
സിനിമയില്‍ വള്‍ഗര്‍ രംഗങ്ങളും താന്‍ കംഫര്‍ട്ടബിളല്ലാത്ത സീനുകളും തുടക്കം മുതലേ കര്‍ശനമായി ഒഴിവാക്കാറുണ്ടെന്ന് വ്യക്തമാക്കി നടന് നിവിന്‍ പോളി. ക്യു സ്റ്റുഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ താരം പങ്കുവെച്ച പഴയൊരു അനുഭവമാണ് ഇപ്പോള്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നത്. അത്തരം രംഗങ്ങളോ ഡയലോഗുകളോ സിനിമയില്‍ വന്നാല്‍ തുടക്കത്തില്‍ തന്നെ താന്‍ നോ പറയാറുണ്ടെന്നും, വിനീത് ശ്രീനിവാസന് ചിത്രങ്ങളിലൂടെ കരിയര്‍ ആരംഭിക്കാന്‍ കഴിഞ്ഞത് ഇത്തരം നിലപാടുകള്‍ക്ക് വലിയ പിന്തുണയായിട്ടുണ്ടെന്നും നിവിന്‍ ചൂണ്ടിക്കാണിക്കുന്നു.
വിനീതിന്റെ സിനിമകളെല്ലാം ക്ലീന്‍ ആന്‍ഡ് നീറ്റ് സ്വഭാവമുള്ളവയാണ്. അവിടെ അനാവശ്യ ഇരട്ടയര്ത്ഥ ഡയലോഗുകളോ വള്ഗാരിറ്റിയോ ഉണ്ടാകാറില്ല. സിനിമയ്ക്ക് അതിന്റെയൊന്നും ആവശ്യമില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും നിവിന്‍ വ്യക്തമാക്കി. തുടക്കകാലത്ത് ഒരു പാട്ട് രംഗത്തിന്റെ ചിത്രീകരണത്തിനിടയില്‍ സംവിധായകനുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞു.
പാട്ടില്‍ പല രീതിയില്‍ അഭിനയിക്കാന്‍ സംവിധായകന് ആവശ്യപ്പെട്ടപ്പോള്‍ താന്‍ അത് ചെയ്യാന്‍ തയ്യാറായില്ല. സിനിമയില്‍ നിന്ന് പുറത്താക്കിക്കോളൂ എന്ന് അന്ന് വെട്ടിത്തുറന്നു പറഞ്ഞു. ഷൂട്ട് നീണ്ടുപോയതിനെ തുടര്‍ന്നും സിനിമയിലെ മറ്റു പലരുടെയും ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദത്താലും തുടക്കക്കാരന് എന്ന നിലയില്‍ പേടിയുണ്ടായിരുന്നുവെങ്കിലും തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. താന്‍ പ്രതിഫലം കൂട്ടിക്കൊടുക്കാനോ അനാവശ്യ വാശി പിടിക്കാനോ അല്ല, മറിച്ച് വള്‍ഗര്‍ രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന സ്വന്തം നിലപാടിനുവേണ്ടിയാണ് അന്ന് പ്രതികരിച്ചതെന്നും ഒടുവില്‍ ആ പാട്ട് വളരെ ലൈറ്റായി മാറ്റിയെടുത്താണ് ചിത്രീകരിച്ചതെന്നും നിവിന്‍ പോളി ഓര്‍മ്മിച്ചു.
നിവിൻ പോളിയുടെ വാക്കുകൾ
വിനീതിന്റെ സിനിമകള്‍ നോക്കിക്കഴിഞ്ഞാല്‍ ക്ലീന്‍-നീറ്റ് സിനിമകളാണ്. സിനിമയില്‍ തുടങ്ങുന്നതും സെറ്റ് കാണുന്നതും വിനീതിന്റെ സിനിമയിലൂടെയാണ്. അവിടെ നിലനിര്‍ത്തുന്നൊരു ക്ലാസുണ്ട്. അനാവശ്യ ഡബിള്‍ മീനിങ് ഡയലോഗ്സ് ഉണ്ടാകില്ല. വള്‍ഗാരിറ്റി ഉണ്ടാകില്ല. സിനിമയ്ക്ക് അതിന്റെ ആവശ്യവുമില്ല. വ്യക്തിപരമായി എനിക്കും അത് താല്പര്യമില്ല. തുടക്കത്തില്‍ തന്നെ അതെല്ലാം ഒത്തുചേര്‍ന്നു വന്നു.
സീനുകള്‍ വരുമ്പോള്‍ തന്നെ ഞാന്‍ പറയും. ഈ ഡയലോഗ് പറയാന്‍ പറ്റില്ല, കുറച്ചുകൂടെ ക്ലീന്‍ ആയിട്ട് സംസാരിക്കാം എന്ന്. അനാവശ്യ സീനുകളുണ്ടെങ്കില്‍ ഞാന്‍ നോ പറയാറുണ്ട്. തുടക്ക സമയത്ത് ഒരു സിനിമയിലെ പാട്ടില്‍ പല രീതിയില്‍ അഭിനയിക്കാന്‍ സംവിധായകന് പറഞ്ഞു. ഞാന്‍ ചെയ്യില്ല, അതിന്റെ ആവശ്യമില്ല, നിങ്ങള്‍ വേണമെങ്കില്‍ എന്നെ സിനിമയില്‍ നിന്നും പുറത്താക്കിക്കോ എന്ന് ഞാന്‍ പറഞ്ഞു.
ഷൂട്ട് തന്നെ കുറേ നേരം നിര്‍ത്തിവച്ചു. അങ്ങനെയാണെങ്കില്‍ സിനിമയില്‍ നിന്നും മാറ്റേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ മാറ്റിക്കോളൂവെന്ന് ഞാന്‍ പറഞ്ഞു. തുടക്കകാലത്താണ്. പിന്നെ എല്ലാ ഭാഗത്തു നിന്നും സമ്മര്‍ദ്ധമാണ്. പുതുമുഖമാണല്ലോ. സിനിമയിലുള്ള പലരും വന്ന് പറയുമ്പോള്‍ പേടിയാകും. കൂടെയുള്ള അഭിനേതാക്കള്‍ വന്ന് ഇത് പ്രശ്നമാകുമെന്ന് പറഞ്ഞു. ഞാന്‍ പൈസയൊന്നും ചോദിച്ചതല്ലല്ലോ, വള്‍ഗര്‍ സീനില്‍ അഭിനയിക്കില്ല എന്നല്ലേ പറഞ്ഞത്. ചെയ്യില്ല എന്നത് എന്റെ തീരുമാനമാണ്. ഒടുവില്‍ വളരെ ലൈറ്റ് ആയിട്ട് ആ പാട്ട് അവസാനിപ്പിക്കുകയായിരുന്നു.