
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ത്തിന്റെ ട്രെയ്ലറിന് പിന്നാലെ ഉയർന്ന വിഎഫ്എക്സ് വിമർശനങ്ങൾക്കെതിരെ തുറന്നടിച്ച് നായകൻ രൺബീർ കപൂർ. വിഎഫ്എക്സിൽ യാതൊരു പ്രാവീണ്യമില്ലാത്തവരാണ് ഇത്തരം വിമർശനങ്ങൾക്ക് പിന്നിലെന്നും, സിനിമ മേഖലയിൽ ഇതൊരു പുതിയ ‘സിജി ക്രിട്ടിക്സ്’ പ്രവണതയായി മാറിയിരിക്കുകയാണെന്നും നടൻ കുറ്റപ്പെടുത്തി.
സിജി സാങ്കേതികവിദ്യ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാത്തവരുടെ പ്രതികരണങ്ങൾ കാണുമ്പോൾ ചിരിയാണ് വരുന്നതെന്ന് രൺബീർ പറഞ്ഞു. സിനിമയിലെ ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് എളുപ്പത്തിൽ നിർമ്മിച്ചതാണെന്നാണ് പലരുടെയും ധാരണ. എന്നാൽ വർഷങ്ങളുടെ പരിചയസമ്പത്തുള്ള സാങ്കേതിക വിദഗ്ദ്ധർ മണിക്കൂറുകളോളം അധ്വാനിച്ചാണ് ഓരോ രംഗവും പൂർത്തിയാക്കുന്നത്. ചിത്രത്തിന്റെ തുടക്കം മുതൽ സംവിധായകൻ നിതേഷ് തിവാരിയും നിർമാതാവ് നമിത് മൽഹോത്രയും ആകാശത്തിന്റെ നിറം കൃത്യമായി ലഭിക്കാൻ വരെ വിഎഫ്എക്സ് ടീമിനൊപ്പം നിരന്തരം സമയം ചെലവഴിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് യഥാർഥ സിജി ഉപയോഗിച്ച് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക എന്നത് വലിയൊരു വെല്ലുവിളിയാണെന്നും രൺബീർ വ്യക്തമാക്കുന്നു.
ഓസ്കാർ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ പ്രശസ്ത ബ്രിട്ടീഷ് വിഷ്വൽ ഇഫക്ട്സ് കമ്പനിയായ ‘ഡിഎൻഇജി’ ആണ് രാമായണത്തിന്റെ വിഎഫ്എക്സിന് പിന്നിൽ പ്രവർത്തിക്കുന്നത്. സിനിമയുടെ നിർമാതാവ് നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസിന് കീഴിലുള്ള ഈ കമ്പനി മികച്ച വിഷ്വൽ ഇഫക്ട്സിനായി ഇതുവരെ എട്ട് അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്. ‘ഇൻസെപ്ഷൻ’, ‘ഇന്റർസ്റ്റെല്ലാർ’, ‘ടെനറ്റ്’, ‘എക്സ് മാഷീന’, ‘ബ്ലേഡ് റണ്ണർ 2049’, ‘ഫസ്റ്റ് മാൻ’, ‘ഡ്യൂൺ’ (ഭാഗം 1, 2) എന്നീ ലോകപ്രശസ്ത ചിത്രങ്ങളുടെ വിഎഫ്എക്സ് ഒരുക്കിയത് ഡിഎൻഇജി ആയിരുന്നു.
ഏകദേശം 4,000 കോടി രൂപയുടെ കൂറ്റൻ ബജറ്റിൽ നിർമിക്കുന്ന ഈ ചിത്രം വരാനിരിക്കുന്ന ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. പ്രൈം ഫോക്കസ് സ്റ്റുഡിയോസും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. സോണി പിക്ചേഴ്സ് അന്താരാഷ്ട്ര വിതരണവും, ധർമ പ്രൊഡക്ഷൻസ് വടക്കേന്ത്യൻ വിതരണവും നിർവഹിക്കും.
ഇന്ത്യൻ സിനിമാ ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രാമനായി രൺബീർ കപൂർ എത്തുമ്പോൾ സീതയായി സായ് പല്ലവിയും രാവണനായി കന്നഡ താരം യഷും വേഷമിടുന്നു. ശോഭന (കൈകസി), അരുൺ ഗോവിൽ (ദശരഥൻ), രവി ദുബെ (ലക്ഷ്മണൻ), അജിങ്ക്യ ദേവ് (വിശ്വാമിത്രൻ), കുനാൽ കപൂർ (ഇന്ദ്രദേവൻ), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ) എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.