
തമിഴ്-മലയാള സിനിമകളിലൂടെ ശ്രദ്ധേയനായ മുതിർന്ന നടൻ മോഹൻ ശർമ്മയ്‌ക്കെതിരെ ഗുരുതരമായ ശാരീരിക പീഡന ആരോപണങ്ങളുമായി നടി ഐശ്വര്യ ഭാസ്‌കർ. ബാല്യകാലത്ത്, എട്ടാം വയസ്സു മുതൽ 12 വയസ്സു വരെ രണ്ടാനച്ഛനായ മോഹൻ ശർമ്മയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ഉപദ്രവങ്ങളെക്കുറിച്ചാണ് മുൻകാല നടി ലക്ഷ്മിയുടെ മകളായ ഐശ്വര്യ തന്റെ ‘മൾട്ടി മമ്മി’ എന്ന യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.
ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ വേർപിരിഞ്ഞതിനാൽ മുത്തശ്ശിക്കൊപ്പമാണ് ഐശ്വര്യ വളർന്നത്. പിന്നീട് അമ്മയുടെ ജീവിതത്തിലേക്ക് മോഹൻ ശർമ്മ എത്തിയപ്പോൾ, അദ്ദേഹം തന്റെ സ്വന്തം അച്ഛനാണെന്നാണ് ഐശ്വര്യ വിശ്വസിച്ചിരുന്നത്. അഭിനയ തിരക്കുകൾ കാരണം അമ്മ ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് പോകുമ്പോൾ ഐശ്വര്യയെ മോഹൻ ശർമ്മയുടെ അടുക്കലാണ് ഏൽപ്പിച്ചിരുന്നത്. എന്നാൽ, അമ്മയില്ലാത്ത സമയങ്ങളിൽ ശരീരത്തിൽ പാടുകൾ വീഴുന്നത്ര ക്രൂരമായി അദ്ദേഹം തന്ന തല്ലുമായിരുന്നുവെന്ന് ഐശ്വര്യ ഓർത്തെടുക്കുന്നു. സ്വന്തം അച്ഛനാണെന്ന വിചാരത്താലും അമ്മയുടെ കുടുംബജീവിതത്തിലെ സന്തോഷം തകരരുതെന്ന് കരുതിയും ഈ പീഡനങ്ങൾ ഐശ്വര്യ ആരോടും പറയാതെ നിശബ്ദമായി സഹിക്കുകയായിരുന്നു.
സ്‌കൂളിലും വീട്ടിലും ഒരുപോലെ മാനസിക ആഘാതം അനുഭവിച്ച ഐശ്വര്യയുടെ ശരീരത്തിലെ പാടുകൾ ഒടുവിൽ മുത്തശ്ശിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അമ്മയും മുത്തശ്ശിയും ചേർന്ന് എണ്ണ തേപ്പിച്ചു കുളിപ്പിക്കുന്നതിനിടയിലാണ് ശരീരത്തിലെ കടുത്ത പാടുകൾ കണ്ട് കാര്യം തിരക്കിയത്. തുടർന്ന് ഐശ്വര്യ സത്യം വെളിപ്പെടുത്തുകയും, മുത്തശ്ശി മോഹൻ ശർമ്മയ്ക്ക് ശക്തമായ താക്കീത് നൽകുകയും ചെയ്തു. ഇതിനുശേഷമാണ് പീഡനങ്ങൾ അവസാനിച്ചതും പിന്നീട് ലക്ഷ്മിയും മോഹൻ ശർമ്മയും വേർപിരിയുന്നതും.
മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ മോഹൻ ശർമ്മ വൃദ്ധസദനത്തിൽ കഴിയുന്നുവെന്ന വാർത്തകൾ അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇതിനു പിന്നാലെ, ലക്ഷ്മിയെ സാമ്പത്തികമായി വഞ്ചിച്ചാണ് അദ്ദേഹം പോയസ് ഗാർഡനിൽ വീട് വാങ്ങിയതെന്നും രണ്ടാം ഭാര്യയെയും ശാരീരികമായും സാമ്പത്തികമായും ഉപദ്രവിച്ചിട്ടുണ്ടെന്നും നടി കുട്ടി പദ്മിനി വെളിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ബാല്യകാലത്ത് താൻ അനുഭവിച്ച ക്രൂരമായ അനുഭവങ്ങൾ പങ്കുവെച്ച് ഐശ്വര്യയും രംഗത്തെത്തിയത്.
ഐശ്വര്യയുടെ വാക്കുകൾ;
എന്റെ ചെറുപ്രായത്തില്‍ തന്നെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞിരുന്നു. അച്ഛനെ കണ്ട ഓര്‍മ പോലും എനിക്കുണ്ടായിരുന്നില്ല. അതിന് ശേഷം ഞാന്‍ വളര്‍ന്നത് മുത്തശ്ശിയ്‌ക്കൊപ്പമാണ്. അമ്മ എനിക്കൊരു അച്ഛനെ പോലെയായിരുന്നു. അക്കാലത്ത് അമ്മയ്ക്ക് ഷൂട്ടിങ് തിരക്കുകളാണ്, എനിക്കുള്ള കളിപ്പാട്ടങ്ങളും, ഡ്രസ്സുകളുമൊക്കെയായി വരുന്ന അച്ഛനെ പോലെയാണ് അമ്മയെ കണ്ടത്. എന്നെ കുളിപ്പിക്കുന്നതും ഭക്ഷണം തരുന്നതും പഠിപ്പിക്കുന്നതും, തെറ്റുകള്‍ കണ്ടാല്‍ വഴക്ക് പറയുന്നതും തല്ലുന്നതും എല്ലാം മുത്തശ്ശിയാണ്.
എന്റെ എട്ടാം വയസ്സിലാണ് അമ്മയുടെ ജീവിതത്തിലേക്ക് മറ്റൊരാള്‍ വരുന്നത്. അത് എന്റെ സ്വന്തം അച്ഛനാണെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. ഞങ്ങള്‍ ഒരുമിച്ച് മറ്റൊരു വീട്ടിലേക്ക് മാറിയപ്പോള്‍ മുത്തശ്ശി ഫാം ഹൗസിലേക്ക് മാറി. അമ്മ അപ്പോഴും ഷൂട്ടിങ് തിരക്കുകളിലായിരുന്നു, എന്നെ അച്ഛന്‍ എന്ന് വിശ്വസിപ്പിച്ച ആളുടെ അടുത്താക്കിയാണ് അമ്മ പോകുന്നത്. എന്നിക്ക് സ്‌പോര്‍ട്‌സ് പറഞ്ഞു തരുന്നതും പട്ടു പാവാട വാങ്ങി തരുന്നതും എല്ലാം അദ്ദേഹമാണ്, അത് എന്റെ അച്ഛനാണ് എന്ന് ഞാന്‍ വിശ്വസിച്ചു. എന്നെ തല്ലുമ്പോള്‍ അച്ഛനല്ലേ എന്നാണ് കരുതിയത്.
തല്ല് എന്ന് പറഞ്ഞാല്‍ ചെറിയ തല്ലൊന്നുമല്ല, തല്ലി തല്ലി, ശരീരത്തില്‍ പാടുകള്‍ വരുന്നത് വരെ തല്ലും. പക്ഷേ ഞാനത് ആരോടും പറഞ്ഞില്ല, എന്റെ അച്ഛനല്ലേ തല്ലുന്നത് എന്ന വിശ്വാസമായിരുന്നു. അമ്മയോട് പറഞ്ഞാല്‍, അമ്മയ്ക്കും അയാള്‍ക്കുമിടയില്‍ പ്രശ്‌നം വരുമോ എന്നോര്‍ത്ത് അവിടെയും പറഞ്ഞില്ല. അതിനിടയില്‍ എന്നെ സ്‌കൂള്‍ മാറ്റി, അവിടെ വച്ച് സീനിയറായ ചേച്ചിമാരില്‍ നിന്നും കാരണമില്ലാതെ തല്ല് വാങ്ങിയിരുന്നു. രണ്ടിടത്ത് നിന്നും തല്ല് വാങ്ങി, വളരെ ട്രോമ നിറഞ്ഞ കാലം.
അതേ സമയം അമ്മയ്ക്കും മറ്റുള്ളവര്‍ക്കും മുന്നില്‍ സ്‌നേഹനിധിയായ അച്ഛനാണ് അയാള്‍. അമ്മ ഷൂട്ടിങ് കഴിഞ്ഞ് വന്നാല്‍ ഞങ്ങളെ പുറത്ത് കൊണ്ടു പോകും ഷോപ്പിങിന് കൊണ്ടുപോകും, ഫാമിലിയായി അമ്മ ഹാപ്പിയായിരുന്നു. ആ സന്തോഷം കളയരുത് എന്നും ഞാന്‍ കരുതി. ഒരിക്കല്‍ മുത്തശ്ശി വന്നു, അമ്മയും മുത്തശ്ശിയും എന്നെ എണ്ണ തേപ്പിച്ച് കുളിപ്പിക്കുമ്പോഴാണ് ശരീരത്തിലെ പാട് കണ്ടത്. ഇത് എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചപ്പോള്‍ ആദ്യം ഞാന്‍ പറഞ്ഞില്ല, പിന്നെ അച്ഛന്‍ തല്ലിയതാണ് എന്ന് പറഞ്ഞു. അന്ന് എന്റെ മുത്തശ്ശി അയാള്‍ക്ക് വാര്‍ണിങ് നല്‍കി, അതിന് ശേഷം മാതൃകാപരമായ അച്ഛനായിരുന്നു, തല്ലിയിട്ടില്ല. പിന്നീടവര്‍ വേര്‍പിരിയുകയും ചെയ്തു. അന്ന് അത് എന്റെ രണ്ടാനച്ഛനാണ് എന്നെനിക്ക് അറിയില്ലായിരുന്നു, സ്വന്തം അച്ഛനാണ് എന്ന് കരുതിയാണ് അത്രയും സഹിച്ചത്.