“ഫോൺ സ്‌ക്രീനിൽ കണ്ടല്ല സിനിമയെ വിലയിരുത്തേണ്ടത്”: ‘രാമായണ’ വിഎഫ്എക്സ് വിവാദത്തിൽ അണിയറപ്രവർത്തകർ

','

' ); } ?>

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ ഉയർന്ന വിഎഫ്‌എക്‌സ് വിമർശനങ്ങൾ തള്ളി നിർമാതാക്കളും അണിയറപ്രവർത്തകരും രംഗത്ത്. പൂർത്തിയാകാത്ത വിഷ്വൽ ഇഫക്ട്സ് രംഗങ്ങൾ മോശം ഇന്റർനെറ്റ് കണക്ഷനിൽ, ചെറിയ ഫോൺ സ്‌ക്രീനുകളിൽ കണ്ട് സിനിമയെ വിലയിരുത്തുന്നതാണ് ഇത്തരം വിമർശനങ്ങൾക്കും ചർച്ചകൾക്കും കാരണമെന്ന് നിർമാതാവ് നമിത് മൽഹോത്രയും സംവിധായകൻ നിതേഷ് തിവാരിയും വ്യക്തമാക്കി.

കോടികൾ ചെലവിട്ട് തിയേറ്ററുകളിലെ ബിഗ് സ്‌ക്രീൻ അനുഭവം ലക്ഷ്യമിട്ട് ഒരുക്കുന്ന സിനിമയെ യഥാർത്ഥ മാധ്യമത്തിൽ കാണാതെ വിധിയെഴുതരുതെന്നാണ് അണിയറപ്രവർത്തകരുടെ പക്ഷം. ക്രിസ്റ്റഫർ നോളന്റെ ‘ദ ഒഡീസി’ 70mm ഐമാക്‌സ് സ്‌ക്രീനിൽ അനുഭവിക്കേണ്ടതുപോലെ ‘രാമായണ’യും ഐമാക്സ് 3ഡിയിലാണ് പ്രേക്ഷകർ കാണേണ്ടതെന്ന് നമിത് ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റൽ ലോകത്തെ ഇത്തരം അനാവശ്യ ചർച്ചകളെ ‘ശബ്ദകോലാഹലങ്ങൾ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സിനിമ കാണേണ്ട ശരിയായ രീതിയെക്കുറിച്ച് ഇൻഫ്ലുവൻസർമാരെയും ക്രിയേറ്റർമാരെയും ബോധവൽക്കരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. “ഒരു സിനിമ അത് ഏത് രീതിയിലാണോ കാണേണ്ടത്, അങ്ങനെ കണ്ടുവേണം വിലയിരുത്താൻ. ചെറിയ ഫോൺ സ്ക്രീനിൽ കണ്ടിട്ട് ‘ഇത് പോരാ’ എന്ന് പറയുന്നത്ശരിയല്ല.” — നമിത് മൽഹോത്ര (നിർമാതാവ്)

മൂന്ന് വർഷത്തോളമെടുത്ത് തയാറാക്കിയ പല വിഎഫ്‌എക്സ് സീക്വൻസുകളിലെയും ചെറിയ തെറ്റുകൾ മാത്രം വലുതാക്കി കാണിക്കുന്നതിൽ വിഷമമുണ്ടെന്നും സിനിമയുടെ വിഎഫ്എക്സ് ജോലികൾ നിലവിൽ അവസാന ഘട്ടത്തിലാണെന്നും സംവിധായകൻ നിതേഷ് തിവാരി പറഞ്ഞു. ‘ഇൻസെപ്ഷൻ’, ‘ഇന്റർസ്റ്റെല്ലാർ’, ‘ടെനറ്റ്’, ‘ഡ്യൂൺ’ തുടങ്ങിയ ലോകോത്തര സിനിമകളിലൂടെ എട്ടോളം അക്കാദമി അവാർഡുകൾ (ഓസ്കാർ) കരസ്ഥമാക്കിയ ബ്രിട്ടീഷ് വിഎഫ്എക്സ് കമ്പനിയായ ‘ഡിഎൻഇജി’ (DNEG) ആണ് രാമായണയുടെ വിഷ്വൽ ഇഫക്ട്സിന് പിന്നിൽ പ്രവർത്തിക്കുന്നത്. തങ്ങൾ ഇതുവരെ ഏറ്റെടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും സങ്കീർണ്ണമായ പ്രോജക്റ്റുകളിൽ ഒന്നാണ് ഇതെന്ന് ഡിഎൻഇജിയുടെ തലവൻ കൂടിയായ നമിത് മൽഹോത്ര കൂട്ടിച്ചേർത്തു.

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും ഉയർന്ന ബജറ്റുകളിലൊന്നായ 4,000 കോടി രൂപയിലാണ് ചിത്രം നിർമിക്കുന്നത്. പ്രൈം ഫോക്കസ് സ്റ്റുഡിയോസും കെ.ജി.എഫ് താരം യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം സോണി പിക്ചേഴ്സും ഉത്തരേന്ത്യൻ വിതരണം ധർമ പ്രൊഡക്ഷൻസുമാണ് ഏറ്റെടുത്തിരിക്കുന്നത്.

രൺബീർ കപൂർ (രാമൻ), സായ് പല്ലവി (സീത), യഷ് (രാവണൻ) എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ശോഭന (കൈകസി), അരുൺ ഗോവിൽ (ദശരഥൻ), രവി ദുബെ (ലക്ഷ്മണൻ), അജിങ്ക്യ ദേവ് (വിശ്വാമിത്രൻ), കുനാൽ കപൂർ (ഇന്ദ്രദേവൻ), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ) തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.