“മോഹൻലാലിനൊപ്പം അഭിനയിക്കാൻ യോഗ്യനാകുമെന്ന് കരുതുന്നു”; ജൂഡിന്റെ പോസ്റ്റിന് താഴെ ആഗ്രഹം പറഞ്ഞ് ആയുഷ്മാൻ ഖുറാന

','

' ); } ?>

മോഹൻലാൽ ഇന്ത്യൻ സിനിമയിലെ ഇതിഹാസമാണെന്നും അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ യോഗ്യനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന. സംവിധായകൻ ജൂഡ് ആന്തണി പങ്കുവെച്ച ചിത്രത്തിന് കമന്റു രൂപത്തിലാണ് താരം തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. മോഹൻലാലും ആയുഷ്മാനും ഒന്നിക്കാനിരുന്ന ബോളിവുഡ് ചിത്രം മുടങ്ങിയതുമായി ബന്ധപ്പെട്ട ജൂഡിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തന്റെ സോഷ്യൽ മീഡിയ പേജിൽ ജൂഡ് ആയുഷിനൊപ്പമുളള ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിനു താഴെയാണ് ആയുഷ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ വെളിപ്പെടുത്തലുകൾക്ക് വ്യക്തത വരുത്തുന്ന രീതിയിലായിരുന്നു ജൂഡിന്റെ കുറിപ്പ്.

ബോളിവുഡ് നിർമാതാക്കളുമായുള്ള അഭിപ്രായവ്യത്യാസം മൂലമാണ് സിനിമ വേണ്ടെന്നുവെച്ചതെന്നും അതിൽ ആയുഷ്മാന് യാതൊരു പങ്കുമില്ലെന്നും ജൂഡ് കുറിച്ചു. ലാൽ സാറിനെ ഉൾപ്പെടുത്തിയുള്ള തിരക്കഥയിൽ ആയുഷ്മാൻ ഏറെ സന്തോഷവാനായിരുന്നുവെങ്കിലും നിർഭാഗ്യവശാൽ പ്രോജക്റ്റ് നടപ്പായില്ലെന്നും, വ്യക്തിപരമായി തങ്ങൾ തമ്മിൽ വലിയ ബഹുമാനമാണുള്ളതെന്നും ജൂഡ് വ്യക്തമാക്കി.

നേരത്തെ, മാതൃഭൂമി ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഈ സിനിമ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം ജൂഡ് വെളിപ്പെടുത്തിയത്. ആയുഷ്മാൻ ഖുറാന നായകനാകുന്ന ചിത്രത്തിൽ മോഹൻലാലിന് പ്രധാനപ്പെട്ട ഒരു വേഷമുണ്ടായിരുന്നു. എന്നാൽ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ, നിർമാതാക്കൾ അയച്ച ഇ-മെയിലിൽ മോഹൻലാലിന്റെ കഥാപാത്രത്തെ ‘സെക്കൻഡറി കാസ്റ്റിങ്’ എന്ന് വിശേഷിപ്പിക്കുകയായിരുന്നു. ഇന്ത്യൻ സിനിമയിലെത്തന്നെ ഏറ്റവും മഹാനായ ഒരു നടനെ ഇത്തരം വാക്കുകളിലൂടെ അപമാനിച്ചതിൽ പ്രതിഷേധിച്ച് ജൂഡ് പ്രോജക്റ്റിൽ നിന്ന് പിന്മാറി. തുടർന്ന് നിയമപോരാട്ടങ്ങൾക്കൊടുവിൽ വാങ്ങിയ അഡ്വാൻസ് തുക തിരിച്ചുകൊടുക്കുകയും, എൻ.ഡി.എ (നോൺ ഡിസ്ക്ലോഷർ എഗ്രിമെന്റ്) ഒപ്പുവെച്ചുമാണ് ജൂഡ് ആ ബോളിവുഡ് ചിത്രവുമായുള്ള കരാർ പൂർണ്ണമായും റദ്ദാക്കിയത്.