അനധികൃത ബെറ്റിങ് ആപ്പ് കേസ്: കനത്ത സുരക്ഷയിൽ ചോദ്യം ചെയ്യലിനെത്തി നിധി അഗർവാൾ

','

' ); } ?>

അനധികൃത ബെറ്റിങ് ആപ്പുകളുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ നടി നിധി അഗർവാളിനെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ഹൈദരാബാദിലെ ഇ.ഡി ഓഫീസിൽ ബുധനാഴ്ചയാണ് താരം ഹാജരായത്. മുൻകൂട്ടി സമൻസ് അയച്ചതിനെ തുടർന്നാണ് കേന്ദ്ര ഏജൻസി ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടന്നത്.

വ്യവസായിയായ പി.എം. ഫണിന്ദ്ര ശർമ നൽകിയ പരാതിയിൽ ഹൈദരാബാദിലെ മിയാപൂർ പോലീസാണ് സംഭവത്തിൽ ആദ്യമായി കേസെടുത്തത്. 1867-ലെ പബ്ലിക് ഗാംബ്ലിങ് ആക്ട് ലംഘിച്ച് സോഷ്യൽ മീഡിയ വഴി ചൂതാട്ട ആപ്പുകൾ പ്രചരിപ്പിച്ചെന്നാണ് കേസ്. താരങ്ങളുടെ വ്യാജ വാഗ്ദാനങ്ങളിൽ ആകൃഷ്ടരായി ധാരാളം യുവാക്കൾ ഇത്തരം ആപ്പുകളിൽ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടതായി പരാതിയിൽ പറയുന്നു.

പ്രസിദ്ധരായ സെലിബ്രിറ്റികളെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതോടെ നിധി അഗർവാളിന് പുറമെ റാണ ദഗ്ഗുബട്ടി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ 21 പേർക്കെതിരെയാണ് തെലങ്കാന പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഹൈദരാബാദ് സി.ഐ.ഡിക്ക് മുന്നിലും താരം മൊഴി നൽകിയിരുന്നു.

കനത്ത പോലീസ് സുരക്ഷയിലാണ് നടി ബുധനാഴ്ച ഇ.ഡി ഓഫീസിലെത്തിയത്. മാസ്‌ക് ധരിച്ചെത്തിയ താരം അവിടെ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. മൊഴി രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യലിന്റെ മറ്റ് വിശദാംശങ്ങൾ ഇ.ഡി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.