
ലോകപ്രശസ്ത നടനും ചൈനീസ് ആയോധന കലാകാരനുമായ ജാക്കി ചാൻ അന്തരിച്ചെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. X, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാണ് താരം മരിച്ചെന്ന അവകാശവാദവുമായി പോസ്റ്റുകൾ പ്രചരിച്ചത്. എന്നാൽ ഈ വാർത്ത പൂർണ്ണമായും വ്യാജമാണെന്നും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും ദേശീയ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. തന്റെ 72-ാം വയസിലും സിനിമയിൽ സജീവമാണ് അദ്ദേഹം.
അമേരിക്കയിൽ നിന്നുമാണ് ഈ വ്യാജ പ്രചാരണം ആദ്യം പുറത്തുവന്നത്. “ജാക്കി ചാൻ (1954-2026)” എന്ന് രേഖപ്പെടുത്തിയ കറുപ്പും വെളുപ്പും ചിത്രങ്ങളോടെയായിരുന്നു പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ‘അബ്ദുൾ’ എന്ന സോഷ്യൽ മീഡിയ ഉപയോക്താവ് പങ്കുവെച്ച പോസ്റ്റ് വെറും അഞ്ച് മണിക്കൂറിനുള്ളിൽ 3.8 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വാർത്ത ആഗോളതലത്തിൽ പടരുകയും നിരവധി ആരാധകർ ഓൺലൈനിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
എന്നാൽ വ്യാജവാർത്ത വ്യാപകമായതോടെ X-ൽ ഇതിനെതിരെ കമ്മ്യൂണിറ്റി നോട്ട് പ്രത്യക്ഷപ്പെട്ടു. താരം ജീവിച്ചിരിപ്പുണ്ടെന്നും 72-ാം വയസ്സിലും സജീവമാണെന്നും നോട്ടിൽ വ്യക്തമാക്കി. ജാക്കി ചാൻ നിലവിൽ പൂർണ്ണ ആരോഗ്യവാനാണെന്നും വിവിധ സിനിമാ പ്രോജക്ടുകളിൽ പ്രവർത്തിച്ചുവരികയാണെന്നും മാധ്യമങ്ങൾ ഉറപ്പുനൽകുന്നു.
ഫാങ് ഷിലോംഗ് എന്നാണ് ജാക്കി ചാന്റെ യഥാർത്ഥ പേര്. 2026-ൽ 400 ദശലക്ഷം ഡോളറിലധികം ആസ്തിയോടെ ഹോങ്കോംഗിലാണ് അദ്ദേഹത്തിന്റെ താമസം.2026 ജൂലൈയിൽ സിംഗപ്പൂരിലെ പേയ് ചുൻ പബ്ലിക് സ്കൂളിൽ നടത്തിയ സർപ്രൈസ് സന്ദർശനത്തിലാണ് അദ്ദേഹം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. അവിടെ വിദ്യാർത്ഥികൾക്കൊപ്പം സമയം ചെലവഴിച്ച അദ്ദേഹം, കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാനാകൂ എന്ന് കുട്ടികളെ ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു.