
ചെമ്പൻ വിനോദിന്റെ മാസ്സ് ഡയലോഗുകളും മെക്സിക്കൻ സിനിമകളെ ഓർമിപ്പിക്കുന്ന സ്റ്റൈലിഷ് മേക്കിങ്ങുമായി പ്രേക്ഷകരെ ആകർഷിച്ച് ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ‘ഡിസ്കോ’ ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. സാധാരണക്കാരനായ ഒരു മനുഷ്യന്റെ ചിന്തകളിൽ നിന്ന് അണ്ടർവേൾഡിന്റെ ഇരുണ്ട ലോകത്തിലേക്കുള്ള നായകന്റെ പരിവർത്തനം അവതരിപ്പിക്കുന്ന ടീസർ ഇതിനോടകം തന്നെ സിനിമാപ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു.
അഞ്ചക്കള്ളകോക്കാൻ എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പൻ ഒരുക്കുന്ന ഈ ചിത്രം തിയേറ്ററുകളിൽ മികച്ചൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. ആക്ഷൻ രംഗങ്ങൾക്കും നാടകീയ മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകി പൂർണ്ണമായും സ്റ്റൈലിഷ് ഇന്റർനാഷണൽ ലുക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചെമ്പൻ വിനോദ് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ടൈറ്റിലിൽ പോലും തോക്കിന്റെ പ്രതീകാത്മകത ഉൾപ്പെടുത്തിയിട്ടുള്ളത് സിനിമാപ്രേമികളുടെ ചർച്ചാവിഷയമായിട്ടുണ്ട്.
ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദും ഫാർസ് ഫിലിംസിന്റെ അഹമ്മദ് ഗോൾച്ചനും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ആന്റണി വർഗീസ് പെപ്പെ, ദേവ് മോഹൻ, ലുക്ക്മാൻ, ചെമ്പൻ വിനോദ് ജോസ്, അർജുൻ അശോകൻ, സാഗർ സൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഷെബിൻ ബെൻസൺ, ഫെമിന ജോർജ്, കല്യാണി അനിൽ, മീര വാസുദേവ്, ഗായത്രി സുരേഷ്, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, സിനോജ് വർഗ്ഗീസ്, വിനീത് തട്ടിൽ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
സൗത്ത് ഇന്ത്യൻ സിനിമാരംഗത്തെ പ്രമുഖരായ സാങ്കേതിക വിദഗ്ധരാണ് ഡിസ്കോയ്ക്കായി അണിനിരന്നിരിക്കുന്നത്. അർമോ ഛായാഗ്രഹണവും മണികണ്ഠൻ അയ്യപ്പ സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രോഹിത് വി.എസ് വാരിയത്താണ്. ഗോകുൽ ദാസ് പ്രൊഡക്ഷൻ ഡിസൈനും റോണക്സ് സേവ്യർ മേക്കപ്പും കലൈ കിംഗ്സൺ ആക്ഷൻ കൊറിയോഗ്രാഫിയും നിർവഹിക്കുന്നു. മെൽവി ജെ കോസ്റ്റ്യൂംസും അശ്വത് സ്വാമിനാഥൻ കളറിങ്ങും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ആർ കണ്ണദാസനും സൗണ്ട് മിക്സ് കണ്ണൻ ഗണപത്തുമാണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.