“വരികളെഴുതിയ ബുക്ക് ബസ്സിൽ വെച്ച് മറന്നു, ഡമ്മി വരി കൊണ്ട് ഹിറ്റടിച്ച ആൽബമാണ് മുത്ത് ഹബീബി മൊഞ്ചത്തി”: ആശിർ വടകര

','

' ); } ?>

സിനിമാ ഗാനങ്ങളോളം ആരാധകരുള്ള ഒന്നാണ് 2000ത്തിന്റെ തുടക്കങ്ങളിലെ ആൽബം ഗാനങ്ങൾ. അതിൽ തന്നെ ഖൽബാണ് ഫാത്തിമയും, മുത്ത് ഹബീബി മൊഞ്ചത്തിയും ഉണ്ടാക്കിയ ഓളം ഇന്നും കെട്ടടങ്ങിയിട്ടില്ല. റീൽസിലൂടെയൊക്കെ പുത്തൻ തലമുറയും ഗാനങ്ങളുടെ ആരാധകരാണ്. അന്ന് ആൽബം രംഗത്ത് തരംഗം സൃഷ്ടിക്കിച്ചൊരു എഴുത്തുകാരനാണ് ആശിർ വടകര. സജ്‌ന എന്റെ സജ്‌ന, നീ എന്റെതല്ലേ, ആശകളില്ലാത്ത തുടങ്ങിയ ഹിറ്റ് ഗാനങ്ങൾക്കൊക്കെയും വരികളെഴുതിയത് ആശിറാണ്. ഇപ്പോഴിതാ ഹിറ്റ് ആൽബം മുത്ത് ഹബീബി മൊഞ്ചത്തിക്ക് പിന്നിലുള്ളൊരു രസകരമായ കാര്യം തുറന്നു പറയുകയാണ് ആശിർ. “മുത്ത് ഹബീബി മൊഞ്ചത്തിയിലെ ഗാനങ്ങളൊക്കെ ബസ്സിൽ വെച്ച് മറന്നു പോയെന്നും, അതിന്റെ ഡമ്മി വരികളാണ് പിന്നീട് ഗാനങ്ങൾക്ക് ഉപയോഗിച്ചതെന്നും ആശിർ പറഞ്ഞു. ഫൺ വിത്ത് സ്റ്റാർസ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുത്ത് ഹബീബി മൊഞ്ചത്തിക്ക് പിന്നിൽ വളരെ രസകരമായൊരു കഥയുണ്ട്. മില്ലേനിയം സജിയേട്ടന് വേണ്ടിയാണ് ആൽബം എഴുതിയത്. പാട്ടുകളും കൊണ്ട് ഞാനും കൊല്ലം ഷാഫിയും ഒരുമിച്ചാണ് എം ജി ശ്രീകുമാറിന്റെ വീട്ടിലേക്ക് പോയത്. തിരിച്ചു വരുന്ന വഴിക്ക് പാട്ടുകളൊക്കെ ബസ്സിൽ വെച്ച് മറന്നു പോയി. എന്നിട്ട് അതിന്റെ ഡമ്മി വരികളെഴുതിയാണ് സജിയേട്ടനെ കേൾപ്പിക്കുന്നത്. അന്ന് ഞാൻ പറഞ്ഞു, നമുക്കൊന്നിരിക്കണം വരികളൊക്കെ മാറ്റിയെഴുതണം എന്ന് പറഞ്ഞു. “അതിൽ നിന്നൊരു വരി പോലും മാറ്റിയാൽ വർക്ക് ചെയ്യരുത്, എന്നാണ് അന്ന് സജിയേട്ടൻ പറഞ്ഞത്. അങ്ങനെ ഡമ്മി വരികളാണ് പിന്നീട് മുത്ത് ഹബീബി മൊഞ്ചത്തിയിലെ പാട്ടായത്. ഇന്ന് റീലുകളിലൊക്കെ സജ്ന എന്റെ സജ്നയും, നീ എന്റെതല്ലേ ഒക്കെ ട്രെൻഡ് ആയി മാറുന്നത് കാണുമ്പോൾ സന്തോഷമാണ്.” ആശിർ പറഞ്ഞു.

അത് പോലെ അന്ന് തിരിച്ചു വരുമ്പോൾ ബസ്സിനു കൊടുക്കാൻ കാശില്ല. എന്റെ കയ്യിലും ഇല്ല, ഷാഫിയുടെ കയ്യിലും ഇല്ല. എനിക്ക് കണ്ടക്ടറോട് സംസാരിക്കാൻ മടി ആയിട്ട് ശാഫിയാണ് സംസാരിക്കുന്നത്. ഞങ്ങൾ പറഞ്ഞു കയ്യിൽ കാശില്ല, എത്തിക്കാം എന്നൊക്കെ. അയാളൊരു കരുണ ഉള്ള മനുഷ്യനായിരുന്നു. കാശില്ലാതെ യാത്ര ചെയ്യാൻ സമ്മതിച്ചു. എന്നിട്ട് സജിയേട്ടനെയും ബാബുവേട്ടനെയുമൊക്കെ വിളിച്ച് പണം സംഘടിപ്പിച്ച് കെസ് ആർ ടി സിയുടെ ഓഫീസിൽ പോയിട്ട് മൂപ്പർക്ക് പൈസ കൊടുക്കുകയാണ് ചെയ്തത്.” ആശിർ കൂട്ടിച്ചേർത്തു.