
കന്നഡ താരം ദർശൻ പ്രതിയായ രേണുകസ്വാമി വധക്കേസിൽ അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും കൂടുതൽ ശക്തിപകരുന്ന നിർണായക വഴിത്തിരിവ്. കേസിലെ പതിനാലാം പ്രതിയും ദർശന്റെ അടുത്ത സഹായിയുമായ പ്രദോഷ് (പ്രദോഷ് റാവു) നൽകിയ മാപ്പുസാക്ഷി അപേക്ഷയിലാണ് നടന്റെ നേരിട്ടുള്ള പങ്കാളിത്തം വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കേസിലെ വിവരങ്ങൾ പൂർണമായി വെളിപ്പെടുത്താൻ തയ്യാറാണെന്ന് കാട്ടി സമർപ്പിച്ച ഈ ഹർജിയിൽ ബെംഗളൂരുവിലെ 59-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി വാദം കേൾക്കൽ പൂർത്തിയാക്കി വിധി പറയാനായി മാറ്റി.
നടിയും ദർശന്റെ പങ്കാളിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശമയച്ചതിനാണ് ആരാധകനായ രേണുകസ്വാമിയെ കിഡ്നാപ്പ് ചെയ്ത് പട്ടണഗരെയിലെ ഷെഡിലെത്തിച്ചത്. അവിടെവെച്ച് ദർശൻ നേരിട്ട് രേണുകസ്വാമിയെ ചോദ്യം ചെയ്യുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ആക്രമണത്തിൽ രേണുകസ്വാമിയുടെ തലയിൽനിന്ന് രക്തമൊഴുകിയപ്പോൾ, പവിത്ര ഗൗഡയോട് അയാളെ ചെരിപ്പുകൊണ്ട് അടിക്കാൻ ദർശൻ ആവശ്യപ്പെട്ടതായി പ്രദോഷ് ഹർജിയിൽ വെളിപ്പെടുത്തുന്നു.
തുടർന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റി അടിവസ്ത്രം മാത്രമാക്കിയ നിലയിലാണ് മറ്റ് പ്രതികൾ രേണുകസ്വാമിയെ ആക്രമിച്ചത്. നന്ദീഷ്, പവൻ, നാഗരാജ് എന്നിവർ മരവടികളും നൈലോൺ കയറുകളും ഉപയോഗിച്ച് മർദനം തുടർന്നു. ഒരു ഘട്ടത്തിൽ ടാറ്റാ ഏസ് വാഹനത്തിൽ രേണുകസ്വാമിയെ കെട്ടിത്തൂക്കാനും ശ്രമമുണ്ടായി. തുടർച്ചയായ ആക്രമണം ജീവന് അപകടമാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പ്രതികൾ അത് ഗൗനിച്ചില്ല. ഒടുവിൽ ഭക്ഷണവും വെള്ളവും നൽകിയ ശേഷവും ദർശൻ രേണുകസ്വാമിയുടെ കഴുത്തിലും നെഞ്ചിലും ക്രൂരമായി ചവിട്ടുകയും ഇതോടെ അയാൾ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു.
മരണം സംഭവിച്ചതോടെ തെളിവ് നശിപ്പിക്കാനും സംഭവം സാമ്പത്തിക തർക്കമായി തിരിച്ചുവിട്ട് വ്യാജ കഥ ചമയ്ക്കാനും ദർശൻ ലക്ഷക്കണക്കിന് രൂപ പ്രതികൾക്ക് നൽകിയെന്നും പ്രദോഷ് മൊഴി നൽകിയിട്ടുണ്ട്. ഇതിനുശേഷമാണ് മൃതദേഹം സുമനഹള്ളിക്കടുത്ത് ഡ്രെയിനേജിൽ തള്ളിയത്. നിലവിൽ ദർശനിൽ നിന്നും മറ്റ് സംഘാംഗങ്ങളിൽ നിന്നും വധഭീഷണിയുള്ളതിനാൽ തനിക്ക് പ്രത്യേക സംരക്ഷണം നൽകണമെന്ന ഹർജിയും പ്രദോഷ് നൽകിയിട്ടുണ്ട്. കോടതി ഈ മാപ്പപേക്ഷ അംഗീകരിച്ച് പ്രദോഷിനെ മാപ്പുസാക്ഷിയാക്കിയാൽ, വിചാരണവേളയിൽ ദർശന് അത് കടുത്ത നിയമക്കുരുക്കായി മാറും.