
തന്റെ പേരില്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിച്ചു പ്രചരിപ്പിക്കുന്നവർക്ക് ശക്തമായ മറുപടിയുമായി നടി പ്രതിഭ. ഇത്തരം നെഗറ്റീവ് പ്രചാരണങ്ങളെ താൻ കാര്യമാക്കുന്നില്ലെന്നും, തന്നെ തളർത്താൻ ശ്രമിക്കുന്നവരുടെ ഇത്തരം പ്രവൃത്തികളെ ‘ഫ്രീ പി.ആർ’ ആയി മാത്രമാണ് കാണുന്നതെന്നും താരം വ്യക്തമാക്കി. ആന്റണി പെപ്പെ നായകനായെത്തിയ ‘കൊണ്ടൽ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് പ്രതിഭ.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. തന്നെ പ്രൊമോട്ട് ചെയ്യാനായി ചിലർ പണം മുടക്കി ഡീപ് ഫേക്ക് വീഡിയോകൾ നിർമ്മിക്കുകയാണെന്നും, എന്നാൽ താൻ ഇതിനെ ഭയപ്പെടുന്നില്ലെന്നും പ്രതിഭ കുറിച്ചു. നാം ജീവിക്കുന്നത് എഐയും എഎജിയും ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ അനന്തരഫലങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്ന ലോകത്താണെങ്കിലും, ബോഡിലി ഓട്ടോണമി ഓരോ വ്യക്തിയുടെയും അവകാശമാണെന്നും അവർ ഓർമ്മിപ്പിച്ചു. നെഗറ്റിവിറ്റിയെ അവഗണിച്ച് സമാധാനമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, മറ്റുള്ളവരുടെ ലക്ഷ്യം ശ്രദ്ധ പിടിച്ചുപറ്റലാണെങ്കിലും അവഗണനയ്ക്കുള്ള ശക്തിയാണ് താൻ തിരിച്ചറിഞ്ഞതെന്നും താരം കൂട്ടിച്ചേർത്തു.
പ്രതിഭയുടെ വാക്കുകൾ;
”എന്നെ പ്രൊമോട്ട് ചെയ്യാനായി ചിലര്‍ കാശ് മുടക്കി ഡീപ് ഫേക്ക് എഐ വിഡിയോ ഉണ്ടാക്കുകയാണ്. നേര് വിപരീതം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചാണ് അവരത് ചെയ്യുന്നത്. ഗായ്സ്, നിങ്ങള്‍ എന്നെ സ്വന്തം വിഡിയോകള്‍ കണ്ടാല്‍ പേടിക്കരുത്. നമ്മള് ജീവിക്കുന്നത് എഐയും എജിഐയും എഎസ്ഐയും ഉണ്ടാക്കിയവര്‍ പോലും അതിന്റെ അനന്തരഫലത്തെയോര്ത്ത് ആശങ്കപ്പെടുന്നൊരു ലോകത്താണ്.
പേടിക്കുന്നില്ല എന്നതിന്റെ അര്‍ത്ഥം, നമ്മള് അനുവാദം നല്കാത്തതെന്തും സഹിക്കണം എന്നുമല്ല. പക്ഷെ ചില്ലാകൂ. നമ്മളെല്ലാം ഹോമോ സാപ്പിയന്‍സാണ്. നമുക്കെല്ലാം ഒരേ ബോഡിലി ഓട്ടോണോമിയാണ്. ഈ സാങ്കേതികവിദ്യ നമ്മള് തിരിച്ചറിയുന്നതേക്കാളും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. നെഗറ്റിവിറ്റിയെ അവഗണിക്കുക, നിങ്ങള്‍ക്ക് സമാധാനം നല്കുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കുക. ചിലര്‍ നിങ്ങളെ വലിച്ച് താഴെയിടാന്‍ കാശ് മുടക്കും. പക്ഷെ അവര്‍ ചെയ്യുന്നത് നിങ്ങളെ പ്രൊമോട്ട് ചെയ്യലായിരിക്കും. ഫ്രീ പിആര്‍. തമാശ എന്തെന്നാല്‍, ഇതെല്ലാം ചെയ്യുന്നതിലൂടെ അവര്‍ ലക്ഷ്യമിടുന്നത് ശ്രദ്ധ പിടിച്ചുപറ്റലാണ്. പക്ഷെ അവഗണനയ്ക്ക് എത്ര ശക്തിയുണ്ടെന്ന് ഞാന്‍ തിരിച്ചറിയുകയാണ് ചെയ്തത്. നന്ദി. എല്ലാം നല്ലതിന്. എല്ലാവരോടും സ്നേഹം.