കേസുകൾ കേൾക്കാൻ പ്രത്യേക കോടതി വേണ്ടിവരുമോ? ‘അമ്മ’യിലെ തർക്കങ്ങളിൽ ഹൈക്കോടതിയുടെ പരിഹാസം

','

' ); } ?>

താരസംഘടനയായ ‘അമ്മ’യിലെ ചേരിപ്പോരിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംഘടനയിലെ കേസുകൾ കേൾക്കാൻ പ്രത്യേക കോടതി വേണ്ടിവരുമല്ലോ എന്ന് ഹൈക്കോടതി പരിഹസിച്ചു. സാധാരണക്കാരുടെ നിരവധി പ്രശ്നങ്ങൾ പരിഗണിക്കാൻ കിടക്കുമ്പോൾ ഇത്തരം തർക്കങ്ങൾ തീർക്കാനാണോ സമയമുള്ളതെന്നും കോടതി ചോദിച്ചു.

നടിയെ സമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ ലക്ഷ്മിപ്രിയ നൽകിയ ഹർജി പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ ഈ പരാമർശങ്ങൾ. ഹർജിയിൽ സർക്കാർ വിശദീകരണം തേടിയ കോടതി, കേസ് പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റി.

ലക്ഷ്മിപ്രിയയുടെ ഹർജിയിൽ കോടതി സർക്കാരിന് നോട്ടീസ് അയച്ചു. മൂന്നാഴ്ചയ്ക്കുശേഷം കോടതി കേസ് പരിഗണിക്കും. തനിക്കെതിരെ കോടതി നിർദേശപ്രകാരം പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ലക്ഷ്മിപ്രിയയുടെ ആവശ്യം.

നടൻ അൻസിബ നൽകിയ സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പോലീസ് ലക്ഷ്മിപ്രിയക്കെതിരെ കേസെടുത്തത്. വ്യക്തിയധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചെന്നുമായിരുന്നു അൻസിബയുടെ പരാതി. പോലീസിൽ നിന്നും നീതി ലഭിക്കാത്തതിനെത്തുടർന്ന് അൻസിബ മജിസ്ട്രേറ്റ് കോടതിയെയും പിന്നീട് ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു. തുടർന്ന് പരാതി വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി കീഴ്കോടതിക്ക് നിർദേശം നൽകുകയായിരുന്നു. സംഘടനയിലെ വിവിധ വിവാദങ്ങൾക്കും തർക്കങ്ങൾക്കുമിടെയാണ് ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരസ്യമായത്.