
ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി അണിയറയിലൊരുങ്ങുന്ന ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ ടീസറിന്റെ സൗണ്ട് ഡിസൈനിങ് വിഡിയോയ്ക്ക് താഴെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും സൗണ്ട് ഡിസൈനറുമായ അജയൻ അടാട്ട് നടത്തിയ വിദ്വേഷ പ്രതികരണം സിനിമാ ലോകത്ത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു. സാങ്കേതിക പ്രവർത്തകരുടെ കഠിനാധ്വാനത്തെ രാഷ്ട്രീയവൽക്കരിച്ച് അധിക്ഷേപിച്ച അജയന്റെ നിലപാടിനെതിരെ ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചലച്ചിത്ര മേഖലയിലെ പ്രമുഖരും കടുത്ത അമർഷവുമായി രംഗത്തെത്തി.
ചിത്രത്തിന്റെ സൗണ്ട് മിക്സിങ് വിവരങ്ങൾ വ്യക്തമാക്കി സൗണ്ട് മിക്സർ ആർ.കെ. വിക്കി പങ്കുവെച്ച മേക്കിങ് വിഡിയോയ്ക്ക് താഴെയാണ് ‘‘അയ്യേ ആർഎസ്എസ് …’’ എന്ന് അജയൻ അടാട്ട് കമന്റ് ചെയ്തത്. ‘ഇലവീഴാ പൂഞ്ചിറ’, ‘പണി’ എന്നീ ചിത്രങ്ങളിലൂടെ തുടർച്ചയായി സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കരസ്ഥമാക്കിയ പ്രമുഖ സാങ്കേതിക പ്രവർത്തകനിൽ നിന്ന് ഉയർന്ന ഈ പരാമർശം സിനിമാ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന കലാകാരന്മാരോട് കാണിക്കേണ്ട അടിസ്ഥാനപരമായ ബഹുമാനം പോലും ഇല്ലാതെയാണ് ഇത്തരം പ്രതികരണങ്ങളെന്നാണ് ഇൻഡസ്ട്രിക്കുള്ളിൽ നിന്നുള്ള വിമർശനം.
സഹപ്രവർത്തകരോട് കാണിക്കേണ്ട മാന്യതയെ ചോദ്യം ചെയ്തുകൊണ്ട് ചിത്രത്തിന്റെ സംവിധായകനും സംഗീത സംവിധായകനുമായ രതീഷ് വേഗ അജയന്റെ നിലപാടിനെതിരെ ശക്തമായി രംഗത്തുവന്നു. വിമർശനങ്ങളെ സ്വാഗതം ചെയ്യാമെങ്കിലും ഒരു പ്രോജക്റ്റിനായി സഹപ്രവർത്തകർ നടത്തുന്ന കഠിനാധ്വാനത്തെ ബഹുമാനിക്കാൻ പഠിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരേ മേഖലയിൽ ജോലി ചെയ്യുന്ന കലാകാരന്മാരുടെ സൃഷ്ടികളോട് ഇത്തരത്തിലാണോ പ്രതികരിക്കേണ്ടതെന്ന് പ്രമുഖ സൗണ്ട് എൻജിനീയർ എം.ആർ. രാജകൃഷ്ണനും ആർ.കെ. വിക്കിയും ചോദിച്ചപ്പോൾ, നിർമാതാവ് ജോബി ജോർജ് തടത്തിൽ ഉൾപ്പെടെയുള്ളവർ സംഭവത്തിൽ കടുത്ത വിയോജിപ്പ് വ്യക്തമാക്കി. കലാസൃഷ്ടികളിൽ രാഷ്ട്രീയം കലർത്തി വർഗീയമായി അധിക്ഷേപിക്കുന്നത് മലയാള സിനിമാ വ്യവസായത്തിന് തന്നെ വലിയ ദോഷം ചെയ്യുമെന്നാണ് മേഖലയിലെ പ്രമുഖർ ചൂണ്ടിക്കാണിക്കുന്നത്.
ജമ്മു കശ്മീരിലെ ത്രാളിൽ നടന്ന ഭീകരാക്രമണത്തിന്റെയും തുടർന്നുള്ള ദേശീയ സുരക്ഷാ വിഷയങ്ങളുടെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലറാണ് ‘ഓപ്പറേഷൻ ത്രാൾ’. എൻ.ഐ.എ ഉദ്യോഗസ്ഥനായി ജയസൂര്യ എത്തുന്ന ഈ ചിത്രം ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് നിർമ്മിക്കുന്നത്. റിതിക സിങ്, മുരളി ശർമ്മ, വിനയ് റായ്, സിദ്ദിഖ്, സായ് കുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് റിലീസിനൊരുങ്ങുന്നത്. കശ്മീർ, ലഡാക്ക്, ന്യൂഡൽഹി, മണാലി, കേരളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ തിരക്കഥയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് രതീഷ് വേഗ തന്നെയാണ്.