
ഹോളിവുഡ് താരം ടോം ക്രൂസിന് തന്നോട് പ്രണയമുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം മല്ലിക ഷെരാവത്ത്. കരൺ ജോഹർ അവതാരകനായെത്തുന്ന ‘ദി ട്രെയ്റ്റേഴ്‌സ്’ എന്ന പുതിയ റിയാലിറ്റി ഷോയുടെ പ്രൊമോ വീഡിയോയിലാണ് താരത്തിന്റെ കൗതുകകരമായ ഈ അവകാശവാദം. ഓഗസ്റ്റ് 13-ന് ഷോയുടെ പ്രീമിയർ നടക്കാനിരിക്കെ, മല്ലികയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്.
സഹമത്സരാർത്ഥിയും കൊമേഡിയനുമായ ആദിത്യ കുൽശ്രേഷ്ഠ് (കുല്ലു) മല്ലികയോട് പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം ടോം ക്രൂസിന്റെ പേര് പരാമർശിച്ചത്. എല്ലാവർക്കും തന്നോടാണ് പ്രണയം തോന്നാറുള്ളതെന്നും, നിലവിൽ ടോം ക്രൂസിന് തന്നോട് പ്രത്യേക ഇഷ്ടമുണ്ടെന്നുമാണ് താരം വ്യക്തമാക്കിയത്. കൈയ്യിൽ ഫോണുണ്ടായിരുന്നെങ്കിൽ അദ്ദേഹം അയച്ചുതന്ന വീഡിയോകൾ തെളിവായി കാണിച്ചുതരുമായിരുന്നു എന്നും മല്ലിക കൂട്ടിച്ചേർത്തു. ഇരുവരും ഒന്നിച്ചു പങ്കെടുത്ത പാർട്ടികളിലെ ദൃശ്യങ്ങളാണ് ടോം ക്രൂസ് തനിക്ക് അയക്കാറുള്ളതെന്നും താരം വ്യക്തമാക്കി.
മല്ലികയുടെ ഈ വാക്കുകളോട് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ഇത് വെറുമൊരു തമാശ മാത്രമാണെന്ന് ഒരു വിഭാഗം തള്ളിക്കളയുമ്പോൾ, മല്ലികയുടെ തുറന്നുപറച്ചിൽ സത്യമായിരിക്കാമെന്നാണ് ആരാധക പക്ഷം. മുനവർ ഫാറൂഖി, ശ്വേത തിവാരി, റിയ ചക്രവർത്തി, അഭിഷേക് മൽഹാൻ തുടങ്ങി 21 പ്രമുഖർ അണിനിരക്കുന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ തുടക്കത്തിൽ ഭയമുണ്ടായിരുന്നെങ്കിലും മാനേജരുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ സമ്മതിച്ചതെന്നും മല്ലിക വെളിപ്പെടുത്തിയിട്ടുണ്ട്.