
വെട്രിമാരൻ-ചിമ്പു കൂട്ടുകെട്ടിന്റെ ‘അരസൻ’ ചിത്രത്തിൽ താനാണ് നായികയെന്ന് രണ്ടാംഘട്ട ചർച്ചയിലാണ് അറിഞ്ഞതെന്ന് നടി യോഗലക്ഷ്മി. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ വിശേഷങ്ങൾ നടി പങ്കുവെച്ചു. മറ്റൊരു ചിത്രത്തിൽ അവസരം വന്നപ്പോൾ വെട്രിമാരനോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് അനിരുദ്ധ് സംഗീതം നൽകുന്ന ഈ വലിയ ചിത്രത്തിലെ നായികവേഷമാണ് തനിക്കെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.
വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ്. താണു നിർമിക്കുന്ന ‘അരസൻ’, ‘അസുരനു’ ശേഷം വെട്രിമാരൻ-താണു കൂട്ടുകെട്ട് വീണ്ടുംൊന്നിക്കുന്ന ചിത്രമാണ്. കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ച ചിത്രം ഡിസംബറിൽ ഷൂട്ടിങ് തുടങ്ങി 15 ദിവസത്തിന് ശേഷം നിർത്തിവച്ചിരുന്നുവെങ്കിലും അടുത്തിടെ പുനഃരാരംഭിച്ചു. അബിഷൻ ജീവിന്തിന്റെ ‘ടൂറിസ്റ്റ് ഫാമിലി’യിലൂടെ ശ്രദ്ധേയയായ യോഗലക്ഷ്മി ‘ഹാർട്ട് ബീറ്റ്’, ‘സിങ്ക പെണ്ണേ’ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. ശിവ രാജ്കുമാർ നായകനാകുന്ന ‘പിക്കാസോ’, ജിയോ ഹോട്ട്സ്റ്റാറിന്റെ ‘ദ കോർട്ട്’ എന്നിവയാണ് നടിയുടെ മറ്റ് പ്രധാന പ്രൊജക്ടുകൾ.
യോഗലക്ഷ്മിയുടെ വാക്കുകൾ:
ചിമ്പുവിന്റെ നായികയായിട്ടാണ് അഭിനയിക്കാൻ പോകുന്നതെന്ന് അറിയില്ലായിരുന്നു. ഒരു ദിവസം വെട്രിമാരൻ സർ എന്നെ വിളിച്ച്, ‘എനിക്ക് നേരിട്ട് കണ്ട് സംസാരിക്കണം’, എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ കണ്ടുമുട്ടുകയും സിനിമയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. രണ്ടാമത്തെ മീറ്റിങ് സമയത്ത് എനിക്ക് മറ്റൊരു സിനിമയിൽ നിന്നും ഓഫർ വന്നിട്ടുണ്ടായിരുന്നു. ‘സർ, എനിക്ക് മറ്റൊരു സിനിമയിൽ അവസരം ലഭിച്ചിട്ടുണ്ട്. സാറിന് കുഴപ്പമില്ലെങ്കിൽ ഞാൻ രണ്ട് സിനിമകളും ചെയ്യാം, അല്ലെങ്കില് സാറിന്റെ ഇഷ്ടം പോലെ’, ഞാൻ വെട്രിമാരൻ സാറിനോട് പറഞ്ഞു. ‘നീ ഈ സിനിമ ചെയ്തോളൂ’ എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ‘എന്റെ സിനിമയിൽ അനിരുദ്ധിന്റെ സംഗീതത്തിൽ ചിമ്പു സാറിന്റെ പെയറായിട്ടാണ് നീ അഭിനയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴാണ് ഞാൻ അത് അറിയുന്നത്.