നടി ലക്ഷ്മിയെ വഞ്ചിച്ചു, പോയസ് ഗാർഡനിലെ വീട് തട്ടിയെടുത്തു: മോഹൻ ശർമയോട് സിമ്പതി വേണ്ടെന്ന് നടി

','

' ); } ?>

മുതിർന്ന നടനും നിർമാതാവുമായ മോഹൻ ശർമ സാമ്പത്തിക പ്രതിസന്ധി മൂലം വൃദ്ധസദനത്തിൽ അഭയം പ്രാപിച്ചെന്ന വാർത്തകൾക്ക് പിന്നാലെ, അദ്ദേഹത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി നടി കുട്ടി പദ്മിനി. ജനങ്ങളുടെ സഹതാപമോ സർക്കാരിന്റെ സാമ്പത്തിക സഹായമോ അർഹിക്കുന്ന വ്യക്തിയല്ല മോഹൻ ശർമയെന്നും, തൻ്റെ മുൻഭാര്യമാരെ ക്രൂരമായി വഞ്ചിച്ചതിന്റെയും സാമ്പത്തികമായി ചൂഷണം ചെയ്തതിന്റെയും ഫലമാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്നും കുട്ടി പദ്മിനി തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.

തെന്നിന്ത്യൻ ഫിലിം ചേംബർ തനിക്ക് ഒരുവിധ സഹായവും നൽകിയിട്ടില്ലെന്ന മോഹൻ ശർമയുടെ വാദം തെറ്റാണെന്ന് കുട്ടി പദ്മിനി വ്യക്തമാക്കുന്നു. വർഷങ്ങളോളം ചേംബർ എക്സിക്യൂട്ടീവ് അംഗമായിരുന്ന തൻ്റെ കൈവശം, കഴിഞ്ഞ വർഷം ചേംബർ അദ്ദേഹത്തിന് നൽകിയ രണ്ട് ലക്ഷം രൂപയുടെ ധനസഹായ രസീത് അടക്കമുണ്ടെന്ന് അവർ വെളിപ്പെടുത്തി. ചേംബറിനെതിരെയും സിനിമാ മേഖലയ്ക്കെതിരെയും അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്നാണ് കുട്ടി പദ്മിനിയുടെ പക്ഷം.

ചെന്നൈ പോയസ് ഗാർഡനിലെ വീട് നഷ്ടപ്പെട്ടതിനെക്കുറിച്ച് മോഹൻ ശർമ നടത്തുന്ന വികാരഭരിതമായ പ്രതികരണങ്ങളുടെ യഥാർത്ഥ വശവും കുട്ടി പദ്മിനി പുറത്തുവിട്ടു. മുൻഭാര്യയും പ്രശസ്ത നടിയുമായ ലക്ഷ്മി പോയസ് ഗാർഡനിൽ വീട് വാങ്ങാനായി അന്ന് നൽകിയ അഞ്ചര ലക്ഷം രൂപ (ഇന്നത്തെ മൂല്യത്തിൽ ഏകദേശം അഞ്ച് കോടി രൂപ) മോഹൻ ശർമ തട്ടിയെടുക്കുകയായിരുന്നു. വീട് മറ്റൊരാൾ വാങ്ങിയെന്ന് പറഞ്ഞ് ലക്ഷ്മിയെ വിശ്വസിപ്പിച്ച അയാൾ, വിവാഹമോചനത്തിന് ശേഷം അതേ പോയസ് ഗാർഡനിലെ വീട്ടിലേക്ക് മാറിത്താമസിക്കുകയാണുണ്ടായത്.

ലക്ഷ്മിയുമായുള്ള ബന്ധവും തുടർന്നുള്ള രണ്ടാം വിവാഹവും വേർപിരിഞ്ഞ ശേഷം, ഭരതനാട്യം നർത്തകിയായ ശാന്തിയെയാണ് മോഹൻ ശർമ വിവാഹം കഴിച്ചത്. ശാന്തിയുടെ മാതാപിതാക്കളുടെ മരണശേഷം, സിനിമ നിർമിക്കാനെന്ന പേരിൽ ശാന്തിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച് എഗ്‌മോറിലുള്ള അവരുടെ വലിയ തറവാട്ടു വീട് സ്വന്തം പേരിലാക്കി വിറ്റുതുലച്ചു. നിലവിൽ വലിയ കടബാധ്യതകൾ വരുത്തിവെച്ചതിനെ തുടർന്ന് ശാന്തി ഇയാൾക്കെതിരെ വിവാഹമോചന കേസ് ഫയൽ ചെയ്തിരിക്കുകയാണ്. സ്വന്തം പ്രവൃത്തികൾ കൊണ്ട് തകർച്ച വഴങ്ങിവാങ്ങിയ ഒരാളെ വീണ്ടും ന്യായീകരിക്കേണ്ടതില്ലെന്നാണ് കുട്ടി പദ്മിനിയുടെ നിലപാട്.