
നടി ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന ശരീരഭാരം കുറയ്ക്കൽ സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും വലിയ ചർച്ചയായിരുന്നു. താൻ അഭിമുഖീകരിച്ച കടുത്ത ആരോഗ്യ പ്രശ്നങ്ങളും അതിൽ നിന്ന് മുക്തി നേടാൻ സ്വീകരിച്ച വേറിട്ട മാർഗങ്ങളും തുറന്നുപറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. അപ്രതീക്ഷിതമായി 99.6 കിലോ വരെ ഭാരം കൂടിയതും തുടർന്ന് നടത്തിയ കൃത്യമായ ജീവിതശൈലി മാറ്റങ്ങളുമാണ് ഈ വമ്പൻ മേക്ക്ഓവറിന് പിന്നിലെന്ന് ഖുശ്ബു വ്യക്തമാക്കുന്നു.
‘അണ്ണാത്തെ’ എന്ന സിനിമയുടെ ഡബ്ബിങ് സമയത്ത് സ്‌ക്രീനിൽ സ്വന്തം ചിത്രം കണ്ടതാണ് ജീവിതത്തിലെ പ്രധാന വഴിത്തിരിവായതെന്ന് ഖുശ്ബു ഓർത്തെടുക്കുന്നു. ഭാരം കൂടിയതോടെ അതിഭീകരമായ മുട്ടുവേദന അനുഭവപ്പെടുകയും പലതവണ ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടി വരികയും ചെയ്തിരുന്നു. ഷൂട്ടിങ് തിരക്കുകൾ കാരണം കൃത്യമായ വിശ്രമം ലഭിക്കാതെ വന്നതോടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായി. ഒടുവിൽ, തടി കുറയ്ക്കുകയല്ലാതെ വേദനയ്ക്ക് മറ്റ് പരിഹാരമില്ലെന്ന ഡോക്ടറുടെ നിർണ്ണായക നിർദ്ദേശമാണ് മാറ്റത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ താരത്തെ പ്രേരിപ്പിച്ചത്.
തുടക്കത്തിൽ ജിമ്മും പൊതുവായ ഡയറ്റുകളും പരീക്ഷിച്ചെങ്കിലും അവയൊന്നും ദീർഘകാലം തുടരാൻ കഴിഞ്ഞില്ല. പിന്നീട്, രുചിക്കായല്ല വിശപ്പിന് വേണ്ടി മാത്രമാണ് ഭക്ഷണം കഴിക്കേണ്ടതെന്ന തിരിച്ചറിവോടെ ജാപ്പനീസ് ഭക്ഷണരീതി പിന്തുടരാൻ തീരുമാനിക്കുകയായിരുന്നു. വലിയ പ്ലേറ്റിൽ നിറയെ ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ ബൗളുകളിൽ കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കാൻ തുടങ്ങി. പ്രോട്ടീൻ ധാരാളമായി അടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുത്തുകയും ഗ്ലൂട്ടൻ അടങ്ങിയ ആട്ട, മൈദ, ബിസ്കറ്റ്, ബാർലി എന്നിവ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തതോടെ ശരീരത്തിലെ ഇൻഫ്ലമേഷൻ കുറഞ്ഞു. ജിമ്മിലെ കഠിന വ്യായാമങ്ങളേക്കാൾ ദിനചര്യയുടെ ഭാഗമായുള്ള നടപ്പിനാണ് താരം മുൻഗണന നൽകിയത്.
കോവിഡ് ലോക്ക്ഡൗൺ കാലമാണ് ഈ യാത്രയെ കൂടുതൽ വേഗത്തിലാക്കിയത്. വീട്ടുജോലിക്കാർ ആരുമില്ലാതിരുന്ന ആ സമയത്ത്, എട്ടായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്വന്തം വീട് സ്വയം അടിച്ചുവാരി വൃത്തിയാക്കുകയും തുടയ്ക്കുകയും ചെയ്തു. വാഷിങ് മെഷീൻ കേടായതോടെ എല്ലാ ജോലികളും തനിച്ച് ചെയ്യേണ്ടി വന്നത് മികച്ചൊരു വർക്കൗട്ടായി മാറുകയായിരുന്നു. കൃത്യമായ ഭക്ഷണക്രമീകരണവും ദിനംപ്രതിയുള്ള ശാരീരിക അധ്വാനവുമാണ് ആരോഗ്യവും സൗന്ദര്യവും ഒരുപോലെ വീണ്ടെടുക്കാൻ സഹായിച്ചതെന്ന് ഖുശ്ബു കൂട്ടിച്ചേർക്കുന്നു.