“സേ ഇറ്റ് എഗൈൻ, നായികയുടെ കൈ ചുംബിച്ച് രാജൻ സക്കറിയ”; പരോക്ഷ പ്രതികരണവുമായി നിഥിൻ രൺജി പണിക്കർ

','

' ); } ?>

യാഷ് നായകനായ ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ഉയർന്ന സ്ത്രീവിരുദ്ധതാ വിവാദങ്ങൾക്കിടെ, ചർച്ചയായി സംവിധായകൻ നിഥിൻ രൺജി പണിക്കരുടെ സോഷ്യൽ മീഡിയ പ്രതികരണം. സിനിമയിലെ സ്ത്രീരൂപീകരണത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വ്യാപക വിമർശനം ഉയരുമ്പോഴാണ്, തന്റെ മുൻ ചിത്രമായ ‘കസബ’യിലെ ഒരു പ്രമുഖ രംഗത്തിന്റെ സ്ക്രീൻഷോട്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച് നിഥിൻ പരോക്ഷമായ പരിഹാസമുയർത്തിയത്.

2016-ലെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലാണ് (IFFK) നിഥിൻ രൺജി പണിക്കരുടെ മമ്മൂട്ടി ചിത്രം ‘കസബ’യിലെ സ്ത്രീവിരുദ്ധതയ്ക്കെതിരെ നടി പാർവതി തിരുവോത്ത് പരസ്യമായി രംഗത്തെത്തിയത്. അന്ന് വേദിയിലുണ്ടായിരുന്ന ഗീതു മോഹൻദാസ് “സേ ഇറ്റ്, സേ ഇറ്റ്” എന്ന് പറഞ്ഞ് പാർവതിയെ പ്രോത്സാഹിപ്പിച്ചത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ‘കസബ’യിലെ നായകകഥാപാത്രമായ രാജൻ സക്കറിയയുടെ പെരുമാറ്റങ്ങളെച്ചൊല്ലിയുള്ള ചർച്ചകൾ മലയാള സിനിമാമേഖലയിലെ സ്ത്രീപക്ഷ നിലപാടുകളെക്കുറിച്ചുള്ള വലിയൊരു സംവാദത്തിനാണ് അന്ന് തുടക്കമിട്ടത്.

എന്നാൽ വർഷങ്ങൾക്കിപ്പുറം, അന്ന് വിമർശനങ്ങൾക്ക് നേതൃത്വം നൽകിയ ഗീതു മോഹൻദാസ് തന്നെ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രത്തിൽ സ്ത്രീശരീരത്തെ പുരുഷകാമനയുടെ ഉപഭോഗവസ്തുവായി ചിത്രീകരിക്കുന്നുവെന്ന ആക്ഷേപം ഉയർന്നതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. ‘ടോക്സിക്’ സിനിമയുടെ ടീസറും ട്രെയിലറും പുറത്തുവന്നതു മുതൽ ആരംഭിച്ച വിമർശനങ്ങൾ, ചിത്രം റിലീസ് ചെയ്തതോടെ കൂടുതൽ ശക്തമായി. ഈ സാഹചര്യത്തിലാണ് ‘കസബ’യിൽ മമ്മൂട്ടിയുടെ കഥാപാത്രം നായികയുടെ കയ്യിൽ ചുംബിക്കുന്ന രംഗം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് നിഥിൻ നിലപാട് വ്യക്തമാക്കിയത്.

നേരത്തെ ‘ടോക്സിക്’ സിനിമയുടെ പ്രമോഷൻ മെറ്റീരിയലുകൾ പുറത്തുവന്നപ്പോഴും സമാനമായ വിമർശനവുമായി നിഥിൻ രംഗത്തെത്തിയിരുന്നു. താൻ നിർമിച്ച സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരിൽ പ്രതിക്കൂട്ടിൽ നിർത്തിയവർ, വൻകിട സിനിമകൾ ചെയ്യുമ്പോൾ ഇത്തരം വിഷയങ്ങളിൽ സൗകര്യപൂർവം നിലപാട മാറ്റുകയാണെന്നായിരുന്നു അന്ന് നിഥിന്റെ കുറ്റപ്പെടുത്തൽ. സിനിമയുടെ പ്രമേയത്തെയും മേക്കിങ്ങിനെയും ചൊല്ലി സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും വാദപ്രതിവാദങ്ങൾ തുടരുമ്പോൾ, നിഥിൻ രൺജി പണിക്കരുടെ ഈ നിശബ്ദ പ്രതികരണം ചർച്ചകൾക്ക് പുതിയ തല നൽകിയിരിക്കുകയാണ്.