“25 വർഷങ്ങൾക്കിപ്പുറം വല്യേട്ടനില്ലാതെ കൈരളിയുടെ ഓണാഘോഷം”; പൊട്ടിക്കരഞ്ഞ് സോഷ്യൽ മീഡിയ

','

' ); } ?>

കൈരളി ടി.വിയിലെ 25 വർഷത്തെ ടെലികാസ്റ്റ് അവകാശം പൂർത്തിയാക്കി മമ്മൂട്ടി ചിത്രം വല്യേട്ടൻ. അവകാശം പൂർത്തിയായതോടെ കാൽനൂറ്റാണ്ടുകാലത്തെ പതിവ് തെറ്റിച്ച് ഇത്തവണത്തെ ഓണത്തിന് ‘വല്യേട്ടൻ’ മിനിസ്‌ക്രീനിലേക്ക് എത്തില്ലെന്നാണ് റിപ്പോർട്ട്. ഓണനാളുകളിൽ മലയാളി വീടുകളിലേക്ക് മാധവനുണ്ണിയും അനിയന്മാരും വെള്ളക്കാറിൽ വന്നിറങ്ങുന്ന കാഴ്ച ഇത്തവണ ഉണ്ടാകില്ലെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

2000-ൽ തിയേറ്ററുകളിലെത്തിയ ചിത്രം റിലീസ് ചെയ്ത കാലം തൊട്ട് കൈരളി ടി.വിയിലാണ് സംപ്രേഷണം ചെയ്തുപോന്നത്. ചിത്രത്തിന്റെ 25 വർഷത്തെ പ്രക്ഷേപണ കരാർ കാലയളവ് പൂർത്തിയായതാണ് ഇത്തവണത്തെ ഓണം ലൈനപ്പിൽ നിന്ന് സിനിമ ഒഴിവാകാൻ പ്രധാന കാരണം. അണിയറപ്രവർത്തകരുടെയോ ചാനലിന്റെയോ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ലെങ്കിലും കാൽനൂറ്റാണ്ട് തികഞ്ഞ പ്രക്ഷേപണ അവകാശം അവസാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

തുടർച്ചയായി 25 വർഷം ഓണത്തിനും ക്രിസ്മസിനും കൈരളിയിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രം ഇനി ചാനലിൽ ഉണ്ടാകില്ലെന്ന വാർ‌ത്ത മലയാളി പ്രേക്ഷകർക്കിടയിൽ വലിയ നിരാശ സൃഷ്ടിച്ചിട്ടുണ്ട്. ‘ഓണത്തിന് മാവേലി വന്നില്ലെങ്കിലും വല്യേട്ടൻ വരും’ എന്ന ശീലത്തിനാണ് ഇതോടെ വിരാമമാകുന്നത്. ഒരു തലമുറയുടെ തന്നെ ആഘോഷ ഓർമ്മകളുമായി ചേർന്നുനിൽക്കുന്ന സിനിമ ഇനി സംപ്രേഷണം ചെയ്യില്ലെന്നത് വലിയൊരു ശൂന്യതയാണെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ പ്രതികരണങ്ങൾ.

മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച മാസ്-കുടുംബചിത്രങ്ങളിലൊന്നായ ‘വല്യേട്ടൻ’ ഷാജി കൈലാസ്-രഞ്ജിത്ത് കൂട്ടുകെട്ടിലാണ് പിറന്നത്. അറക്കൽ മാധവനുണ്ണി എന്ന കൾട്ട് കഥാപാത്രത്തെ മമ്മൂട്ടി തകർത്തഭിനയിച്ച ചിത്രത്തിൽ ശോഭന, സിദ്ധിഖ്, മനോജ് കെ. ജയൻ, സുധീഷ്, വിജയകുമാർ, കലാഭവൻ മണി, സായ് കുമാർ എന്നിവരടങ്ങുന്ന വൻ താരനിരയും അണിനിരന്നിരുന്നു.