
മലയാള സിനിമയിൽ അഭിനയിക്കാൻ അതിയായ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് താരം കരീന കപൂർ. മോഹൻലാൽ ഉൾപ്പെടെയുള്ള മലയാളത്തിലെ മുൻനിര താരങ്ങളോട് വലിയ ബഹുമാനമുണ്ടെന്നും, മലയാളി പ്രേക്ഷകർ വ്യത്യസ്തങ്ങളായ സിനിമകളെ സ്നേഹത്തോടെ സ്വീകരിക്കുന്നവരാണെന്നും താരം വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ‘ദായ്‌റ’യുടെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പൃഥ്വിരാജ് സുകുമാരനൊപ്പം വീണ്ടും ഒരു സിനിമയിൽ കൂടി പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടെന്നും കരീന കപൂർ പറഞ്ഞു. മികച്ച നടനായ പൃഥ്വിരാജിന്റെ അഭിനയശൈലി തനിക്ക് ഏറെ ഇഷ്ടമാണെന്നും ഒരു മലയാള ചിത്രത്തിൽ വേഷമിടാൻ സാധിക്കുന്നത് വലിയ അഭിമാനകരമായ കാര്യമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
“ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ സാധിക്കുന്നത് എനിക്ക് സന്തോഷവും വലിയ അഭിമാനവും നൽകുന്ന കാര്യമായിരിക്കും. മോഹൻലാൽ അടക്കമുള്ള നിരവധി മലയാള നടന്മാരോട് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്. പൃഥ്വിരാജിന്റെ അഭിനയം ഇഷ്ടമാണ്. അദ്ദേഹം ഒരു മികച്ച നടനാണ്. പൃഥ്വിരാജിനൊപ്പം വീണ്ടും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. മലയാളി പ്രേക്ഷകർ സിനിമകൾ ആഘോഷിക്കുന്നവരാണ്. എല്ലാത്തരം വ്യത്യസ്ത സിനിമകളെയും സ്വീകരിക്കുന്നവരാണ്.” കരീന കപൂർ പറഞ്ഞു.
മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ‘ദായ്‌റ’ എന്ന ചിത്രത്തിൽ കരീന കപൂറും പൃഥ്വിരാജ് സുകുമാരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജംഗ്ലീ പിക്ചേഴ്സിന്റെയും പെൻ സ്റ്റുഡിയോസിന്റെയും ബാനറിൽ വിനീത് ജെയിനും ദാവൽ ഗഡ്ഡയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഡി.സി.പി. അജൂനി കോലി എന്ന കഥാപാത്രത്തെയാണ് കരീന അവതരിപ്പിക്കുന്നത്. ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തുകയാണ്.