
തിയേറ്ററുകളിലിരുന്ന് ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്ന രീതിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ആർ. മാധവൻ. തീയേറ്ററുകൾ സിനിമ കാണാനുള്ള ഇടമാണെന്നും, ലഞ്ചോ ഡിന്നറോ കഴിക്കണമെന്നുള്ളവർ റസ്റ്റോറന്റുകളിലേക്കാണ് പോകേണ്ടതെന്നും താരം വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ ‘ജിഡിഎൻ’ (GDN) എന്ന സിനിമയുടെ പ്രചാരണപരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബത്തോടൊപ്പം സിനിമ കാണാനിരിക്കുമ്പോൾ പാനിപൂരി പോലെയുള്ള ഭക്ഷണങ്ങൾ ഓർഡർ ചെയ്യുന്നതും, സിനിമയുടെ പകുതിക്കുവെച്ച് അത് എത്തിച്ചു നൽകുന്നതും കാണികളുടെ ശ്രദ്ധ തിരിക്കുമെന്നും ഇത് തികച്ചും മണ്ടത്തരമാണെന്നും മാധവൻ പറഞ്ഞു. ഇതിനുപുറമേ, സിനിമകൾ ഇറങ്ങുന്നതിന് മുൻപ് തന്നെ റിവ്യൂകൾ വരുന്ന ഇന്നത്തെ ട്രെൻഡിനെക്കുറിച്ചും താരം സംസാരിച്ചു. തന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘അലൈപായുതേ’യുടെ സമയത്ത് റിവ്യൂ പുറത്തുവരാൻ ഒരാഴ്ചയോളം കാത്തിരിക്കേണ്ടി വന്നിരുന്നുവെങ്കിൽ, ഇന്നത്തെ ചിത്രം കാണുംമുമ്പേ വിധി നിർണ്ണയിക്കപ്പെടുന്ന അവസ്ഥയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ദേശീയ അവാർഡ് നേടിയ ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രത്തിന് ശേഷം മാധവൻ വീണ്ടുമൊരു ശാസ്ത്രജ്ഞന്റെ ജീവചരിത്ര സിനിമയുമായി എത്തുന്നു എന്ന പ്രത്യേകതയോടെയാണ് ‘ജിഡിഎൻ’ ഒരുങ്ങുന്നത്. ‘റോക്കട്രി’യുടെ അതേ അണിയറപ്രവർത്തകർ വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ്ണകുമാർ രാമകുമാറാണ്. കൃഷ്ണകുമാറും മാധവനും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
സത്യരാജ്, പ്രിയാമണി, ജയറാം, ദുഷാര വിജയൻ തുടങ്ങിയ പ്രമുഖ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. അരവിന്ദ് കമലനാഥൻ ഛായാഗ്രഹണവും ബിജിത്ത് ബാല എഡിറ്റിങ്ങും നിർവഹിക്കുന്നു. വർഗീസ് മൂലൻ പിക്ചേഴ്സിന്റെ ബാനറിൽ വർഗീസ് മൂലനും മാധവനും ഭാര്യ സരിതയും ചേർന്നുള്ള ട്രൈ കളർ ഫിലിംസും സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഉർവശി തിയേറ്റേർസ് ആണ്. (പിആർഒ: ഐശ്വര്യ രാജ്).