
വിദേശത്ത് നടന്ന സ്റ്റേജ് ഷോയ്ക്കിടെ തനിക്ക് മോഹൻലാൽ നേരിട്ട് മേക്കപ്പ് ചെയ്തു തന്നതിന്റെ അനുഭവവും ചിത്രങ്ങളും പങ്കുവെച്ച് നടൻ കലാഭവൻ ഷാജോൺ. ഷോയ്ക്കിടെ മേക്കപ്പ് ബാഗ് മറന്നുപോയ നിമിഷം ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത വലിയൊരു ഓർമയായി മാറിയ കഥ സോഷ്യൽ മീഡിയയിലൂടെയാണ് താരം ആരാധകരുമായി പങ്കുവെച്ചത്.
പ്രോഗ്രാമിനായി വിദേശത്തെത്തിയപ്പോൾ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്തുചെയ്യണമെന്നറിയാതെ സ്റ്റേജിന് പിന്നിൽ പരിഭ്രമിച്ചു നിന്ന ഷാജോൺ, മോഹൻലാലിന്റെ പേഴ്സണൽ അസിസ്റ്റന്റായ വിജീഷിനോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. മോഹൻലാൽ അറിയാതെ തനിക്ക് ആവശ്യമായ മേക്കപ്പ് സാധനങ്ങൾ മാത്രം തന്ന് സഹായിക്കാമോ എന്നായിരുന്നു ഷാജോണിന്റെ അഭ്യർത്ഥന.
എന്നാൽ, കാര്യങ്ങൾ അറിഞ്ഞ മോഹൻലാൽ ഷാജോണിനെ അങ്ങോട്ട് വിളിച്ചുവരുത്തുകയായിരുന്നു. മോഹൻലാൽ മേക്കപ്പ് ചെയ്തു നൽകുന്ന ചിത്രങ്ങൾക്കൊപ്പം ഷാജോൺ പങ്കുവെച്ച ഈ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഷാജോണിന്റെ വാക്കുകൾ;
‘‘ചില മറവികൾ ചിലപ്പോൾ..
ലാലേട്ടന്റെ ഒപ്പം ഷോയ്ക്ക് പോയപ്പോൾ ഞാൻ എന്റെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു.. എന്ത് ചെയ്യും എന്നോർത്ത് സ്റ്റേജിന്റെ ബാക്കിൽ നിൽക്കുമ്പോഴാണ് വിജീഷിനെ (ലാലേട്ടന്റെ പഴ്സനൽ അസിസ്റ്റന്റ്) കാണുന്നത്.. കാര്യം പറഞ്ഞു. എനിക്ക് മേക്കപ്പ് ചെയ്യാനുള്ള ഐറ്റംസ് തന്നു ഒന്ന് സഹായിക്കാമോ ചോദിച്ചു..ലാലേട്ടൻ അറിയരുതേ എന്നും ഞാൻ പറഞ്ഞു.. കുറച്ചു കഴിഞ്ഞു വിജീഷ് വന്നു വിളിച്ചു.. ഞാൻ ചെല്ലുമ്പോൾ ലാലേട്ടൻ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നു.
‘ഇരിക്ക് മോനെ.. നിനക്കു ഞാൻ മേക്കപ്പ് ചെയ്തു തരാം’ എന്ന് പറഞ്ഞു… ഒന്ന് ഞെട്ടി.. ആ ഞെട്ടലിൽ.. വലിയ ഭാഗ്യമാണ് എന്ന് അറിഞ്ഞിട്ടും ഞാൻ വേണ്ട എന്ന് പറഞ്ഞു.. പക്ഷേ ലാലേട്ടൻ നിർബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു.
ഈ സ്നേഹത്തിന് ചേർത്ത് നിർത്തലിന് ദൈവത്തിന് ഒരുപാട് നന്ദി. സ്വപ്നം പോലും കാണാത്ത കാര്യങ്ങൾ ജീവിതത്തിൽ നടത്തി തരുന്നതിന്. ചില മറവികൾ ചിലപ്പോൾ… നമുക്ക് ഒരിക്കലും മറക്കാത്ത ഓർമകൾ തരും.’’