ആദ്യ ആഴ്ചയിൽ ‘എയ്ഡ്സ്’ ഉണ്ടോ എന്ന് ചോദ്യം, അപകടത്തിന് ശേഷം കഫേയിലിരുത്തി കാമുകിയെ തേടിപ്പോയി; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

','

' ); } ?>

തന്റെ പ്രണയബന്ധത്തിലുണ്ടായ മാനസികാഘാതത്തെയും കയ്പ്പേറിയ അനുഭവങ്ങളെയും കുറിച്ച് തുറന്നുപറഞ്ഞ് നടി ഗായത്രി സുരേഷ്. തന്നെ മാനസികമായി ഏറെ തളർത്തിയ ആ പഴയ ബന്ധത്തിൽ നിന്ന് രക്ഷപ്പെട്ടതിൽ ഇന്ന് സന്തോഷമേയുള്ളൂവെന്നും, തന്നെ ഒഴിവാക്കി വേറൊരാളുടെ അടുത്തേക്ക് പോയതിന് ആ വ്യക്തിയോട് നന്ദി പറയുകയാണ് ഇപ്പോൾ ചെയ്യുകയെന്നും നടി വ്യക്തമാക്കി. ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിപ്പിച്ച ഒരാളെ വീണ്ടും കാണാൻ അവസരം ലഭിച്ചാൽ എന്തായിരിക്കും പറയുക എന്ന ചോദ്യത്തിന് മറുപടിയായാണ് ഗായത്രിയുടെ വെളിപ്പെടുത്തൽ.

2021ൽ താൻ വലിയൊരു വിവാദത്തിൽ പെട്ട സമയത്താണ് ഏറ്റവും വലിയ മാനസികാഘാതം നേരിടേണ്ടി വന്നതെന്ന് ഗായത്രി വെളിപ്പെടുത്തി. പ്രണയമെന്ന് തെറ്റിദ്ധരിച്ചത് യഥാർത്ഥത്തിൽ ഒരു ‘സിറ്റ്വേഷൻഷിപ്പ്’ മാത്രമായിരുന്നുവെന്നും നടി തിരിച്ചറിഞ്ഞു. ബന്ധത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ തനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് ചോദിച്ചുകൊണ്ട് അന്ന് ആ വ്യക്തി കാണിച്ച ആദ്യത്തെ ‘റെഡ് ഫ്ലാഗ്’ തന്നെ താൻ അവഗണിക്കുകയായിരുന്നു. തൃശൂർ സ്വദേശിയായ തനിക്ക് എറണാകുളം സ്വദേശിയായ ആ വ്യക്തിയുമായുള്ള ബന്ധത്തിനിടയിലാണ് അയാൾക്ക് മറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന സത്യം മനസ്സിലായത്.

താൻ കാറപകടത്തിലും തുടർന്നുണ്ടായ വിവാദങ്ങളിലും പെട്ട സമയത്തായിരുന്നു സംഭവങ്ങളുടെയെല്ലാം തുടർച്ച. കാറപകടത്തെ തുടർന്ന് പൊലീസെത്തി അയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതിന് ശേഷം തിരികെയെത്തി തന്നെ ഒരു കഫേയിൽ ഇരുത്തിയിട്ട് അയാൾ മറ്റൊരു കാമുകിയെ കാണാൻ പോയതാണ് തനിക്ക് ഏറ്റവും വലിയ മാനസിക ആഘാതമുണ്ടാക്കിയതെന്ന് ഗായത്രി പറഞ്ഞു. ആ കാമുകി അനുഭവിച്ചിട്ടുണ്ടാകുന്ന മാനസിക പീഡനങ്ങളും നാർസിസിസ്റ്റിക് സ്വഭാവങ്ങളും തനിക്ക് ഇപ്പോൾ വ്യക്തമായി മനസ്സിലാക്കാൻ കഴിയുമെന്നും നടി കൂട്ടിച്ചേർത്തു.

ഇന്ന് ആ വ്യക്തിയെ വീണ്ടും കണ്ടാൽ, തന്നെ ഒഴിവാക്കി മറ്റൊരു വഴി തേടിപ്പോയതിന് വളരെ നന്ദിയെന്നാണ് പറയുകയെന്ന് ഗായത്രി വ്യക്തമാക്കി. ആ കയ്പ്പേറിയ അനുഭവം തന്നെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുകയും മുന്നോട്ട് നയിക്കാൻ പാകത്തിൽ ശക്തയാക്കി മാറ്റുകയും ചെയ്തുവെന്നും നടി കൂട്ടിച്ചേർത്തു.

ഗായത്രിയുടെ വാക്കുകൾ;

‘‘ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. എന്നാൽ ഞാൻ ഏറ്റവും കൂടുതൽ വേദനിച്ചതും മാനസികാഘാതമുണ്ടായതും 2021ൽ ഒരു വിവാദത്തിൽപെട്ട സമയത്തായിരുന്നു.  ആ സമയത്ത് ഞാനൊരു സിറ്റ്വേഷൻഷിപ്പിലായിരുന്നു. പ്രണയമെന്നാണ് ഞാനന്ന് കരുതിയത്. എന്നാലത് സിറ്റ്വേഷൻഷിപ്പ് മാത്രമായിരുന്നുവെന്ന് ഇപ്പോൾ മനസിലാക്കുന്നു. ഞാൻ ഇയാളെ കണ്ടു പരിചയപ്പെടുന്നു, എല്ലാവരിലെയും റെഡ് ഫ്ളാഗ് എളുപ്പത്തിൽ മനസിലാക്കുന്നയാളാണ് ഞാൻ. എന്നാലും ഞാനവർക്ക് മൂന്ന് അവസരം നൽകും. അതു മൂന്നും ശരിയായില്ലെങ്കിൽ അയാളെ എന്റെ ജീവിതത്തിൽ നിന്നു പൂർണമായും പുറത്താക്കും.

പ്രണയത്തിലായി ആദ്യ ആഴ്‌ച തന്നെ അയാളെന്നോട് ചോദിച്ചത്, ‘തനിക്ക് എയ്‌ഡ്‌സ് ഉണ്ടോയെന്നാണ്’. ആ നിമിഷം ഞാനയാളെ ഒഴിവാക്കി. എന്നാൽ ഞാൻ കൂടുതൽ നെഗറ്റീവ് ആവുകയായിരുന്നോയെന്ന് ചിന്തിച്ച് വീണ്ടും ബന്ധം തുടർന്നു. ഞാൻ തൃശൂരും അയാൾ എറണാകുളം സ്വദേശിയുമായിരുന്നു.

ഇതേസമയം തന്നെ എറണാകുളത്ത് വേറൊരാളുമായി ഇയാൾക്ക് റിലേഷൻ ഉണ്ടായിരുന്നുവെന്ന് ഞാൻ കണ്ടെത്തി. ആ സമയത്ത് എനിക്കും കുറച്ച് മോശം ശീലങ്ങളൊക്കെ ഉണ്ടായിരുന്നു. ഞാനും നല്ലൊരു മനുഷ്യത്തിയാണെന്നൊന്നും പറയുന്നില്ല. പക്ഷേ ഒരു നന്മ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. വേണമെന്നു വച്ച് ആളുകളെ ഉപദ്രവിക്കാറില്ല. ആ സമയത്ത് ഇയാൾ എന്നിൽ നിന്നും അകന്നു. പക്ഷേ എനിക്ക് ഇയാെള കണ്ടേ പറ്റൂ. അങ്ങനെ ഞാനും ഇയാളും കാറിൽ പോകുന്ന സമയത്താണ് കാറപകടവും തുടർന്നുള്ള വിവാദങ്ങളും ഉണ്ടാകുന്നത്.

പിന്നാലെ പൊലീസെത്തി അയാളെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. തിരികെ വന്നതിനുശേഷം എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി. അതാണ് എനിക്ക് ഏറ്റവും ആഘാതമുണ്ടാക്കിയത്. അതുകൊണ്ട്, അയാളെ വീണ്ടും കാണുകയാണെങ്കിൽ, ഞാൻ പറയും വളരെയധികം നന്ദി എന്ന്.

അയാളുടെ കാമുകി എന്തൊക്കെയായിരിക്കും അനുഭവിച്ചതെന്ന് എനിക്ക് വ്യക്തമായി മനസിലാക്കാൻ കഴിയും. കാരണം അതൊരു ‘നാർസിസിസ്റ്റിക്’ ബന്ധമായിരുന്നു. അതിൽ അത്തരത്തിലുള്ള മാനസിക പീഡനങ്ങളും ഉണ്ടായിരുന്നു. അതിനാൽ ഇപ്പോൾ അയാളെ കണ്ടാൽ ഞാൻ പറയും വേറൊരാളെ തേടിപ്പോയതിന് വളരെ നന്ദി എന്ന്.

അല്ലെങ്കിൽ ആ ബന്ധത്തിൽ എനിക്ക് ദുരിതം അനുഭവിക്കേണ്ടി വരുമായിരുന്നു. ആ ബന്ധം വളരെ കാര്യങ്ങൾ പഠിപ്പിച്ചു. ജീവിതത്തിൽ മെച്ചപ്പെടാനും വളരാനും ഞാൻ അതിനുശേഷം തീരുമാനിച്ചു.’’