“ഞാനും ചെളിയില്‍ ചവിട്ടും, എന്നിട്ട് നല്ല വൃത്തിയായി കഴുകി കാണിച്ചു തരാം എന്ന രീതിയിലേക്ക് അവരെന്നെ കൊണ്ടെത്തിച്ചു; ഭാഗ്യലക്ഷ്മി

','

' ); } ?>

താന്‍ ചെയ്ത പഴയ സിനിമകള്‍ പിന്നീട് കാണുമ്പോള്‍ ‘ക്രിഞ്ച്’ തോന്നിയിട്ടുണ്ടെന്നും ചില സ്ത്രീവിരുദ്ധ ഡയലോഗുകള്‍ ഡബ്ബ് ചെയ്യേണ്ടി വന്നതില്‍ കടുത്ത വിയോജിപ്പുണ്ടായിരുന്നെന്നും തുറന്നു പറഞ്ഞ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ആര്‍ജെ ഗദ്ദാഫിയുമായുള്ള അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മിയുടെ തുറന്നുപറച്ചിൽ.

തന്റെ കരിയറിലെ ചില പ്രമുഖ ചിത്രങ്ങളിലെ വോയ്‌സ് ഓവറുകള്‍ ഓര്‍ക്കുമ്പോള്‍ തനിക്ക് തന്നെ വെറുപ്പ് തോന്നിയിട്ടുണ്ടെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ‘ബാവൂട്ടിയുടെ നാമത്തില്‍’ ഭാവനയ്ക്ക് വേണ്ടി ശബ്ദം നല്‍കിയതും, ‘മാടമ്പി’യില്‍ കാവ്യ മാധവന് ഡബ്ബ് ചെയ്തതുമാണ് ഈ അനുഭവത്തിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ശബ്ദം ചേരുക എന്നതിലുപരി ആ കഥാപാത്രങ്ങള്‍ക്കായി സംസാരിക്കുമ്പോള്‍ താന്‍ ഒട്ടും കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു.

ചിത്രങ്ങളിലെ പുരുഷാധിപത്യ സ്വഭാവമുള്ള ഡയലോഗുകള്‍ പറയേണ്ടി വന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും താരം സംസാരിച്ചു. സ്ത്രീകള്‍ എന്തുതന്നെ പറഞ്ഞാലും പുരുഷന്റെ കാല്‍ക്കീഴിലാണ് സ്വര്‍ഗം എന്ന് തുടങ്ങുന്ന ഡയലോഗുകളും, പുരുഷന്മാര്‍ ചെളിയില്‍ ചവിട്ടിയാലും കഴുകിക്കളയും എന്നാല്‍ സ്ത്രീകള്‍ അങ്ങനെയല്ലെന്ന തരത്തിലുള്ള പ്രതിലോമകരമായ വരികളും സിനിമയില്‍ ഡബ്ബ് ചെയ്യേണ്ടി വന്നപ്പോള്‍ കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. തുടക്കത്തില്‍ ഇത്തരം വരികള്‍ വരുമ്പോള്‍ വലിയ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും, ക്ലോസ് അപ്പ് ഷോട്ടുകളായതിനാല്‍ ചുണ്ടുകളുടെ ചലനം നോക്കി ഡബ്ബ് ചെയ്ത് തീര്‍ക്കേണ്ട അവസ്ഥയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി ഓര്‍ക്കുന്നു.

അത്തരം പ്രതിസന്ധികളില്‍ ഫെമിനിസം പറഞ്ഞിട്ട് കാര്യമില്ലെന്നും കഥാപാത്രത്തിന്റെ ആവശ്യകതയനുസരിച്ച് ചിലപ്പോള്‍ വഴങ്ങേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചെറുപ്പത്തില്‍ ഇത്തരം ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ വല്ലാത്ത മാനസിക വിഷമം തോന്നിയിരുന്നെങ്കില്‍, മുതിര്‍ന്നപ്പോള്‍ ആ ചിന്താഗതിക്ക് മാറ്റം വന്നതായും താരം വ്യക്തമാക്കി. “ഞാനും ചെളിയില്‍ ചവിട്ടും, എന്നിട്ട് നല്ല വൃത്തിയായി കഴുകി കാണിച്ചു തരാം” എന്ന രീതിയിലുള്ള ശക്തമായ ആത്മവിശ്വാസത്തിലേക്ക് താന്‍ പിന്നീട് എത്തിയെന്നും അഭിമുഖത്തില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ;

”കുറേ സിനിമകളുണ്ട്. ഭാവനയ്ക്ക് ഡബ്ബ് ചെയ്തത് കണ്ടപ്പോള്‍ തോന്നിയിട്ടുണ്ട്. ബാവൂട്ടിയുടെ നാമത്തില്‍ കണ്ടപ്പോള്‍ ക്രിഞ്ച് അടിച്ചു. എനിക്ക് തന്നെ എന്നോട് വെറുപ്പ് തോന്നിയിട്ടുണ്ട്. കാവ്യ മാധവന് മാടമ്പിയില്‍ ചെയ്തപ്പോള്‍, ശബ്ദം ചേരുക എന്നതിലുപരിയായി ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്തത് പോലെ തോന്നിയിട്ടുണ്ട്.” എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. പിന്നാലെ ഹിറ്റ് ചിത്രത്തിലെ ഡയലോഗ് പറയേണ്ടി വന്നതിനെക്കുറിച്ചും ഭാഗ്യലക്ഷ്മി സംസാരിക്കുന്നുണ്ട്.

”പേരുകേട്ടൊരു സിനിമയാണ്. നമ്മള്‍ സ്ത്രീകള്‍ എന്തൊക്കെ പറഞ്ഞാലും പുരുഷന്റെ കാല്‍ക്കീഴിലാണ് സ്വര്‍ഗമെന്ന് പറയുന്നത്. പറയാന്‍ പറ്റൂല എന്ന് ഞാന്‍ പറഞ്ഞു. ഭാഗീ, മിണ്ടാതെ ഡബ്ബ് ചെയ്യൂവെന്ന് പറഞ്ഞു. സഹിക്കാന്‍ വയ്യാ, എന്താണിത് എന്ന് ഞാന്‍ ചോദിച്ചു. ആണാകുമ്പോള്‍ ചെളി കണ്ടിടത്ത് ചവിട്ടും, വെള്ളം കണ്ടിടത്ത് കഴുകയും ചെയ്യും. പക്ഷെ സ്ത്രീകള്‍ അങ്ങനെയല്ല എന്നൊക്കെ പറയേണ്ടി വന്നിട്ടുണ്ട്. ചെറുപ്പത്തില്‍ എന്തൊരു വൃത്തികെട്ട ഡയലോഗ് എന്ന് പറയുമായിരുന്നു. കുറച്ച് മുതിര്‍ന്നപ്പോള്‍ ഞാനും ചെളിയില്‍ ചവിട്ടും, എന്നിട്ട് നല്ല വൃത്തിയായി കഴുകി കാണിച്ചു തരാം എന്ന് പറയും.” എന്നും താരം പറയുന്നു.

ആ സമയത്തൊക്കെ ഞാന്‍ എതിര്‍പ്പു പറഞ്ഞിട്ടുണ്ട്. പക്ഷെ ക്ലോസില്‍ ആയതിനാല്‍ ഒന്നും ചെയ്യാനും പറ്റില്ല. അവിടെയൊന്നും ഫെമിനിസം പറഞ്ഞിട്ട് കാര്യമില്ല. ആ കഥാപാത്രം അങ്ങനെയായിരിക്കും. ചിത്ര പറയും, ചില വാക്കുകള്‍ വരുമ്പോള്‍ എനിക്ക് പാടാന്‍ പറ്റില്ലെന്ന്. നമുക്ക് അങ്ങനെ പറയാന്‍ പറ്റില്ല.”

Leave a Reply

Your email address will not be published. Required fields are marked *