
വാർഡ്രോബിലെ ഒരു വസ്ത്രവും ഇപ്പോൾ ശരീരത്തിന് പാകമാകുന്നില്ലെന്ന ചെറിയൊരു വിഷമത്തിലാണ് നടി സമാന്ത റുത്ത് പ്രഭു. എന്നാൽ ഈ ‘മിനി ഹാർട്ട്ബ്രേക്ക്’ രണ്ടു സെക്കൻഡ് മാത്രമേ നീണ്ടുനിന്നുള്ളൂ എന്നും, കേവലം രണ്ടു ജോഡി വസ്ത്രങ്ങളുമായി താൻ അവധിക്കാല യാത്രയ്ക്കായി ഇറങ്ങുകയാണെന്നും താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഗർഭകാലത്തെ ഈ കുഞ്ഞു സങ്കടവും സന്തോഷവും പ്രതിഫലിക്കുന്ന ഒരു മിറർ സെൽഫിക്കൊപ്പമാണ് സമാന്ത ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്.
തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സമാന്ത, അമ്മയാകാൻ ഒരുങ്ങുന്നതിന്റെ വലിയ ആവേശത്തിലാണ്. ഗർഭകാലത്തെ കുട്ടി ബേബി ബംപുമായി പൊതുച്ചടങ്ങുകളിൽ എത്തുന്ന താരത്തിന്റെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു. മാതൃത്വം എന്നത് താൻ കാലങ്ങളായി ഏറെ ആഗ്രഹിച്ചിരുന്ന ഒന്നാണെന്ന് മുൻപും പല വേദികളിലും സമാന്ത തുറന്നുപറഞ്ഞിട്ടുണ്ട്. ആദ്യ വിവാഹബന്ധത്തിൽ ഈ ആഗ്രഹം നടക്കാതിരുന്ന സമാന്ത, ഇപ്പോൾ ഏറെ പ്രതീക്ഷകളോടെയും സന്തോഷത്തോടെയുമാണ് കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.
2025 ഡിസംബർ ഒന്നിനായിരുന്നു സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സമാന്തയുടെ വിവാഹം. ‘ദ ഫാമിലി മാൻ’, ‘സിറ്റാഡൽ: ഹണി ബണ്ണി’ തുടങ്ങിയ പ്രശസ്ത സീരീസുകളുടെ സംവിധായകരിൽ ഒരാളായ രാജുമായുള്ള ഷൂട്ടിങ് സെറ്റിലെ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും നയിച്ചത്. വിവാഹശേഷം ‘മാ ഇന്റി ബങ്കാരം’ എന്ന തെലുങ്ക്-തമിഴ് ദ്വിഭാഷ ചിത്രത്തിൽ ഇരുവരും ഒന്നിച്ചു പ്രവർത്തിക്കുകയും ചെയ്തിരുന്നു.
ഈ ചിത്രത്തിന് ശേഷമാണ് കരിയറിൽ നിന്ന് ചെറിയൊരു ബ്രേക്ക് എടുക്കുകയാണെന്ന് താരം ആരാധകരെ അറിയിച്ചത്. മുൻപ് ആരോഗ്യപരമായ കാരണങ്ങളാൽ അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കേണ്ടി വന്നപ്പോൾ തിരിച്ചുവരവിനെക്കുറിച്ച് വലിയ സമ്മർദ്ദവും ആശങ്കയുമാണ് ഉണ്ടായിരുന്നതെങ്കിൽ, ഇത്തവണ തികച്ചും സന്തോഷത്തോടെയാണ് താരം മെറ്റേണിറ്റി ലീവിലേക്ക് കടക്കുന്നത്. കുഞ്ഞു പിറന്ന് ഏതാനും മാസങ്ങൾക്കകം തന്നെ ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുമെന്നും സമാന്ത ഉറപ്പുനൽകുന്നുണ്ട്.