
സംയുക്ത വർമ്മയുമായി വീണ്ടും ഒന്നിച്ച് അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ബിജു മേനോൻ. ഞങ്ങൾ നല്ല കോമ്പോ ആണെങ്കിലും ഇനി ഒരുമിച്ച് സിനിമയിൽ അഭിനയിക്കുക ബുദ്ധിമുട്ടാണെന്ന് താരം പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ബിജു മേനോന്റെ പ്രതികരണം.
‘ഞങ്ങൾ നല്ല കോമ്പോ അല്ലേ. സിനിമയിൽ ഇനി ഞങ്ങൾ ഒന്നിച്ച് വരുന്നത് പാടാണ്. നമ്മൾ അടുത്തറിയുന്തോറും നമുക്ക് ഒരുമിച്ച് അഭിനയിക്കാൻ വല്യ പാട് വരും. കല്യാണത്തിന് മുൻപ് ഞങ്ങളൊന്നിച്ച് ചെയ്ത സിനിമ ‘മേഘമൽഹാറാ’ണ്. അതിലെ സീരിയസ് സിറ്റുവേഷനൊക്കെ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച് കഴിയുമ്പോൾ ഞങ്ങൾക്ക് ഭയങ്കരമായി ചിരി വരുമായിരുന്നു. അത് ഭയങ്കര ബുദ്ധിമുട്ടാണ്, ഒന്നിച്ച് അഭിനയിക്കാൻ; ബിജു മേനോൻ പറഞ്ഞു.
മഴ, മേഘമൽഹാർ, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങളിലെ ഇരുവരുടെയും കെമിസ്ട്രി മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. 2002-ൽ വിവാഹിതയായതിന് ശേഷം സംയുക്ത സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. സത്യൻ അന്തിക്കാടിന്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ വഴി അരങ്ങേറ്റം കുറിച്ച താരം, ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’, ‘മഴ’, ‘മധുരനൊമ്പരക്കാറ്റ്’, ‘സ്വയംവരപ്പന്തൽ’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. ‘കുബേരൻ’ ആണ് സംയുക്ത ഒടുവിൽ അഭിനയിച്ച ചിത്രം. പതിനെട്ടോളം ചിത്രങ്ങളിൽ അഭിനയിച്ച സംയുക്തയുടെ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.