‘പ്രിയസുഹൃത്തെന്ന് വെങ്കട്ട് പ്രഭു, ഒരു കുടുംബമെന്ന് ശിവ കാർത്തികേയൻ’, ഭിന്നതകളുണ്ടെന്ന അഭ്യൂഹങ്ങൾക്ക് അവസാനം

','

' ); } ?>

നടൻ ശിവകാർത്തികേയനും സംവിധായകൻ വെങ്കട്ട് പ്രഭുവും തമ്മിൽ ഭിന്നതകളുണ്ടെന്ന പ്രചാരണങ്ങൾക്ക് വിരാമം. വെങ്കട്ട് പ്രഭുവിന്റെ പുതിയ ചിത്രം വൈകുന്നതിന് കാരണം ഒരു നടനാണെന്ന അദ്ദേഹത്തിന്റെ പിതാവും ഗാനരചയിതാവുമായ ഗംഗൈ അമരന്റെ പ്രസ്താവനയാണ് വലിയ തോതിൽ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നത്. ഈ നടൻ ശിവകാർത്തികേയനാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും ചർച്ചകൾ സജീവമായതിനെത്തുടർന്നാണ് ഇരുവരും വിശദീകരണവുമായി രംഗത്തെത്തിയത്.

ഒരു അച്ഛൻ എന്ന നിലയിൽ മകന്റെ സിനിമ വൈകുന്നതിലുള്ള നിരാശയാണ് ഗംഗൈ അമരൻ പ്രകടിപ്പിച്ചതെന്നും അദ്ദേഹത്തെ കുറ്റം പറയാനാകില്ലെന്നും വെങ്കട്ട് പ്രഭു വ്യക്തമാക്കി. വിവിധ കാരണങ്ങളാലാണ് ആ പ്രോജക്റ്റ് മുന്നോട്ടുപോകാതിരുന്നതെന്നും ശിവകാർത്തികേയൻ തനിക്ക് എപ്പോഴും പ്രിയപ്പെട്ട സഹോദരനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമയമാകുമ്പോൾ നല്ലൊരു തിരക്കഥ ഒത്തുവന്നാൽ ശിവകാർത്തികേയനൊപ്പം വീണ്ടും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും വെങ്കട്ട് പ്രഭു വ്യക്തമാക്കി. വെങ്കട്ട് പ്രഭുവിന്റെ ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് “നമ്മളൊരു കുടുംബമല്ലേ സാർ, ഇതിനൊക്കെ ഇത്ര ഗൗരവമുള്ള മറുപടി തരേണ്ടതുണ്ടോ?” എന്നായിരുന്നു ശിവകാർത്തികേയന്റെ സ്നേഹനിർഭരമായ മറുപടി. താൻ എപ്പോഴും ഒരു വെങ്കട്ട് പ്രഭു ആരാധകനായിരിക്കുമെന്നും അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

വെങ്കട് പ്രഭുവിന്റെ വാക്കുകൾ;

“എസ്‌.കെ എനിക്ക് എപ്പോഴും ഒരു പ്രിയപ്പെട്ട കൂട്ടുകാരനാണ്… എൻ്റെ സഹോദരനാണ്. ഒരുപാട് അഭ്യൂഹങ്ങളും വിവാദങ്ങളും ചുറ്റും നടക്കുന്നുണ്ട്. ഒരു അച്ഛൻ എന്ന നിലയിൽ, സ്വന്തം മകൻ ചെയ്യുന്ന ഒരു ചിത്രം വൈകുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന നിരാശ സ്വാഭാവികമാണ്. ഈ വിഷയത്തിന്റെ പൂർണമായ ചിത്രം അദ്ദേഹത്തിന് അറിയില്ലായിരിക്കാം. അതിന് അദ്ദേഹത്തെ കുറ്റം പറയാൻ കഴിയില്ല. എൻ്റെ ജോലിയുടെ കാര്യത്തിൽ ഞാൻ വളരെ ശാന്തനായ ഒരു വ്യക്തിയാണ്. അതിലെ പ്രഫഷണൽ കാര്യങ്ങൾ അച്ഛനുൾപ്പെടെ ആരുമായും ഞാൻ വിശദമായി സംസാരിക്കാറില്ല. വിവിധ കാരണങ്ങളാൽ ആ പ്രോജക്റ്റ് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. അത്രമാത്രം. ആരോടും ഒരു

പരിഭവവുമില്ല.

സമയമാകുമ്പോൾ നല്ലൊരു തിരക്കഥ ഒത്തുവരികയാണെങ്കിൽ, എസ്‌.കെയുമൊത്ത് വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു. അതുകൊണ്ട് ദയവായി ഇതിനെല്ലാം ഇവിടെയൊരു പൂർണവിരാമമിടാം. ഞാൻ എൻ്റെ അടുത്ത സിനിമയുടെ തിരക്കുകളിലാണ്. എൻ്റെ സഹോദരന്റെ സെയോൻ എന്ന ചിത്രത്തിന് എൻ്റെ എല്ലാവിധ ആശംസകളും.”

ശിവകാർത്തികേയന്റെ വാക്കുകൾ;

“നമ്മളൊരു കുടുംബമല്ലേ സാർ, ഇതിനൊക്കെ ഇത്ര ഗൗരവമുള്ള മറുപടി തരേണ്ടതുണ്ടോ? നിങ്ങളുടെ ആശംസകൾക്ക് നന്ദി. നിങ്ങളുടെ പുതിയ ചിത്രത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. സാർ, ഞാൻ ഇത് മുൻപ് നിങ്ങളോട് പറഞ്ഞിട്ടുണ്ട്, ഇപ്പോൾ വീണ്ടും പറയുന്നു – ഞാൻ എന്നും ഒരു വി.പി (VP) ആരാധകനായിരിക്കും. നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ കാത്തിരിക്കുകയാണ്, സാർ.”

ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു വെങ്കട്ട് പ്രഭുവിന്റെ ചിത്രം വൈകുന്നതിനെക്കുറിച്ചും ഒരു നടൻ സിനിമയ്ക്കായി ഏറെ സമയം ആവശ്യപ്പെട്ടതിനെക്കുറിച്ചും ഗംഗൈ അമരൻ തുറന്നടിച്ചത്. എന്നാൽ ഈ വിവാദങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ഇരുവരും തമ്മിലുള്ള സൗഹൃദവും പരസ്പര ബഹുമാനവും ഊട്ടിയുറപ്പിക്കുന്നതാണ് പുതിയ പ്രതികരണങ്ങൾ. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത് വിജയ് നായകനായ 2024 ലെ ‘ഗോട്ട്’ (GOAT) എന്ന ചിത്രത്തിൽ ശിവകാർത്തികേയൻ ഒരു അതിഥിവേഷത്തിൽ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *