
ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് പിന്നാലെ ജീവിതത്തിൽ നേരിടേണ്ടി വന്ന കടുത്ത മാനസിക ആഘാതങ്ങളെക്കുറിച്ചും പ്രണയ തകർച്ചയെക്കുറിച്ചും മനസ്സുതുറന്ന് നടി ആര്യ. താൻ ഏറെ വിശ്വസിച്ചിരുന്ന വ്യക്തിയിൽ നിന്നും നേരിട്ട വഞ്ചനയും അതിനെത്തുടർന്നുണ്ടായ തകർച്ചയുമാണ് അശ്വതി അശോക് വിശാലിന് നൽകിയ അഭിമുഖത്തിൽ താരം പങ്കുവെച്ചത്.
ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ വലിയൊരു സൈബർ ആക്രമണവും ഇമേജ് ഡാമേജുമാണ് തന്നെ കാത്തിരുന്നതെന്ന് ആര്യ ഓർത്തെടുക്കുന്നു. കൊറോണ കാരണം 75-ാം ദിവസം ഷോ നിർത്തിവെക്കേണ്ടി വന്നതോടെ ഒരു ലോക്ക്ഡൗണിൽ നിന്നും അതിലും വലിയൊരു വ്യക്തിപരമായ അടച്ചുപൂട്ടലിലേക്കാണ് താൻ എത്തിയത്. പിന്തുണയ്ക്കാൻ സുഹൃത്തുക്കൾ ഉണ്ടായിരുന്നുവെങ്കിലും ഷോയിലേക്ക് പോകുമ്പോൾ പൂർണ്ണ പിന്തുണയോടെ കൂടെയുണ്ടായിരുന്ന പങ്കാളി താൻ തിരിച്ചെത്തിയപ്പോഴേക്കും ഉപേക്ഷിച്ചു പോയിരുന്നുവെന്ന യാഥാർത്ഥ്യം താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.
വിവാഹത്തിലേക്ക് എത്തുമായിരുന്ന ഈ ബന്ധത്തിന്റെ തകർച്ച ആര്യയെ വലിയ തോതിലുള്ള പാനിക് അറ്റാക്കുകളിലേക്കും ആത്മഹത്യാ പ്രവണതയിലേക്കും തള്ളിവിട്ടു. ബന്ധം അവസാനിപ്പിച്ച കാര്യം മറ്റുള്ളവരോടെല്ലാം പങ്കുവെച്ചപ്പോഴും തന്നോട് നേരിട്ട് പറയാതെ പ്രതീക്ഷകൾ നൽകി വഞ്ചിക്കുകയായിരുന്നുവെന്ന് താരം പറയുന്നു. ഒരു വർഷത്തോളം ഇതിൽ വ്യക്തത ലഭിക്കാനായി ശ്രമിക്കുകയും സുഹൃത്തുക്കളുടെ മുന്നറിയിപ്പുകൾ അവഗണിച്ച് ആ പ്രതീക്ഷയിൽ പിടിച്ച് തൂങ്ങുകയും ചെയ്തു. ഉറക്കമില്ലാത്ത രാത്രികളും കടുത്ത മാനസിക പിരിമുറുക്കവുമാണ് ആ നാളുകളിൽ ത അനുഭവിക്കേണ്ടി വന്നത്.
നേരത്തെ ഒരു ഡിവോഴ്സ് കഴിഞ്ഞ സിംഗിൾ മദർ എന്ന നിലയിൽ ഈ പ്രണയതകർച്ച വീണ്ടും ആവർത്തിക്കപ്പെടുമോ എന്ന ഭയവും ആര്യയെ വേട്ടയാടിയിരുന്നു. ബിഗ് ബോസിലെ പെരുമാറ്റം കണ്ടിട്ടാണ് പങ്കാളി ഉപേക്ഷിച്ചതെന്ന് സമൂഹം വിധിയെഴുതുമോ എന്ന പേടിയാൽ സ്നേഹത്തിന് വേണ്ടി ഏറെ യാചിക്കേണ്ടി വന്നെന്നും കരഞ്ഞ് കാലുപിടിക്കുന്ന അവസ്ഥ വരെ ഉണ്ടായെന്നും താരം വെളിപ്പെടുത്തുന്നു.
എന്നാൽ ചില സത്യങ്ങൾ സ്വന്തം കൺമുന്നിൽ തെളിഞ്ഞു വന്നതോടെയാണ് അയാൾക്ക് ആവശ്യമായിരുന്നത് താൻ സ്വയം പിന്മാറുന്നതാണെന്ന് ആര്യക്ക് ബോധ്യപ്പെടുന്നത്. എളുപ്പമല്ലായിരുന്നുവെങ്കിലും ഏറെ സമയമെടുത്ത് ആ യാഥാർത്ഥ്യം ഉൾക്കൊള്ളാനും ആ ബന്ധത്തിൽ നിന്നും പൂർണ്ണമായി ഇറങ്ങിപ്പോരാനും താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പറഞ്ഞാണ് ആര്യ തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.
ആര്യയുടെ വാക്കുകൾ;
”പുറത്തേക്ക് വരുമ്പോള്‍ ഞാന്‍ ഇറങ്ങി വരുന്നത് ഇത്രയും വലിയൊരു ദുരന്തത്തിലേക്കാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇമേജ് ഡാമേജും സൈബര്‍ അറ്റാക്കും നേരിട്ടു. പുറത്തേക്ക് വരുമ്പോള്‍ ലോക്ക്ഡൗണ്‍ ആണ്. കൊറോണ കാരണം 75-ാമത്തെ ദിവസം ഷോ നിര്‍ത്തേണ്ടി വന്നു. 75 ദിവസത്തെ ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഇറങ്ങിവരുന്നത് അതിനേക്കാളും വലിയ ലോക്ക്ഡൗണിലേക്കാണ്.
പുറത്ത് വരുമ്പോള്‍ ഞങ്ങള്‍ക്കൊരു സപ്പോര്‍ട്ട് സിസ്റ്റവുമില്ല. ആളുകള്‍ മാസ്‌ക് ധരിച്ചിരിക്കുന്നു. മുഖത്ത് പോലും നോക്കാത്ത സാഹചര്യത്തിലേക്കാണ് ഇറങ്ങി വരുന്നത്. എന്ത് ചെയ്യും? ആകെപ്പാടെയുള്ള കമ്യൂണിക്കേഷന്‍ ഫോണിലൂടെയാണ്. എന്റെ സുഹൃത്തുക്കളൊക്കെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. വളരെ ബുദ്ധിമുട്ടിയിരുന്നു.
അതിന്റെ കൂടെ, ഞാന്‍ ഏറ്റവും കൂടുതല്‍ എന്നെ സപ്പോര്‍ട്ട് ചെയ്യും, കൂടെ ഉണ്ടെന്ന് പ്രതീക്ഷിച്ചിരുന്ന വ്യക്തി ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ ഇല്ല. ഷോയിലേക്ക് പോകുമ്പോള്‍ എനിക്കൊരു പ്രണയ ബന്ധമുണ്ടായിരുന്നു. പക്ഷെ ഞാന്‍ പുറത്ത് ഇറങ്ങി വരുമ്പോഴേക്കും അയാള്‍ ഇട്ടിട്ടു പോയി. അതിലും ലളിതമായി പറയാനാകില്ല. ആ ഭാഗത്തു നിന്നും ലഭിക്കുന്ന റിജക്ഷനെക്കുറിച്ച് പറഞ്ഞാല്‍ എത്ര പേര്‍ക്ക് മനസിലാകുമെന്ന് അറിയില്ല.
നമ്മള്‍ ഇത്രയും ഇന്‍വെസ്റ്റ് ചെയ്‌തൊരു ബന്ധത്തില്‍ നിന്നിട്ട്, വളരെ സന്തോഷത്തോടെ നമ്മളെ ഒരു ഷോയിലേക്ക് പറഞ്ഞു വിട്ടിട്ട് തിരികെ വരുമ്പോള്‍ ആ ആളില്ല എന്ന് പറയുന്നത് വലിയ ട്രോമയാണ്. എല്ലാം കൂടെ ആയപ്പോള്‍ പടുകുഴിയില്‍ വീണ അവസ്ഥയാണ്. അവിടെ നിന്നും കരകയറാനും പറ്റുന്നില്ല. വല്ലാത്തൊരു അവസ്ഥയാണ്. ആത്മഹത്യാ പ്രവണതയും പാനിക് അറ്റാക്കും ഒക്കെ സംഭവിച്ചിട്ടുണ്ട്. ഞാന്‍ ഉറങ്ങില്ലായിരുന്നു രാത്രി. ഉറങ്ങാന്‍ പറ്റില്ല. രാത്രി ഉറങ്ങാതിരുന്നതിന്റെ ക്ഷീണത്തില്‍ രാവിലെ പാസ് ഔട്ടാകുമായിരുന്നു.
ഇയാള്‍ ഉണ്ടോ ഇല്ലയോ എന്നതായിരുന്നു എന്റെ ഏറ്റവും വലിയ കണ്‍ഫ്യൂഷന്‍. കാരണം അയാള്‍ എന്റെ വികാരങ്ങള്‍ വച്ച് കളിക്കുകയായിരുന്നു. എനിക്ക് ചുറ്റുമുള്ള എല്ലാവരോടും പറഞ്ഞത് ഈ ബന്ധം അവസാനിച്ചുവെന്നാണ്. പക്ഷെ എന്നോട് നേരിട്ട് പറയുന്നില്ല. എന്നോടുള്ള കമ്യൂണിക്കേഷന്‍ തുറന്നു തന്നെ വച്ചിരിക്കുകയാണ്. പക്ഷെ, ഒരു മനുഷ്യന്‍ മൂന്ന് വര്‍ഷമായി നമ്മളോട് പെരുമാറിയിരുന്ന രീതിയില്‍ മാറ്റം വരുമ്പോള്‍ നമുക്കല്ലാതെ വേറെ ആര്‍ക്കാണ് അത് അറിയാന്‍ പറ്റുക? വ്യത്യാസം നമുക്ക് കാണാന്‍ സാധിക്കുമല്ലോ.
ഞാന്‍ അതിലൊരു വ്യക്തത ലഭിക്കാന്‍ ശ്രമിച്ചു. ഒരു വര്‍ഷത്തോളം ഞാനതില്‍ ക്ലാരിറ്റി തപ്പുകയായിരുന്നു. ഒരാള്‍ക്ക് പ്രതീക്ഷ കൊടുത്തു കൊണ്ടിരിക്കുകയാണ്. പക്ഷെ പിന്നില്‍ വഞ്ചിക്കുകയോ അവള്‍ക്കൊപ്പം ഉണ്ടാകാതിരിക്കുകയോ ചെയ്യുകയാണ്. ആ സാഹചര്യത്തെ എന്ത് വിളിക്കുമെന്ന് അറിയില്ല. ആ സാഹചര്യത്തില്‍ ചെറിയൊരു പ്രതീക്ഷയാണെങ്കിലും നമ്മള്‍ അതില്‍ പിടിച്ച് തൂങ്ങും. തിരിച്ചുവരുമെന്ന് കരുതും. കുറേക്കാലം ആ സാഹചര്യത്തിലൂടെയാണ് ഞാന്‍ കടന്നു പോയത്.
എനിക്ക് ചുറ്റുമുള്ള എല്ലാവരും എന്നെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. അവന്‍ തിരികെ വരില്ല, നീ വിചാരിക്കുന്നത് പോലയല്ലെന്ന്. പക്ഷെ ഞാന്‍ കേള്‍ക്കാന്‍ തയ്യാറായില്ല. എന്റെ കൂട്ടുകാര്‍ ഇത് പറയുമ്പോള്‍ ഞാന്‍ അവിടെ ചെന്ന് ചോദിക്കും. എന്തിനാണ് നീ അവര്‍ പറയുന്നത് കേള്‍ക്കുന്നത്, നീ ഞാന്‍ പറയുന്നത് കേള്‍ക്കൂവെന്ന് പറയും. അത് എനിക്ക് കിട്ടിയ പ്രതീക്ഷയാണ്. ഞാന്‍ അതില്‍ കിടന്ന് തൂങ്ങും. അപ്പോള്‍ ബാക്കിയുള്ളവര്‍ പറയുന്നതൊന്നും എനിക്ക് കേള്‍ക്കണ്ടെന്നാകും.
അതൊരു വല്ലാത്ത സാഹചര്യമാണ്. നമ്മള്‍ നമ്മളെ തന്നെ പൂര്‍ണമായും നല്‍കുന്ന അവസ്ഥയായിരുന്നു. പിന്നെ എങ്ങനെയാണെന്ന് അറിയില്ല തിരിച്ചറിഞ്ഞത്. കുറേക്കാര്യങ്ങള്‍ ഞാന്‍ തന്നെ കണ്ടുപിടിച്ചു. ദൈവമായിട്ട് കണ്‍മുന്നില്‍ കൊണ്ടു തന്നു കാണിച്ചതാണോ എന്ന് അറിയില്ല. കണ്‍മുന്നില്‍ കാണുന്ന കാര്യങ്ങള്‍ കണ്ടില്ലാ എന്ന് വെക്കാനാകില്ലല്ലോ. അങ്ങനെയുള്ള സാഹചര്യങ്ങള്‍ വന്നതോടെയാണ് മനസിലാകുന്നത്. ആള്‍ക്ക് വേണ്ടിയിരുന്നത് ഞാന്‍ ആ ബന്ധത്തില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നു. അവസാനം എന്നോട് എന്റെ കൂട്ടുകാര്‍ പറഞ്ഞു അതായിരിക്കാം അവന് വേണ്ടതെന്ന്.
പിന്നെ എനിക്ക് മനസിലായി. ഞാന്‍ തീരുമാനമെടുത്തു. ഒരുപാട് സമയമെടുത്തു. കാരണം അത് ഉള്‍ക്കൊള്ളാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. അത് വലിയൊരു പ്രശ്‌നമാണ്. ഒരു നിമിഷത്തില്‍ വന്ന തിരിച്ചറിവല്ല. ഞാന്‍ കുറേ യാചിച്ചു. ഞാനത് ചെയ്യാന്‍ പാടില്ലായിരുന്നു. എല്ലാവരും പറയും നമ്മള്‍ ഒരിക്കലും സ്‌നേഹത്തിന് വേണ്ടി യാചിക്കരുതെന്ന്. പക്ഷെ ഞാന്‍ നല്ലോണം യാചിച്ചു. കരഞ്ഞ് കാലുവരെ പിടിച്ചു. ഇത് ചെയ്യരുത്, എന്നെ കളഞ്ഞിട്ട് പോകരുത് എന്ന്.
ഞാന്‍ നേരത്തെ തന്നെ ഒരു ഡിവോഴ്‌സ് കഴിഞ്ഞ് നില്‍ക്കുന്ന സിംഗിള്‍ മദറാണ്. ഇത്രയും വലിയൊരു റിയാലിറ്റി ഷോയില്‍ വളരെ സന്തോഷത്തോടെയാണ് ഈ ബന്ധത്തെക്കുറിച്ച് സംസാരിച്ചത്. എന്റെ കണക്ക് കൂട്ടലില്‍ ഇത് കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്കകം ഞങ്ങള്‍ കല്യാണം കഴിക്കുമായിരുന്നു. അങ്ങനെയായിരുന്നു. പക്ഷെ അത് മാറിയെന്ന് പറഞ്ഞപ്പോള്‍ തകര്‍ന്നുപോയി. ഓള്‍റെഡി എന്നെക്കുറിച്ച് മോശം കാര്യങ്ങളാണ് ആള്‍ക്കാര്‍ സംസാരിക്കുന്നത്. അതിന്റെ കൂടെയാണ് ഇതും കൂടെ വരുന്നത്.
അത് തന്നെയാണ് ആള്‍ക്കാര്‍ പറയുന്നതും. ഇന്നും പലര്‍ക്കും അറിയില്ല അയാള്‍ എന്നെ വഞ്ചിച്ച് പോയതാണെന്ന്. ഇന്നും പലരും പറയുന്നത് ഇവളുടെ ബിഗ് ബോസിലെ സ്വഭാവം കണ്ടിട്ടാകാം അയാള്‍ കളഞ്ഞിട്ട് പോയതെന്നാണ്. അങ്ങനെ പറയുന്നവരുമുണ്ട്. ഇതൊക്കെ കേള്‍ക്കേണ്ടി വരുമല്ലോ എന്ന പേടി കാരണം ഞാന്‍ കരഞ്ഞ് കാല് പിടിച്ചു. സമയമയെടുത്തു ഉള്‍ക്കൊള്ളാന്‍. അവസാനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.”