിതീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ഇത്തരം സംഘടിത നീക്കങ്ങൾക്ക് മുന്നിൽ താൻ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചില പ്രത്യേക സംഘങ്ങളാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെന്ന് വിജയ് ആരോപിച്ചു. അമ്പതോളം പേർ ചേർന്ന് ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചാണ് നെഗറ്റീവ് ക്യാമ്പയിനുകൾ നടത്തുന്നത്. ഒരേ തരത്തിലുള്ള വാർത്തകളും റീലുകളും തുടർച്ചയായി ഫീഡുകളിൽ വരുന്നതിന് കാരണം ഇതാണ്. എന്നാൽ ഇത്തരം പണികൾ ചെയ്യുന്നവർ ഒന്നോർക്കണം; അടുത്ത ആറു മാസത്തിനുള്ളിൽ എഐ സാങ്കേതികവിദ്യ ഈ ജോലികൾ ഏറ്റെടുക്കും. ആ സമയം പണം നൽകി ചെയ്യിക്കുന്നവർ ഇവരെ ഒഴിവാക്കുമെന്നും വിജയ് ഓർമിപ്പിച്ചു. സോഷ്യൽ മീഡിയയിൽ കാണുന്ന പ്രതികരണങ്ങൾ സ്വാഭാവികമല്ലെന്നും പൂർണ്ണമായും മനഃപൂർവം സൃഷ്ടിക്കപ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഡസ്ട്രിയിൽ എട്ട് വർഷം പിന്നിട്ട ശേഷമാണ് തനിക്കെതിരെയുള്ള ഈ സിൻഡിക്കേറ്റുകളെക്കുറിച്ച് വ്യക്തത വന്നതെന്ന് താരം പറഞ്ഞു. ലഭിക്കുന്ന വിമർശനങ്ങൾ വ്യക്തിപരമായി എടുക്കാറില്ലെന്നും, തന്റെ ആത്മവിശ്വാസം കണ്ട് അസൂയപ്പെടുന്നവർക്ക് വേണ്ടി താൻ മാറില്ലെന്നും വളർച്ച കണ്ടു മടുക്കുന്നവരാണ് മാറേണ്ടതെന്നും വിജയ് വ്യക്തമാക്കി.

രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന പീരിയഡ് ആക്ഷൻ ചിത്രമാണ് ‘രണബാലി‘. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. വൻ ഹൈപ്പിലെത്തുന്ന ചിത്രം ഒക്ടോബർ 16-ന് തിയേറ്ററുകളിലെത്തും.

വിജയ്‌യുടെ വാക്കുകൾ;

‘‘വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് ഞാൻ ഈ നിലയിൽ എത്തിയത്. എന്റെ നേട്ടങ്ങൾ വെറുതെയാണെന്ന് ചിലർക്ക് തോന്നിയാൽ ഞാൻ അഭിനയം നിർത്തണമെന്നാണോ? എന്റെ തുറന്നുപറച്ചിലുകൾ അഹങ്കാരമായി തോന്നിയാൽ ക്യാമറയ്ക്ക് പുറത്തും ഞാൻ അഭിനയിച്ചു തുടങ്ങണമോ? എന്റെ ആത്മവിശ്വാസം കണ്ടാണ് പലർക്കും അസൂയയും ബുദ്ധിമുട്ടും ഉണ്ടാകുന്നത്. അതിന് ഞാൻ മാറുകയല്ല, എന്റെ വളർച്ച കണ്ടു മടുക്കുന്നവരാണ് മാറേണ്ടത്.

ചില പ്രത്യേക സംഘങ്ങളാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ. 50 ഓളം പേർ ചേർന്ന് ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് നെഗറ്റീവ് പ്രചരിപ്പിക്കുന്നത്. ഒരേ തരത്തിലുള്ള വാർത്തകളും റീലുകളും തുടർച്ചയായി വരുന്നത് ഇതുകൊണ്ടാണ്. എന്നാൽ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർ ഒന്നോർക്കണം; അടുത്ത ആറു മാസത്തിനുള്ളിൽ എഐ സാങ്കേതികവിദ്യ നിങ്ങളുടെ ഈ ജോലികൾ ഏറ്റെടുക്കും. പണം കൊടുത്തു ചെയ്യുന്നവർ പിന്നീട് ഇത്തരം ആളുകളെ ഒഴിവാക്കും.

ഇതിനെ എനിക്ക് വെറുപ്പെന്ന് വിളിക്കാൻ കഴിയില്ല. ഇത് മനഃപൂർവം ചെയ്യുന്നതാണ്. ചെറിയൊരു കൂട്ടം ആളുകൾ, ഓരോരുത്തരും 20 മുതൽ 50 വരെ അക്കൗണ്ടുകൾ ഉപയോഗിച്ച്, ഒരേ ഉള്ളടക്കം ആവർത്തിച്ച് പങ്കുവയ്ക്കുന്നു. നിങ്ങളുടെ ഫീഡിലൂടെ സ്ക്രോൾ ചെയ്യുമ്പോൾ, ‘രണബാലി’ക്ക് പകരം ‘ജയിലർ 2’ ആണ് കാണേണ്ടതെന്ന് പറയുന്ന 50 റീലുകൾ തുടർച്ചയായി കാണുകയാണെങ്കിൽ, 50 വ്യത്യസ്ത ആളുകൾ സ്വതന്ത്രമായി ഒരേ അഭിപ്രായത്തിലെത്തി ഒരേ റീൽ ഉണ്ടാക്കുന്നതാണെന്ന് നിങ്ങൾ ശരിക്കും കരുതുന്നുണ്ടോ? അത് സ്വാഭാവികമല്ല. അത് മനഃപൂർവം ചെയ്യുന്നതാണ്.’’–വിജയ് പറയുന്നു.