
തനിക്കെതിരെ അധിക്ഷേപകരമായ രീതിയിൽ ബോഡി ഷെയ്മിങ് നടത്തിയ പാപ്പരാസിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി നടിയും നർത്തകിയുമായ അഞ്ജലി ആനന്ദ്. സഹപ്രവർത്തകനും നടനുമായ ശിവ് താക്കറെയ്ക്കൊപ്പം ഒരു പൊതുപരിപാടിക്ക് ശേഷം മടങ്ങവെയാണ് അഞ്ജലിക്ക് നേരെ പാപ്പരാസികളിൽ ഒരാളിൽ നിന്ന് അനാവശ്യമായ പരാമർശമുണ്ടായത്. എന്നാൽ ഇതിൽ പതറാതെ കൃത്യമായ മറുപടി നൽകിയ നടിയെ പിന്തുണച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്.
പരിപാടി കഴിഞ്ഞ് കാറിലേക്ക് കയറുന്നതിനിടെ ഒപ്പമുണ്ടായിരുന്ന ശിവ് താക്കറെയോട് നടുവിലത്തെ സീറ്റിലിരിക്കാൻ അഞ്ജലി പറയുകയായിരുന്നു. ഇതിനിടയിലാണ് “ശിവ് ഭായിയെ അമർത്തി ഞെരിക്കരുത്” എന്ന് പാപ്പരാസികളിൽ ഒരാൾ നടിയെ പരിഹസിക്കുന്ന രീതിയിൽ വിളിച്ചു പറഞ്ഞത്. വ്യക്തി അധിക്ഷേപം കേട്ടയുടൻ തന്നെ, “ബോഡി ഷെയ്മിങ് സ്വന്തം വീട്ടിൽ പോയി ഭാര്യയോട് പറയൂ” എന്ന് നടി രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. തുടർന്ന് ഡ്രൈവറോട് വണ്ടിയെടുക്കാൻ ആവശ്യപ്പെട്ട് താരം അവിടെ നിന്നും മടങ്ങുകയും ചെയ്തു.
താരത്തിന്റെ മറുപടിയുടെ വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. മാധ്യമങ്ങളുടെയും പാപ്പരാസികളുടെയും അതിരുകടന്ന പെരുമാറ്റത്തെയും വ്യക്തിപരമായ അധിക്ഷേപങ്ങളെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് നിരവധിയാളുകളാണ് അഞ്ജലിക്ക് പിന്തുണയുമായെത്തിയത്. ടെലിവിഷനിലൂടെ അഭിനയരംഗത്തെത്തി ബോളിവുഡ് ചിത്രങ്ങളിലൂടെയും ഒ.ടി.ടി സീരീസുകളിലൂടെയും ശ്രദ്ധേയയായ അഞ്ജലി ആനന്ദ്, ഇതിനുമുമ്പും ബോഡി ഷെയ്മിങ്ങിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.