
മാധ്യമങ്ങളുടെ മുന്നിൽ പതറിനിന്ന നിമിഷത്തിൽ തനിക്ക് ധൈര്യമായത് സഹോദരൻ പ്രണവ് മോഹൻലാലിന്റെ സാമിപ്യമാണെന്ന് വിസ്മയ മോഹൻലാൽ. ആദ്യ ചിത്രത്തിന്റെ ആദ്യപ്രദർശനത്തിനിടെ തിയേറ്ററിൽ വെച്ച് മാധ്യമങ്ങൾ പ്രതികരണത്തിനായി വളഞ്ഞപ്പോൾ പരിഭ്രമിച്ച താൻ പിന്നിലേക്ക് നോക്കിയതും, “ധൈര്യമായി മുന്നോട്ട് പോകൂ” എന്ന് പ്രണവ് ആംഗ്യം കാണിച്ചതാണ് തനിക്ക് ആത്മവിശ്വാസം നൽകിയതെന്ന് വിസ്മയ തുറന്നുപറഞ്ഞു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായ ആ നിമിഷത്തിന് പിന്നിലെ ചേട്ടൻ-അനിയത്തി ബന്ധത്തെക്കുറിച്ച് വിസ്മയ മനസ്സുതുറന്നത്. അഭിനയരംഗത്തേക്ക് വരാൻ തീരുമാനിച്ച ഘട്ടത്തിലും പ്രണവായിരുന്നു തനിക്ക് ഏറ്റവും വലിയ പ്രോത്സാഹനം നൽകിയതെന്നും താരം കൂട്ടിച്ചേർത്തു.
സ്വന്തം സിനിമകളുടെ പ്രചാരണ പരിപാടികളിൽ നിന്നുപോലും മാറിനിൽക്കുന്ന പ്രണവ്, അനിയത്തിയുടെ ആദ്യ ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ തിയേറ്ററിലെത്തിയത് ആരാധകർക്കും വലിയ സർപ്രൈസായിരുന്നു. പ്രൊമോഷൻ വേദികളിൽ മാതാപിതാക്കളായ മോഹൻലാലും സുചിത്രയും സജീവമായി ഒപ്പമുണ്ടായിരുന്നെങ്കിലും, തിയേറ്ററിൽ പ്രണവ് നൽകിയ ഈ നിശബ്ദ പിന്തുണയാണ് വിസ്മയയ്ക്ക് ക്യാമറകൾക്ക് മുന്നിൽ വലിയ കരുത്തായത്.
അതേസമയം, വിസ്മയയുടെ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് നടത്തുന്നത്. ആദ്യ മൂന്ന് ദിനം കൊണ്ടുതന്നെ 23 കോടിയിലധികം രൂപ വാരിയ ചിത്രം, വിസ്മയയുടെ തകർപ്പൻ ആക്ഷൻ രംഗങ്ങളാൽ തിയേറ്ററുകളിൽ വലിയ കയ്യടി നേടുന്നുണ്ട്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഡിയസ് ഈറ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ശേഷം പ്രണവ് പുതിയ സിനിമകളിലേക്ക് കടക്കാനിരിക്കെ, സഹോദരങ്ങൾ തമ്മിലുള്ള ഈ ആത്മബന്ധത്തിന്റെ ദൃശ്യങ്ങൾ ആരാധകർക്കിടയിലും വലിയ തരംഗമായി മാറിയിരിക്കുകയാണ്.