“ഞാനാണ് അമാലിനോട് നടുക്ക് നിൽക്കാൻ പറഞ്ഞത്”; 12 മില്യൺ വ്യൂസ് നേടിയ റീലിന് കല്യാണിയുടെ മാസ് മറുപടി

','

' ); } ?>

ദുൽഖർ സൽമാൻ, ഭാര്യ അമാൽ സുഫിയ, നടി കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിച്ചെത്തിയ പൊതുചടങ്ങിലെ ദൃശ്യങ്ങൾ മുൻനിർത്തി സോഷ്യൽ മീഡിയയിൽ പ്രചരിച്ച തെറ്റായ വാർത്തകൾക്ക് കൃത്യമായ മറുപടിയുമായി കല്യാണി പ്രിയദർശൻ രംഗത്ത്. അനാവശ്യമായ ഗോസിപ്പുകൾ നിർമ്മിക്കാൻ ശ്രമിച്ചവർക്ക് നർമത്തിൽ ചാലിച്ചതും എന്നാൽ വ്യക്തവുമായ കുറിക്കു കൊള്ളുന്ന മറുപടി നൽകിയാണ് നടി വിവാദങ്ങൾക്ക് വിരാമമിട്ടത്.

‘ദുൽഖറിന്റെ ഭാര്യ കല്യാണിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടു’ എന്ന തരത്തിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷനോടെ പ്രചരിക്കുകയും 12 മില്യണിലധികം കാഴ്ചക്കാരെ നേടുകയും ചെയ്ത റീലിനാണ് കല്യാണി നേരിട്ടെത്തി പ്രതികരിച്ചത്. കാര്യങ്ങളെ എന്തിനാണ് അനാവശ്യമായി വളച്ചൊടിക്കുന്നതെന്നും, താൻ അമാലിനോട് നടുവിൽ നിൽക്കാൻ പറയുകയായിരുന്നുവെന്നും, എന്നാൽ അമാൽ തന്നോട് അവിടെ നിൽക്കാൻ നിർബന്ധിക്കുകയാണുണ്ടായതെന്നും താരം വ്യക്തമാക്കി. പരസ്പര ബഹുമാനത്തോടെയുള്ള ഒരു ചെറിയ നിമിഷത്തെയാണ് ചിലർ തെറ്റായ രീതിയിൽ ആഘോഷമാക്കിയതെന്നും നടി ചൂണ്ടിക്കാട്ടി.

രണ്ട് സ്ത്രീകൾ തമ്മിലുള്ള സൗഹൃദത്തെയും ബഹുമാനത്തെയും വ്യാജ വാർത്തകൾക്കായി ഉപയോഗിച്ചവർക്ക് കല്യാണിയുടെ ഈ മറുപടി കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. അനാവശ്യ വിവാദങ്ങൾക്ക് ഇടകൊടുക്കാതെ, വളരെ പക്വതയോടെ വിഷയം കൈകാര്യം ചെയ്ത താരത്തെ അഭിനന്ദിച്ച് നിരവധി ആരാധകരും സിനിമാപ്രേമികളുമാണ് രംഗത്തെത്തുന്നത്.

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ‘ലോക: ചാപ്റ്റർ 1’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ ആഘോഷ ചടങ്ങിൽ നിന്നുള്ളതായിരുന്നു ഈ ദൃശ്യങ്ങൾ. ആഗോളതലത്തിൽ 300 കോടിയിലധികം നേടി, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ വനിതാ കേന്ദ്രീകൃത ചിത്രമെന്ന റെക്കോർഡ് ‘ലോക’ സ്വന്തമാക്കിയിരുന്നു. സിനിമയുടെ വൻ വിജയത്തിന് പിന്നാലെ, ഗോസിപ്പുകളോട് താരം പുലർത്തിയ ഈ ലളിതവും വ്യക്തവുമായ സമീപനം ആരാധകർക്കിടയിൽ കല്യാണിയോടുള്ള സ്വീകാര്യത വീണ്ടും വർധിപ്പിച്ചിരിക്കുകയാണ്.