
ഭാര്യ വിനീതയുമായുള്ള വേർപിരിയലിന്റെ കാരണം വെളിപ്പെടുത്തി നടൻ വിനായകൻ. പരസ്പര ധാരണയോടെയാണ് തങ്ങൾ പിരിഞ്ഞതെന്നും ഇതിന് കാരണം തന്റെ വ്യക്തിത്വവും മാനസിക പ്രയാസങ്ങളുമാണെന്നും മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ താരം വ്യക്തമാക്കി. പരസ്പരം വഴക്കിട്ടല്ല പിരിഞ്ഞതെന്നും ഇരുവർക്കും സമാധാനപരമായ ജീവിതം സാധ്യമാക്കാനാണ് വേർപിരിയാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാങ്ക് ഉദ്യോഗസ്ഥയായ വിനീതയുമായി ഒരുമിച്ച് മുന്നോട്ടുപോവുക സാധ്യമല്ലെന്ന് മനസ്സിലാക്കിയതോടെയാണ് മാറിത്താമസിക്കാൻ തുടങ്ങിയതെന്ന് വിനായകൻ പറഞ്ഞു. വേർപിരിയലിലേക്ക് നയിച്ചത് പൂർണ്ണമായും തന്റെ ഭാഗത്തുള്ള പ്രശ്നങ്ങളാണ്. ഭാര്യക്ക് താൻ കാരണം സമാധാനം നഷ്ടപ്പെടരുത് എന്നും അവർ അവരുടേതായ രീതിയിൽ സന്തോഷത്തോടെ ജീവിക്കട്ടെയെന്നും കരുതിയാണ് ഈ തീരുമാനമെടുത്തതെന്നും താരം വെളിപ്പെടുത്തി.
തനിക്ക് പൂർണ്ണമായും ഉള്ളുതുറക്കാൻ കഴിഞ്ഞിരുന്ന ഏക വ്യക്തി ഭാര്യയായിരുന്നുവെന്നും ആ ബന്ധം തകർന്നത് തന്നെ കടുത്ത മാനസിക പ്രയാസങ്ങളിലേക്ക് തള്ളിയിട്ടുവെന്നും വിനായകൻ ഓർത്തെടുത്തു. നിലവിൽ വേർപിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും തന്റെ കാര്യങ്ങളെല്ലാം ഇപ്പോഴും അവർ അന്വേഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കിയ താരം, പരസ്പരം മനസ്സിലാക്കി വഴിപിരിയുന്നതാണ് ഇരുവർക്കും നല്ലതെന്നും വ്യക്തമാക്കി.
വിനായകന്റെ വാക്കുകൾ:
ഭാര്യ ഉണ്ടായിരുന്നു. ഇപ്പോൾ വേർപിരിഞ്ഞു. കുട്ടികളില്ല. തമ്മിൽ വഴക്കൊന്നുമല്ല. ഒരുമിച്ച് നിൽക്കാൻ പറ്റില്ല. അപ്പോൾ പിന്നെ വേർപിരിഞ്ഞു. അവർക്ക് ബാങ്കിലാണ് ജോലി. വിനീത എന്ന് പറയും. വിനീത വിനയൻ. ഞാൻ പിന്നെയാണ് ആ പേര് ആലോചിച്ചത്… ‘വിനീത വിനയൻ’! എന്നെ എല്ലാരും വിളിക്കുന്നത് ‘വിനയൻ’ എന്നാണ്. വിനായകൻ എന്ന് പൊതുവെ ആളുകൾ വിളിക്കാറില്ല
പൊതുസമൂഹത്തിന്റെ മുന്നിൽ എക്സെൻട്രിക് ഒന്നുമല്ല. ഞാൻ ഒരു പബ്ലിക് പ്രോപ്പർട്ടി ആയി പോയതുകൊണ്ടുണ്ടായ കാര്യമാണ്. പിന്നെ ഒരു സെൽഫ് ഗാർഡ് എന്നുള്ള ലെവലിലാണ് ഞാൻ അങ്ങോട്ട് അടുക്കാത്തത്. ഇങ്ങനെ മാറി നിൽക്കുന്നതാണ് എനിക്ക് നല്ലത്. പിന്നെ എനിക്ക് സംസാരിക്കാൻ അറിയില്ല. ശരിക്കും അറിയില്ല. എന്റെ ഒരു രീതി വേറെയാണ്. പൊതു ഇടത്തിൽ സംസാരിക്കുമ്പോൾ വലിയ പ്രശ്നങ്ങളുണ്ടാകും. ഞാൻ ദേഷ്യത്തിൽ സംസാരിച്ചു കഴിഞ്ഞാൽ അതിന്റെ അർഥം ‘ഇഷ്ടം’ എന്നുള്ളതാണ്. പ്ലാസ്റ്റിക്കായിട്ട് സംസാരിച്ചാൽ ഇഷ്ടമല്ല എന്നും. എല്ലാം നേരെ ഉൾട്ടയാണ്. പറഞ്ഞുവരുന്നത് അത്തരം ഒരു സ്വഭാവം ഒരു മറയായിട്ട് ഞാൻ സൂക്ഷിക്കുന്നു. പിന്നെ എനിക്ക് ഓവർ തിങ്കിങ് ഭയങ്കരമായിട്ടുണ്ട്. എന്റെ അസുഖം ഒക്കെ ആയി ചെറിയ പ്രശ്നങ്ങളും ഉണ്ട്. അതുകൊണ്ട് ഞാൻ പെട്ടെന്ന് അങ്ങോട്ട് മാറി കളയുന്നതാണ്. നമ്മളായി ഒരു പ്രശ്നം ഉണ്ടാകരുത് എന്നുള്ളത് എനിക്ക് നിർബന്ധമുണ്ട്. ആൾക്കാരെ കാണാൻ എന്തോ എനിക്കു വയ്യാ!
എന്നെ എല്ലാവരും നടനായിട്ടാണ് ഇപ്പോൾ കാണുന്നത്. വീട്ടിലാണെങ്കിലും നടനായിട്ടാണ് കാണുന്നത്. അതുകൊണ്ട് വീട്ടിൽ നിന്ന് എപ്പോഴും വഴക്ക് പറയും. ‘അവിടെ പോകരുത്… വീട്ടിൽ പോയിരിക്ക്…’ എന്നെല്ലാം. നടനായി മാത്രം എങ്ങനെ ജീവിക്കും? നമുക്ക് നമ്മുടേതായ വ്യക്തിത്വം പുറത്തിറക്കണ്ടേ? അത് പറ്റുന്നില്ല. അത് ഒരു സങ്കടമാണ്. ഞാൻ ആകാൻ പറ്റുന്നില്ല എനിക്ക്. അത് സങ്കടമാണ്. ആകെ ഉള്ളു തുറക്കാൻ കഴിഞ്ഞിരുന്നത് മുൻ ഭാര്യയോടായിരുന്നു. അത് ഇപ്പോഴില്ല. ആ ഭാഗം ഒക്കെ പൊട്ടിപ്പോയി. അവിടെയാണ് ഞാൻ ഭയങ്കരമായി ഡാർക്കായിപ്പോയത്. എത്ര അകത്ത് കയറിയാലും നമ്മൾ ഒരാളുടെ അടുത്ത് സംസാരിക്കുന്നുണ്ടാകും. എനിക്ക് അങ്ങനെ ഒരാളായിരുന്നു ഭാര്യ.
എന്നെ ഹാൻഡിൽ ചെയ്യാൻ പറ്റുന്നില്ല അതാണ് വേർപിരിയലിലേക്ക് നയിച്ചത്. എന്റെ പ്രശ്നമായിരുന്നു. അവളുടെ പ്രശ്നമല്ല. ഇപ്പോഴും എന്റെ കാര്യങ്ങൾ അവർ നോക്കുന്നുണ്ട്. പരസ്പരം നന്നായി മനസ്സിലാക്കിയപ്പോൾ വേർപിരിയുന്നതാണ് നല്ലതെന്നു തോന്നി. അല്ലെങ്കിൽ പുള്ളിക്കാരിക്ക് വലിയ പ്രശ്നമായേനെ. സമാധാനം കൊടുക്കുന്നില്ല ഞാൻ. അവർ അവരുടേതായ രീതിയിൽ ജീവിക്കട്ടെ! അതാണ് എനിക്കും അവർക്കും നല്ലത്.