“കാര്യമറിയാതെ എരിവും പുളിയും ചേർത്ത എന്നെ കുറിച്ചുള്ള വാർത്തകൾ വേദനിപ്പിക്കുന്നു”; രാകുൽ പ്രീത് സിങ്

','

' ); } ?>

ആദായനികുതി വകുപ്പ് പരിശോധനയുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജമാണെന്ന് ബോളിവുഡ് നടി രാകുൽ പ്രീത് സിങ്. തനിക്ക് യാതൊരുവിധ ബന്ധവുമില്ലാത്ത വിഷയത്തിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും വസ്തുതകൾ അന്വേഷിക്കാതെ മാധ്യമങ്ങൾ വാർത്തകൾ സെൻസേഷണലൈസ് ചെയ്യുകയാണെന്നും താരം വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അവർ നിലപാട് കടുപ്പിച്ചത്.

സിനിമ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും വിദേശത്തേക്ക് അനധികൃതമായി പണം കടത്തിയെന്ന ആരോപണങ്ങളും അന്വേഷിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ മുംബൈ ആദായനികുതി വകുപ്പ് പ്രമുഖ നിർമാണ കമ്പനിയായ പനോരമ സ്റ്റുഡിയോസിലും നിർമാതാവ് വാഷു ഭഗ്നാനിയുമായി ബന്ധപ്പെട്ട 12-ഓളം കേന്ദ്രങ്ങളിലും വിപുലമായ പരിശോധനകൾ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാകുൽ പ്രീത് സിങ്ങിന്റെ പേര് മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

താനോ ഏതെങ്കിലും പ്രൊഡക്ഷൻ ഹൗസുകളോ അനധികൃത വിദേശ പണമിടപാടുകളിൽ പങ്കാളികളല്ലെന്നും രാജ്യത്തോ വിദേശത്തോ ആരുടെയും പേരിൽ ബിനാമി സ്വത്തുക്കൾ കൈവശം വച്ചിട്ടില്ലെന്നും രാകുൽ വ്യക്തമാച്ചു. സൈനിക പശ്ചാത്തലത്തിൽ നിന്ന് കഠിനാധ്വാനം കൊണ്ടുമാത്രം സിനിമയിലെത്തിയ താൻ, ഇരുപതാം വയസ്സു മുതൽ കൃത്യമായി നികുതി അടയ്ക്കുന്ന ഉത്തരവാദിത്തമുള്ള പൗരയാണെന്നും അവർ ഓർമ്മിപ്പിച്ചു. വാണിജ്യപരമായ സമ്മർദ്ദങ്ങളുടെ പേരിൽ സത്യത്തെ ബലികഴിച്ച് ഒരാളുടെ ആത്മാഭിമാനത്തെ തകർക്കുന്ന രീതിയിൽ അടിസ്ഥാനരഹിത വാർത്തകൾ നൽകിയ മാധ്യമങ്ങൾ അത് പിൻവലിച്ച് വസ്തുതകൾ വ്യക്തമാക്കണമെന്നും താരം ആവശ്യപ്പെട്ടു.

രാകുലിന്റെ വാക്കുകൾ

‘‘വസ്തുതകൾ അന്വേഷിക്കാതെ വാർത്തകൾ എരിവും പുളിയും ചേർത്ത് സെൻസേഷണലാക്കുന്ന ചില ഓൺലൈൻ റിപ്പോർട്ടർമാരുടെയും പ്രമുഖ മാധ്യമപ്രവർത്തകരുടെയും രീതി കാണുമ്പോൾ ശരിക്കും വിഷമമുണ്ട്.

അതുകൊണ്ട്, ഈ വിഷയത്തിൽ എന്നെന്നേക്കുമായി കാര്യങ്ങൾ വ്യക്തമാക്കാം. ആദായനികുതി വകുപ്പ് നടത്തിയത് എന്നെക്കുറിച്ചുള്ള പരിശോധന ആയിരുന്നില്ല. സൈനിക പശ്ചാത്തലത്തിൽ നിന്ന് വരുന്ന ആളാണ് ഞാൻ; സിനിമയിൽ എനിക്കൊരു ഗോഡ്‌ഫാദറും ഉണ്ടായിരുന്നില്ല. കഠിനാധ്വാനം ഒന്നു കൊണ്ടു മാത്രമാണ് ഞാൻ ഇവിടെ വരെ എത്തിയത്. നിയമം അനുസരിക്കുന്ന ഒരു പൗര എന്ന നിലയിൽ 20-ാം വയസ്സു മുതൽ ഞാൻ കൃത്യമായി നികുതി അടയ്ക്കുന്നുമുണ്ട്.

വ്യക്തിഗതമായിട്ടോ ഏതെങ്കിലും പ്രൊഡക്ഷൻ ഹൗസുകൾക്കു വേണ്ടിയോ യാതൊരുവിധ അനധികൃത വിദേശ പണമിടപാടുകളിലും ഞാൻ പങ്കാളിയല്ല. രാജ്യത്തോ വിദേശത്തോ ആരുടെയും പേരിൽ ഞാൻ ബിനാമി സ്വത്തുക്കൾ കൈവശം വച്ചിട്ടുമില്ല. ഇതുവരെ ആരും എനിക്ക് സ്വത്തുക്കൾ ഒന്നും സമ്മാനമായി നൽകിയിട്ടില്ല; തത്വത്തിൽ അത്തരം വിലപിടിപ്പുള്ള സമ്മാനങ്ങൾ സ്വീകരിക്കുന്ന ശീലം എനിക്കില്ലതാനും.

വ്യാജവും അടിസ്ഥാനരഹിതവുമായ ഇത്തരം വാർത്തകൾ നൽകിയ എല്ലാവരും അത് പിൻവലിച്ച് വസ്തുതകൾ വ്യക്തമാക്കണമെന്ന് അഭ്യർഥിക്കുന്നു.

ചെറുതോ വലുതോ ആകട്ടെ, ഓരോ മാധ്യമ സ്ഥാപനത്തിനും അവരുടേതായ വാണിജ്യപരമായ സമ്മർദ്ദങ്ങൾ ഉണ്ടാകുമെന്ന് എനിക്കറിയാം. പക്ഷേ, അത് സത്യത്തെ ബലികഴിച്ചുകൊണ്ടാകരുത്; വിശേഷിച്ചും ഒരാളുടെ ആത്മാഭിമാനത്തെയും ഉപജീവനമാർഗ്ഗത്തെയും തകർക്കുന്ന രീതിയിലാകരുത്.’’