
ദേശീയ-രാജ്യാന്തര പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ നിമിഷങ്ങളിലെ അനുഭവങ്ങളും പരിഭ്രാന്തിയും പങ്കുവെച്ച് നടൻ ഇന്ദ്രൻസ്. അംഗീകാരങ്ങൾ തേടിയെത്തുമ്പോൾ അത് സത്യമാണോ എന്ന് സംശയിച്ചുപോയ സാഹചര്യങ്ങളെക്കുറിച്ചാണ് സിനിഗ്രാം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയത്.
‘ഹോം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ പ്രത്യേക പരാമർശം ഏറ്റുവാങ്ങാൻ പോയപ്പോൾ കൈയും കാലും ഒരുപോലെ വിറച്ചിരുന്നതായി ഇന്ദ്രൻസ് ഓർത്തെടുക്കുന്നു. ആഗ്രഹിച്ച ലക്ഷ്യത്തിൽ ചെന്നെത്തുമ്പോൾ അത് സ്വപ്നം പോലെ തോന്നുമെന്നും, സംഘടകർക്ക് വല്ല അബദ്ധവും പറ്റിയതാണോ അതോ പേര് മാറിപ്പോയതാണോ എന്ന് വരെ ചിന്തിച്ചുപോയെന്നാണ് താരം വിനയത്തോടെ വ്യക്തമാക്കിയത്.
‘വെയിൽ മരങ്ങൾ’ എന്ന സിനിമയിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോഴുള്ള അനുഭവവും താരം പങ്കുവെച്ചു. ലോക സിനിമയിലെ വമ്പൻ ചിത്രങ്ങളോട് മത്സരിച്ച് മികച്ച നടനായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ കേട്ടത് സത്യം തന്നെയോ എന്നറിയാൻ ചെവി തിരുമ്മി ഒന്നുകൂടി കേൾക്കേണ്ടി വന്നുവെന്ന് താരം പറഞ്ഞു. ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം പുരസ്കാരം നേടിയിരുന്നു.
ഹാസ്യനടനായി തുടങ്ങി പിന്നീട് ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ വീടുകളിലെ ഒരംഗത്തെപ്പോലെ മാറിയ താരം, അടുത്തിടെ ‘കറുപ്പ്’ എന്ന ചിത്രത്തിലൂടെ തമിഴിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ‘അനന്തൻ കാട്’ ആണ് ഇന്ദ്രൻസിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജ് നായകനാകുന്ന ‘ഖലീഫ’യാണ് ഇനി വരാനിരിക്കുന്ന പ്രധാന പ്രോജക്ട്.