
സോഷ്യൽ മീഡിയയിലെ ബോഡി ഷെയ്മിംഗ് കമന്റിന് തക്കതായ മറുപടി നൽകി നടിയും നർത്തകിയുമായ നവ്യ നായർ. തന്നെ അവഹേളിക്കാൻ ശ്രമിച്ചയാൾക്ക് താരം നൽകിയ കിടിലൻ മറുപടിയാണ് ഇപ്പോൾ സൈബർ ലോകത്തെ പ്രധാന ചർച്ചാവിഷയം.
”എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി” എന്നായിരുന്നു നവ്യയുടെ ചിത്രത്തിന് താഴെ വന്ന ഒരു യുവാവിന്റെ പരിഹാസ കമന്റ്. എന്നാൽ ഇതിന് ഒട്ടും വൈകാതെ തന്നെ നവ്യ നൽകിയ മറുപടി സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. ”അമ്മൂമ്മ ആയാലും ചിരിക്കാൻ തന്നെയാണ് ഉദ്ദേശം” എന്നായിരുന്നു നവ്യയുടെ ചുട്ട മറുപടി. നവ്യയുടെ ഈ ആത്മവിശ്വാസത്തെയും ബോൾഡ് ആയ സമീപനത്തെയും പ്രശംസിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്.
കമന്റിട്ട യുവാവിനെതിരെ കടുത്ത വിമർശനവുമായി ആരാധകരും എത്തിയതോടെ ‘ചോദിച്ചു വാങ്ങി’യ മറുപടിയെന്നാണ് സോഷ്യൽ മീഡിയ ഇതിനെ വിശേഷിപ്പിക്കുന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് നീണ്ടൊരു ഇടവേളയെടുത്തെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയ നവ്യയെ എന്നും വലിയ സ്നേഹത്തോടെയാണ് മലയാളികൾ സ്വീകരിച്ചിട്ടുള്ളത്.
അഭിനയത്തോടൊപ്പം നൃത്തവേദികളിലും സജീവമായ താരം സിനിമയിലും തിരക്കിലാണിപ്പോൾ. സൗബിൻ ഷാഹിറിനൊപ്പം നവ്യ പൊലീസ് വേഷത്തിലെത്തിയ ‘പാതിരാത്രി’യാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇതിനുപുറമെ ഉർവശി, ധ്യാൻ ശ്രീനിവാസൻ എന്നിവർക്കൊപ്പം പ്രധാന വേഷത്തിലെത്തുന്ന പുതിയ ഹൊറർ ത്രില്ലർ ചിത്രമായ ‘വിസിറ്റർ’ ആണ് നടിയുടെതായി അണിയറയിൽ ഒരുങ്ങുന്ന അടുത്ത സിനിമ.