‘സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കിൽ കർണാടകയിൽ നിന്ന് ഒഴിപ്പിക്കും’; യഷിനും ‘ടോക്‌സിക്’ സിനിമയ്ക്കുമെതിരെ നടിയുടെ രൂക്ഷവിമർശനം

','

' ); } ?>

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ടോക്‌സിക്’ റിലീസിന് ഒരുങ്ങവേ, ചിത്രത്തിന്റെ ട്രെയ്‌ലറിലെ രംഗങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി കന്നഡ നടി ഋഷീക സിങ്. ട്രെയ്‌ലറിലെ ഇന്റിമേറ്റ് രംഗങ്ങൾ ചൂണ്ടിക്കാട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടി നായകൻ യഷിനെതിരെ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയത്. യഷ് ഒരു കുടുംബനാഥനും പിതാവുമാണെന്ന കാര്യം ഓർമ്മിപ്പിച്ച ഋഷീക, സിനിമകളിൽ സ്ത്രീകളോട് കൂടുതൽ ബഹുമാനം പുലർത്തുന്ന നിലപാടാണ് താരത്തിൽ നിന്ന് പ്രതീക്ഷിച്ചതെന്ന് വ്യക്തമാക്കി. സ്ത്രീകളെ ബഹുമാനിക്കാൻ തയ്യാറായില്ലെങ്കിൽ യഷിനെ കർണാടകയിൽ നിന്ന് ഒഴിപ്പിക്കുമെന്ന കടുത്ത മുന്നറിയിപ്പോടെയും “ഐ ആം ടോക്സിക്” എന്ന ആവർത്തിച്ചുള്ള പ്രഖ്യാപനത്തോടെയുമാണ് നടിയുടെ വീഡിയോ അവസാനിക്കുന്നത്.

നടിയുടെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ യഷ് ആരാധകരും സിനിമാ പ്രേക്ഷകരും തമ്മിൽ ചേരിതിരിഞ്ഞ് ശക്തമായ വാദപ്രതിവാദങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒരു ഫിക്ഷണൽ സിനിമയിലെ രംഗങ്ങളെ വ്യക്തിപരമായ നിലപാടുകളുമായി കൂട്ടിവായന നടത്തുന്നത് യുക്തിസഹമല്ലെന്നാണ് യഷ് ആരാധകരുടെ വാദം. ഋഷീകയുടെ തന്നെ മുൻകാല അഭിനയരംഗങ്ങളും ഫോട്ടോഷൂട്ടുകളും ചൂണ്ടിക്കാട്ടി ഒരുവിഭാഗം ആളുകൾ നടിക്കെതിരെ രംഗത്തെത്തിയപ്പോൾ, സാംസ്കാരികമായ ചില ചോദ്യങ്ങൾ ഉയർത്തിയ ഋഷീകയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

‘കെ.ജി.എഫ്’ സീരീസിന് ശേഷം യഷ് തിരിച്ചെത്തുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ‘ടോക്സിക്കി’നെ നോക്കിക്കാണുന്നത്. ‘റായ’, ‘ടിക്കറ്റ്’ എന്നീ വ്യത്യസ്ത ഭാവങ്ങളുള്ള ഇരട്ടവേഷങ്ങളിലാണ് ചിത്രത്തിൽ യഷ് പ്രത്യക്ഷപ്പെടുന്നത്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് രാജീവ് രവിയാണ്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കന്നഡ, ഇംഗ്ലീഷ് കൂടാതെ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി 2026 ഓഗസ്റ്റ് 26-ന് തിയേറ്ററുകളിലെത്തും.