
“പുറത്തിറങ്ങുമ്പോൾ ക്ലീൻ ഷേവ് ചെയ്ത് നടന്നോ” എന്ന് നടൻ മോഹൻലാൽ തമാശരൂപേണ മുന്നറിയിപ്പ് നൽകിയതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമെന്ന് നടൻ ആശിഷ് ജോ ആന്റണി. ‘തുടക്കം’ എന്ന പുതിയ ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ ആശിഷ്, ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമയിലെ തന്റെ അനുഭവങ്ങളും പ്രമുഖരുടെ പ്രതികരണങ്ങളും പങ്കുവെച്ചത്.
കഥാപാത്രം മികച്ചതായതുകൊണ്ട് തന്നെ “പുറത്തിറങ്ങുമ്പോൾ നിന്നെ ആരെങ്കിലും വന്ന് അടിക്കണം എന്നാണ് എന്റെ ആഗ്രഹം” എന്ന് സംവിധായകൻ ജൂഡ് ആന്തണിയും തന്നോട് തമാശയായി പറഞ്ഞതായി ആശിഷ് വ്യക്തമാക്കുന്നു. ചെറുപ്പം മുതലേ പരിചയമുള്ള ആളുകളായതിനാൽ ‘തുടക്ക’ത്തിന്റെ സെറ്റിൽ തനിക്ക് യാതൊരു അപരിചിതത്വവും തോന്നിയിരുന്നില്ലെന്നും തികച്ചും കുടുംബ അന്തരീക്ഷമാണ് അവിടെ ലഭിച്ചതെന്നും ആശിഷ് ഓർത്തെടുത്തു. ചിത്രീകരണ സമയത്ത് പ്രകടനത്തെക്കുറിച്ച് അച്ഛൻ ആന്റണി പെരുമ്പാവൂർ വലിയ പുകഴ്ത്തലുകളൊന്നും നടത്തിയിരുന്നില്ലെങ്കിലും, സിനിമ പൂർത്തിയായ ശേഷം നൽകിയ “ഗംഭീരമായി” എന്ന മറുപടിയാണ് തനിക്ക് ഏറ്റവും സന്തോഷം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശിഷിന്റെ വാക്കുകൾ:
”തുടക്കത്തിന്റെ സെറ്റില്‍ എത്തിയപ്പോല്‍ എനിക്കൊരു പരിചയക്കുറവും തോന്നിയിരുന്നില്ല. കാരണം അതിലുള്ള എല്ലാവരേയും കുഞ്ഞുന്നാള്‍ തൊട്ടേ പരിചയം ഉള്ളവരായിരുന്നു. ഒരു കുടുംബം വൈബ് തന്നെയാണ് സെറ്റില്‍ നിന്നും കിട്ടിയത്. പിന്നെ എന്റെ അഭിനയം കണ്ടിട്ട് അച്ഛന്റെ പ്രതികരണം എങ്ങനെയായിരികക്ും എന്നൊരു ചെറിയ ടെന്‍ഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഷൂട്ടിങ്ങിന്റെ സമയത്ത് അച്ഛന്‍ അഭിനയം കണ്ടിട്ട് കൊള്ളാം, ഗംഭീരമായി എന്നൊന്നും പറഞ്ഞിരുന്നില്ല. ആ ഫ്‌ളോ കളയണ്ട എന്ന് കരുതിയിട്ടായിരുന്നു.
ജൂഡേട്ടനും അങ്ങനെ തന്നെയാണ്. സെറ്റില്‍ ഭയങ്കരമായിട്ട് ഒന്നും പറയില്ല. ഗുഡ്, നല്ല ഷോട്ടായിരുന്നു, ഇനി അടുത്തതിലേക്ക് പോകാം എന്നാണ്. അവസാനം ആണ് അവര്‍ പറയുന്നത്. നന്നായിരുന്നുവെന്ന് അപ്പയും അവസാനം പറഞ്ഞു. അതായിരുന്നു എനിക്ക് ഏറ്റവും സന്തോഷം നല്‍കിയത്. പുറത്തിറങ്ങുമ്പോള്‍ ക്ലീന്‍ ഷേവ് ചെയ്ത് നടന്നോ എന്നാണ് ലാലങ്കിൾ പറഞ്ഞത്. ഇഷ്ടമായെന്ന് പറഞ്ഞു. ജൂഡേട്ടന്‍ പറഞ്ഞത്, പുറത്തിറങ്ങുമ്പോല്‍ നിന്നെ ആരെങ്കിലും വന്ന് അടിക്കണം എന്നാണ് എന്റെ ആഗ്രഹം എന്ന്.”
മോഹൻലാൽ ചിത്രം ‘എമ്പുരാനിൽ’ ചെറിയൊരു രംഗത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ആശിഷ് മുഴുനീള വേഷത്തിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രമാണ് ‘തുടക്കം’. വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റത്തിനൊപ്പം തന്നെ ആശിഷ് ജോ ആന്റണിയുടെ വില്ലൻ പ്രകടനവും സർപ്രൈസ് പാക്കേജായി പ്രേക്ഷകർ ഏറ്റെടുത്തതോടെ തിയേറ്ററുകളിൽ വൻ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്.